വത്തിക്കാന്‍ സിറ്റി: കൂദാശവചനങ്ങള്‍ മാറ്റുവാനും പരിഭാഷപ്പെടുത്താനും ആര്‍ക്കും അധികാരമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്റെ പ്രിഫെക്ട് കര്‍ദിനാള്‍ ലൂയി ലെദാരിയാ വിജ്ഞാപനം പുറപ്പെടുവിച്ചു.കുട്ടിയുടെ പിതാവിന്റെയും മാതാവിന്റെയും ജ്ഞാനസ്നാനപിതാവിന്റെയും മാതാവിന്റെയും മുത്തച്ഛന്റെയും മുത്തശ്ശിയുടെയും കുടുംബാംഗങ്ങളുടെയും പേരിലും സമൂഹത്തിന്റെ പേരിലും പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ നിന്നെ ഞങ്ങള്‍ സ്നാനപ്പെടുത്തുന്നു എന്ന രീതിയില്‍ സ്വതന്ത്രമായി പരിഷ്ക്കരിച്ച് പ്രസിദ്ധപ്പെടുത്തിയ കൂദാശവചനങ്ങളുളള ജ്ഞാനസ്നാന തിരുക്കര്‍മ്മത്തിനുള്ള പ്രതികള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് വത്തിക്കാന്‍ ഇതു സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്.
പാരമ്പര്യത്തിലൂടെ കൈമാറിയ കൂദാശവചനങ്ങള്ക്ക് മാമ്മോദീസായുടെ കാര്യത്തില്‍ മാത്രമല്ല മറ്റ് കൂദാശകളുടെ കാര്യത്തിലും പകരം മറ്റൊന്ന് കണ്ടെത്തുന്ന അജപാലനപമായ ഇത്തരം പ്രലോഭനത്തെ ദൂരീകരിക്കാന്‍ കൂദാശാവചനങ്ങളുടെ വ്യക്തമായ വിവരണം വിജ്ഞാപനത്തിലൂടെ പുതുതായി നല്‍കുകയും ചെയ്തിട്ടുണ്ട്. കൂദാശ പരികര്മ്മങ്ങള് സ്വകാര്യ ആഘോഷങ്ങളല്ല മറിച്ച് സഭയുടെ ആഘോഷങ്ങളാണ്. അത് ഐക്യത്തിന്റെയും കൂട്ടായ്മയുടെയും കൂദാശയാണ്. വിജ്ഞാപനത്തില്‍ പറയുന്നു.