എന്‍റെ ജോണ്‍പോള്‍

അങ്ങനെയാണ് ജോണ്‍പോള്‍ രണ്ടാമനോട് ഞങ്ങള്‍ പ്രാര്‍ത്ഥിച്ചുതുടങ്ങിയത്. ഭാര്യ ഗര്‍ഭിണിയായിരിക്കുന്ന സമയത്താണ് ആരോ പറയുന്നവിധം ആദ്യമായി ഞാന്‍ ആ സ്വരം കേട്ടത്. ‘ജോണ്‍പോള്‍ രണ്ടാമനോട് മാധ്യസ്ഥം അപേക്ഷിക്കുക.’

ആദ്യമാത്രയില്‍ എന്തുകൊണ്ടോ ഞാനത് ഗൗനിച്ചില്ല. പക്ഷേ പിന്നെയും ആ സ്വരം ഞാന്‍ കേട്ടു. ‘ജോണ്‍പോള്‍ രണ്ടാമനോട് മാധ്യസ്ഥം അപേക്ഷിക്കുക.’ ഇപ്പോഴത് എനിക്ക് തള്ളിക്കളയാന്‍ തോന്നിയില്ല. എനിക്ക്, ഞങ്ങള്‍ക്ക്, ഞങ്ങളുടെ കുഞ്ഞിന് ജോണ്‍പോളിന്റെ മാധ്യസ്ഥം ആവശ്യമുണ്ട്. ആ പ്രാര്‍ത്ഥനയിലൂടെ ഞങ്ങള്‍ക്കു വേണ്ടി മാധ്യസ്ഥം അപേക്ഷിക്കാന്‍ ജോണ്‍പോള്‍ തയ്യാറാണ്. ആ മാധ്യസ്ഥത്തിലൂടെ ഞങ്ങള്‍ അനുഗ്രഹിക്കപ്പെടുകയും ആശീര്‍വദിക്കപ്പെടുകയും ചെയ്യും. പക്ഷേ ഞങ്ങള്‍ പ്രാര്‍ത്ഥിക്കണം.

അങ്ങനെയാണ് ഞങ്ങളുടെ സന്ധ്യാപ്രാര്‍ത്ഥനകളില്‍ ജോണ്‍പോള്‍ രണ്ടാമന്‍ ഇടം തേടിയത്. പ്രസവവുമായി ബന്ധപ്പെട്ട് പല സങ്കീര്‍ണ്ണതകള്‍ ഉണ്ടായിരുന്നുവെങ്കിലും അതിനെയെല്ലാം അതിജീവിച്ച് അമ്മയും കുഞ്ഞും പൂര്‍ണ്ണാരോഗ്യവാരായി ലഭിക്കുവാന്‍ കാരണമായ പ്രാര്‍ത്ഥനകള്‍ക്ക് പിന്നില്‍ ജോണ്‍പോളിന്റെ മാധ്യസ്ഥവുമുണ്ടെന്ന് എനിക്കുറപ്പുണ്ട്.

വിശുദ്ധരെ വണങ്ങുകയും അവര്‍ക്ക് ആദരം അര്‍പ്പിക്കുകയും ചെയ്യുന്ന കത്തോലിക്കാസഭയുടെ പാരമ്പര്യത്തെ ഇത്രയധികം പരിപോഷിപ്പിച്ച മറ്റൊരു മാര്‍പാപ്പയുമില്ല. മാര്‍പാപ്പമാരുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിശുദ്ധപ്രഖ്യാപനം നടത്തിയ വ്യക്തി എന്ന ഖ്യാതിയുമുണ്ടല്ലോ ജോണ്‍പോളിന്. അനേകം വ്യക്തികളെ വിശുദ്ധരും വാഴ്ത്തപ്പെട്ടവരുമായി പ്രഖ്യാപിക്കുന്നതില്‍ ജോണ്‍ പോള്‍ കാണിച്ച ആവേശം ഏതൊരാളെയും അത്ഭുതപ്പെടുത്തും. എന്തുകൊണ്ടായിരിക്കാം അങ്ങനെ സംഭവിച്ചതെന്ന് ഞാന്‍ വെറുതെ ചിന്തിച്ചു. ‘ജോണ്‍പോളിന്റെ വിശുദ്ധര്‍’ എന്ന പരമ്പര ചെയ്യുമ്പോള്‍ എനിക്ക് തോന്നിയത് ഇതാണ്.

വിശുദ്ധരെക്കൊണ്ട് സ്വര്‍ഗ്ഗം നിറയ്ക്കുക എന്ന നിലപാടാണ് ജോണ്‍പോള്‍ സ്വീകരിച്ചത്. എന്റെ സ്വഭാവ പ്രത്യേകതകളും എന്റെ ജീവിതശൈലികളുമുള്ള ഒരാളെ ഞാന്‍ പിന്തുണയ്ക്കുകയും അങ്ങനെയുള്ളവരൊത്ത് സഹവസിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നതുപോലെ, സ്വര്‍ഗ്ഗത്തിലെ വിശുദ്ധഗണത്തില്‍ അംഗസംഖ്യവര്‍ദ്ധിപ്പിച്ചതിലൂടെ മരിച്ച് താന്‍ അവിടെ ചെല്ലുമ്പോള്‍ അവിടെങ്ങും വിശുദ്ധരായിരിക്കണമെന്ന് ജോണ്‍പോള്‍ ആഗ്രഹിച്ചു.

ആ വിശുദ്ധര്‍ക്കൊപ്പം കഴിയാന്‍… അവര്‍ക്കൊപ്പം ദൈവത്തെ സ്തുതിക്കാന്‍..
ഒരു കൊളാഷ് പോലെയാണ് അദ്ദേഹം ഉയര്‍ത്തിയ വിശുദ്ധചരിതങ്ങള്‍ എനിക്കനുഭവപ്പെട്ടത്. വ്യത്യസ്തമായ ജീവിതങ്ങള്‍… വൈവിധ്യമുള്ള ആത്മീയപരിസരം.. എന്നിട്ടും വിശുദ്ധിയുടെ പൊന്‍നൂലിഴയില്‍ അവരെല്ലാം ഒന്നുപോലെ കോര്‍ക്കപ്പെട്ടു. അങ്ങനെയൊരു വിശുദ്ധമാല്യമാണ് ജോണ്‍പോള്‍ കത്തോലിക്കാസഭയ്ക്ക് സമ്മാനിച്ചത്.

ഒരുപക്ഷേ ആ വിശുദ്ധരുടെ പ്രത്യേക ശുപാര്‍ശ കൊണ്ടുകൂടിയായിരിക്കാം ജോണ്‍പോളിനെ ഇത്രവേഗം വാഴ്ത്തപ്പെട്ടവനാക്കാന്‍ ദൈവം കരുക്കള്‍ നീക്കിയതും. കാരണം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മരണമടഞ്ഞ്, ധന്യരും വാഴ്ത്തപ്പെട്ടവരുമായി മാത്രം ഒതുക്കിനിര്‍ത്തിയിരുന്ന എത്രയെത്രപേരെയാണ് വിശുദ്ധപദവി നല്കിക്കൊണ്ട് അള്‍ത്താരയിലേക്ക് അദ്ദേഹം ഉയര്‍ത്തിയത്. ജോണ്‍ പോള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ അവരൊന്നും അള്‍ത്താരയില്‍ വണങ്ങപ്പെടുമായിരുന്നില്ല. അവരൊന്നും ഓര്‍മ്മിക്കപ്പെടുകപോലുമില്ലായിരുന്നിരിക്കാം. മറ്റുള്ളവരെ ആദരിക്കുന്ന ജോണ്‍പോളിന്റെ വ്യക്തിമാഹാത്മ്യം കൊണ്ടുകൂടിയാവാം അദ്ദേഹം അങ്ങനെ ചെയ്തത്.

ഗര്‍ഭിണികളായ സ്ത്രീകളെ കാണുമ്പോള്‍ ഉദരത്തിലുള്ള കുഞ്ഞിനെ, ആ ശിശു ഭാവിയില്‍ ആരായിത്തീരുമെന്നോര്‍ത്ത് അഭിവാദനം ചെയ്യുന്നവനായിരുന്നു ജോണ്‍പോള്‍ എന്ന് വായിച്ചിട്ടുണ്ട്. മറ്റുള്ളവരെ ആദരിക്കുന്നവരെ ദൈവത്തിനും ആദരിക്കാതിരിക്കാനാവില്ലായെന്ന് ഒരിക്കല്‍ക്കൂടി പറയാന്‍ തോന്നുന്നു.

നാം ജീവിക്കുന്ന ഈ കാലം ഏറെ അനുഗ്രഹമുള്ള, അനുഗ്രഹിക്കപ്പെട്ട ഒന്നാണെന്നാണ് തോന്നുന്നത്. കാരണം വിശുദ്ധരെന്ന് ജീവിതകാലത്ത് പരക്കെ അംഗീകരിക്കപ്പെട്ട ജോണ്‍പോളും മദര്‍ തെരേസയും ഒക്കെ ജീവിച്ച് മണ്‍മറഞ്ഞത് നമ്മള്‍ ജീവിച്ചിരിക്കുന്ന ഈ കാലത്തില്‍ നിന്നായിരുന്നുവല്ലോ? ഈ മണ്ണില്‍ ആ ധന്യപാദങ്ങള്‍ പതിഞ്ഞതുപോലും നമ്മുടെ പുണ്യമാണ്. തിന്മ വര്‍ദ്ധിക്കുമ്പോള്‍ അതിലേറെ ദൈവകൃപ വര്‍ഷിക്കപ്പെടുന്നു എന്ന തിരുവചനത്തെ അന്വര്‍ത്ഥമാക്കിക്കൊണ്ട് നന്മകളും സുകൃതങ്ങളും വഴി ജോണ്‍പോളും മദര്‍ തെരേസയും നമ്മുടെ മലീമസമായ സാഹചര്യങ്ങളെ സുഗന്ധപൂരിതമാക്കി. ആ സുഗന്ധമാകട്ടെ കാറ്റുകള്‍ക്ക് അപഹരിച്ചുകൊണ്ടുപോകാന്‍ കഴിഞ്ഞിട്ടുമില്ല.

വിവാഹത്തിന് സമ്മാനമായി കിട്ടിയവയുടെ കൂടെ ജോണ്‍ പോളിന്റെ തിരുശേഷിപ്പുമുണ്ടായിരുന്നു; അദ്ദേഹം ആശീര്‍വദിച്ച കൊന്തയും. മറ്റ് പല കൊന്തകള്‍ക്കിടയില്‍ ഏതാണ് ആ കൊന്തയെന്ന് തിരിച്ചറിയാന്‍ കഴിയാതെപോയെങ്കിലും തിരുശേഷിപ്പ് ഒരു നിധിപോലെ ഞാനെന്റെ പേഴ്‌സില്‍ കൊണ്ടുനടക്കുന്നുണ്ട്. അതെന്റെ സ്വകാര്യസമ്പാദ്യമാണ്. വിശേഷപ്പെട്ട ആ സമ്മാനം എനിക്കായി തന്നവളേ നിനക്ക് നന്ദി…

മേല്പ്പറഞ്ഞ സംഭവങ്ങളെ ഇപ്പോള്‍ അപഗ്രഥിച്ചുനോക്കുമ്പോള്‍ എനിക്ക് മനസ്സിലാവുന്നു, എന്റെ ജീവിതനിയോഗങ്ങള്‍ ക്കായി ദൈവം നല്കിയ പ്രത്യേക മാധ്യസ്ഥനാണ് ജോണ്‍പോ ളെന്ന്… എന്റെ പ്രിയപ്പെട്ട ജോണ്‍പോള്‍,

അങ്ങേയ്ക്ക് എന്റെ സ്‌നേഹചുംബനം…