വഴിയരികില്കാത്തു നില്ക്കുന്ന അത്ഭുതത്തിന്റെ പേരാണ് ജീവിതം. പ്രതീക്ഷിക്കുന്നതിനും അപ്പുറമായിട്ട് അതെന്തോ നമുക്കായികരുതിവയ്ക്കുന്നു.വിചാരിക്കാത്ത നേരത്തും അപ്രതീക്ഷിതമായ സമയത്തും ജീവിതത്തെ മുഴുവന്പിടിച്ചുകുലുക്കാനായി എവിടെയൊക്കെയോ അത് കരുക്കള്‍ നീക്കുന്നു. ആ കരുക്കളാണ് തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ്സ് കോളജിലെ ബിഎസ് സി വിദ്യാര്‍ത്ഥിയായ വര്‍ക്കിയെ ഫാ. വര്‍ക്കി വിതയത്തില്‍ സിഎസ്എസ് ആറും പിന്നീട് ബിഷപും ഒടുവില്‍ കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലും ആക്കിയത്.
തൃശ്ശിനാപ്പള്ളിയില്‍ വിദ്യാര്‍ത്ഥിയായിരിക്കുന്ന സമയത്താണ് ദൈവം തന്നെ അവിടുത്തെ മുന്തിരിത്തോപ്പിലേക്ക് വിളിക്കുന്നതായി വര്‍ക്കി അറിയുന്നത്. കോളജില്‍ നടന്ന ഒരു ധ്യാനമാണ് അതിന് നിമിത്തമായത് ധ്യാനപ്രസംഗങ്ങള്‍ ആത്മാവിന്റെ ആഴങ്ങളിലേക്ക് കടന്നുവന്നപ്പോള്‍ ഒരുപരിവര്ത്തനത്തിന്റെ കാറ്റിനായി ഉള്ള് ദാഹിക്കുന്നത് വര്‍ക്കി അറിഞ്ഞു.്ജീവിതം യൗവനതീക്ഷ്ണവും ഹൃദയംപ്രേമനിര്ഭരവുമായിരുന്ന ആ അസുലഭമുഹൂര്‍ത്തത്തില്‍ ജീവിതത്തെ പൊന്നുതമ്പുരാന്റെ കാല്ക്കല് കാണിക്കയായിവയ്ക്കുവാന് വര്‍ക്കി പിന്നെ മടിച്ചില്ല. അത് ധീരവും ശക്തവുമായ തീരുമാനമായിരുന്നു.
ലോകത്തിന്റെവഴികളിലൂടെ സഞ്ചരിച്ചിരുന്നെങ്കില്‍ വെട്ടിപ്പിടിക്കാനും അശ്വമേധം നടത്താനും വര്‍ക്കിയ്ക്ക് മുമ്പില്‍ അനേകം ഭൂമികകളുണ്ടായിരുന്നു. പിതാവ് ജസ്റ്റീസ് ജോസഫ് വിതയത്തിലിന്റെയും ത്രേസ്യാമ്മയുടെയും എട്ടുമക്കളില്‍ രണ്ടാമനായിരുന്നു വര്‍ക്കി. പിതാവിന്റെ വഴികളിലൂടെ സഞ്ചരിച്ച് നീതിപീഠത്തിന്റെ ഉത്തുംഗശൃംഗത്തില്‍ വിരാചിക്കുന്ന ഒരു നീതിപാലകനോ അങ്ങനെ പലവിധ സാധ്യതകളും വര്‍ക്കിയ്ക്ക് മുമ്പില്‍ അന്ന് ഉണ്ടായിരുന്നിരിക്കണം.
എന്നാല്‍ മനുഷ്യരെ വിധിക്കുന്ന മനുഷ്യനെയും വിധിക്കുന്ന ദൈവമെന്ന വലിയ ജഡ്ജിയുടെ സേവകനായിത്തീരുവാനാണ് വര്‍ക്കി സന്നദ്ധത പ്രകടിപ്പിച്ചത്.
പ്രാര്‍ത്ഥനകള്‍ കേട്ടും പ്രാര്‍ത്ഥനകള്‍ ചൊല്ലിയും വളര്‍ന്നുവന്ന കുടുംബസാഹചര്യമായിരുന്നു കുഞ്ഞുവര്ക്കിയുടേത്. അമ്മയും അപ്പനും ചൊല്ലിയിരുന്ന പ്രാര്‍ത്ഥനകള്‍ കേട്ടാണ്ആ ബാല്യം പിച്ചവച്ചതുംവളര്തും. അബോധപൂര്‍വ്വമായിട്ടെങ്കിലും ഉള്ളില്കടന്നുകൂടിയ ഇത്തരം സ്വാധീനങ്ങള്‍ വര്‍ക്കിയുടെ പില്ക്കാല ജീവിതത്തെ രൂപപ്പെടുത്തുന്നതില്‍ ഒട്ടൊന്നുമല്ല സഹായിച്ചിട്ടുള്ളത്
വിശുദ്ധ ഇഗ്നേഷ്യസ് ലെയോള സ്ഥാപിച്ച ഈശോസഭയില്‍ ചേര്‍ന്ന് വൈദികനാകാനായിരുന്നു വര്‍ക്കിയുടെ ആദ്യ ആഗ്രഹം. യമനിയമാദികള്ക്ക് കര്ക്കശതയുള്ള ഒരുസഭയായിരിക്കണം തന്റേതെന്ന് തീരുമാനിച്ചതിന്റെ ഫലമായിരുന്നു അത്. ഭാവിയെക്കുറിച്ചുള്ള തീരുമാനം അപ്പനെ അറിയിച്ചപ്പോള്‍ അദ്ദേഹം മുന്നോട്ട് വച്ചത് മറ്റൊരു സാധ്യതയായിരുന്നു.
ദിവ്യരക്ഷകസഭയെക്കുറിച്ച്ചിന്തിച്ചോ?
ആ ചോദ്യം വര്‍ക്കിയുടെ തീരുമാനത്തെ പുതുക്കിപ്പണിതു. ദിവ്യരക്ഷകസഭയുടെ ഇന്ത്യയിലെ ആരംഭഘട്ടമായിരുന്നുവത്. അപ്പനില്‍ നിന്ന് കേട്ട ഈ നിര്‍ദ്ദേശം പ്രസ്തുത സഭയെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള അന്വേഷണങ്ങളിലേക്ക് വര്‍ക്കിയിലെ ജിജ്ഞാസകുതുകിയെ തിരിച്ചുവിട്ടു. അല്‍ഫോന്‍സസ് ലിഗോരി സ്ഥാപിച്ച ദിവ്യരക്ഷകസഭയെ അറിയുന്നതിനും സ്നേഹിക്കുന്നതിനുമായി ജസ്റ്റീസ് ജോസഫ് വിതയത്തില്‍ മകനെയും കൊണ്ട് ബാംഗ്ലൂര്‍ക്ക് യാത്രയായി. ആ യാത്ര വര്‍ക്കിയെ ദിവ്യരക്ഷകസഭയിലെത്തിച്ചു.
1947 ആഗസ്റ്റ് 2 ന് വര്‍ക്കി റിഡംപ്റ്ററിസ്റ്റ് സന്ന്യാസസമൂഹത്തില്‍ അംഗമായി. ലത്തീനിലായിരുന്നു വൈദികപഠനം മുഴുവന്‍.
1954 ജൂണ്‍ 12 ന് ബാംഗ്ലൂരില്‍ വച്ചായിരുന്നു വൈദികപട്ട സ്വീകരണം.
വൈദികപട്ടസ്വീകരണത്തിന്ശേഷം 1955 ല്‍ ഫാ. വര്‍ക്കി വിതയത്തില്‍ കാനന്‍ ലോ ഉപരിപഠനത്തിനായി റോമിലേക്ക് പോയി. ആ യാത്രയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. റോമില്‍ പഠിക്കാന്‍ പോകുന്ന ആദ്യ റിഡംപ്റ്ററിസ്റ്റ് എന്ന ബഹുമതിയായിരുന്നുവത്. സീറോ മലബാര്‍ സഭയെക്കുറിച്ചും അതിന്റെ ഹയരാര്ക്കിയെക്കുറിച്ചും പഠിക്കാനും വായിക്കാനും കിട്ടിയ അസുലഭവേളയാണ് റോം ഫാ.വര്‍ക്കിക്ക് സമ്മാനിച്ചത്. അതോടൊപ്പം അത് മറ്റൊന്നുകൂടി വര്ക്കിയച്ചന് സമ്മാനിച്ചു. ഡോക്ടറേറ്റിനുള്ള വിഷയം അന്വേഷിക്കുമ്പോള്‍ ഐറീഷുകാരനും ബാംഗ്ലൂരില്‍ അദ്ദേഹത്തിന്റെ പ്രിഫെക്ടുമായിരുന്ന ഫാദര്‍ ടോം മാഗ്നറുടെ നിങ്ങളുടെ സഭയെക്കുറിച്ച് തിസീസ് ചെയ്തുകൂടെ എന്ന ചോദ്യമാണ് ദ ഒറിജിന്‍ ആന്റ് പ്രോഗസ് ഓഫ് ദി സീറോ മലബാര്‍ ഹയരാര്‍ക്കി എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടാന്‍ കാരണമായത്.
പ്രബന്ധരചനയ്ക്കുവേണ്ടിയുള്ള ഗവേഷണനിരീക്ഷണങ്ങളും എഴുത്തുകളുംവായനകളും ഫാദര്‍ വര്‍ക്കിയിലെ സഭാസ്നേഹിയെ പാലൂട്ടിവളര്ത്തുകയായിരുന്നു. അതിനെക്കുറിച്ച് അദ്ദേഹം പിന്നീട് ഇങ്ങനെ എഴുതി. മാതൃസഭയെക്കുറിച്ച് കൂടുതല്‍ പഠിച്ചപ്പോഴാണ് എന്റെ സഭയെ ഞാന്‍ കൂടുതലായി സ്നേഹിച്ചത്. ഒത്തിരി കുറവുകളും പോരായ്മകളും ഉണ്ടെങ്കിലും തന്റെ മാതൃസഭയുടെ സന്തോഷത്തിന്റെയും ദു:ഖത്തിന്റെയും നിമിഷങ്ങളില്‍ അവളോടൊപ്പം നില്‍ക്കണമെന്ന ദൃഢനിശ്ചയം എടുക്കുവാനും അത് അദ്ദേഹത്തിന് പ്രചോദനമായി.
പ്രവചനപരതയെന്നോ ദീര്ഘവീക്ഷണമെന്നോ പറയാവുന്ന ചിലഘടകങ്ങള്‍ അദ്ദേഹത്തിന്റെ തിസീസിനുണ്ടായിരുന്നു. തിസീസിന്റെ അവസാനഭാഗത്ത് അദ്ദേഹം ഉന്നയിച്ച പലചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും കാലത്തിന്റെപൂര്ണ്ണതയില് ഉത്തരം കിട്ടിയതായി സഭ പിന്നീട് കണ്ടു. നമ്മുടെ സഭയ്ക്ക് വേണ്ടത് ഒരു പാത്രീയാര്ക്കീസിനെയാണോ അതോ മേജര്‍ ആര്‍ച്ച് ബിഷപിനെയോ അതോ മഫ്രിയാനോ എന്നായിരുന്നു ഫാ.വര്‍ക്കിയുടെ ചോദ്യം.
റോമിലേക്ക് അദ്ദേഹം പഠിക്കാന്‍ പോകുമ്പോള്‍ സീറോ മലബാര്‍ സഭയ്ക്ക് ആറുരൂപതകളേ ഉണ്ടായിരുന്നുള്ളൂ.
റോമില്‍ നിന്ന് മടങ്ങിയെത്തിയ ഫാ.വര്‍ക്കിവിതയത്തില്‍ ബാഗ്ലൂരിലെ റിഡംപ്റ്ററിസ്റ്റ് സെമിനാരിയില്‍ അധ്യാപകനായി ചേര്‍ന്നു. ഇരുപത്തിയഞ്ച് വര്‍ഷം അദ്ദേഹം അവിടെ അധ്യാപകനായിരുന്നു.കാനോന്‍ നിയമത്തിന് പുറമെ ആറുവര്‍ഷം ഭാരതീയ തത്ത്വശാസ്ത്രവും ഫാ.വര്‍ക്കി പഠിപ്പിച്ചു. ഇതിനിടയില്‍ കര്‍ണ്ണാടക യൂണിവേഴ്സിറ്റിയില്‍ നിന്ന് പ്രൈവറ്റായി ഫിലോസഫിയില്‍ എംഎ അദ്ദേഹം നേടി.. റെക്ടര്‍, പ്രിഫെക്ട് ഓഫ് സ്റ്റുഡന്‍സ് എന്നീ പദവികളും വര്ക്കിയച്ചന് അലങ്കരിച്ചു.
1978, 1980 വര്‍ഷങ്ങളിലായി രണ്ടുവട്ടം ഫാ.വര്‍ക്കി വിതയത്തില്‍ ഇന്ത്യ-ശ്രീലങ്ക പ്രോവിന്‍ഷ്യലായി തിരഞ്ഞെടുക്കപ്പെട്ടു.1984 ല്‍ സിആര്‍ഐയുടെ ദേശീയ പ്രസിഡന്റായി. 1990 മുതല്‍ 1996 വരെ ബാഗ്ലൂര് ആശീര്‍വനം ബെനഡിക്ടന്‍ ആശ്രമത്തിന്റെ അപ്പസ്തോലിക്അഡ്മിനിസ്ട്രേറിന്റെ ചുമതല വഹിക്കുമ്പോഴാണ് 1996 ഡിസംബര്‍ 18 ന് സീറോ മലബാര്‍ സഭയുടെയും എറണാകുളം- അങ്കമാലി അതിരൂപതയുടെയും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമനം ലഭിച്ചത്. സീറോ മലബാര്‍ സഭയില്‍ ആരാധനാക്രമ നവീകരണത്തിന്റെയും പുനരുദ്ധാരണത്തിന്റെയും പേരില്‍ അസ്വസ്ഥതയുംവിഭാഗീയതയും പടര്‍ന്നുപിടിച്ച കാലഘട്ടമായിരുന്നു അത്. ഈ സാഹചര്യത്തില്‍ സഭയില്‍ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുക, മെത്രാന്മാരുടെ ഇടയില്‍ പരസ്പരസ്നേഹവും ഐക്യവും വളര്‍ത്തുക തുടങ്ങിയ ഭാരിച്ച ഉത്തരവാദിത്വങ്ങളാണ് പ്രസ്തുതപദവിയിലൂടെ അദ്ദേഹത്തിന് നിര്‍വഹിക്കാനുണ്ടായിരുന്നത്. അദ്ദേഹത്തില്‍ പരിശുദ്ധപിതാവ് അര്പ്പിച്ചവിശ്വാസംവൃഥാവിലായില്ല എന്ന് തുടര്ന്നുള്ളസംഭവവികാസങ്ങള് തെളിയിച്ചു. ഏല്പിക്കപ്പെട്ട കടമകള്‍ വിശ്വസ്തതയോടുംഅര്പ്പണമനോഭാവത്തോടും ചെയ്ത ഫാ.വര്‍ക്കിയുടെ പരിശ്രമങ്ങള്ക്കുള്ളഅംഗീകാരമായിരുന്നു 1999 ഡിസംബര്‍ 23 ന് ലഭിച്ച മേജര്‍ ആര്‍ച്ച് ബിഷപ് പദവി.
ആര്‍ച്ച് ബിഷപ്പായി നിയമിതനായപ്പോള്‍ വര്‍ക്കിവിതയത്തില്‍ സ്വീകരിച്ചമുദ്രാവാക്യം അനുസരണവും സമാധാനവുംഎന്നതായിരുന്നു. സഭയോടുള്ള വിധേയത്വവും യോജിപ്പുമാണ് പ്രസ്തുത മുദ്രാവാക്യം തിരഞ്ഞെടുക്കാന്‍ കാരണം. ഏല്പിച്ച ഉത്തരവാദിത്വങ്ങളെ അനുസരണയോടെ ഏറ്റെടുക്കുന്നുവെന്നും എന്നാല്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ ജീവിതം അവസാനിക്കുകയാണെങ്കിലും അതോര്ത്ത്ഖേദമോ നിരാശതയോ ഉണ്ടാകാതെ അതിനെയും സമാധാനത്തോടെ തനിക്ക് സ്വീകരിക്കാന്‍ കഴിയുമെന്ന വിശ്വാസവുമാണ് ഇങ്ങനെയൊ#ു മുദ്രാവാക്യത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
സീറോമലബാര്‍ സഭ ഉയര്‍ത്തിപ്പിടിച്ച ക്രൈസ്തവമൂല്യങ്ങളുടെഅംഗീകാരമായാണ് തനിക്ക് ലഭിച്ച കര്‍ദ്ദിനാള്‍ പദവിയെ മാര്‍ വര്‍ക്കി വിതയത്തില്‍ വിലയിരുത്തിയത്. കര്‍ദ്ദീനാള്‍ ആന്റണിപടിയറ ദിവംഗതനായതിനെ തുടര്‍ന്നാണ് പ്രസ്തുതപദവിയിലേക്ക്അദ്ദേഹം അവരോധിതനായത്.
2001 ഫെബ്രുവരി 21 നായിരുന്നു കര്ദ്ദീനാളായുള്ള സ്ഥാനാരോഹണം. ഭാരതസഭയ്ക്കും സാര്വത്രികസഭയ്ക്കും സേവനം ചെയ്യുന്നതിന് താന്‍ സ്വയം സമര്‍പ്പിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ്, സഭയ്ക്ക് വേണ്ടി രക്തംചിന്തി മരിക്കാന്‍പോലും സന്നദ്ധനാണെന്ന അടയാളമുദ്ര പേറുന്ന കര്‍ദ്ദീനാളിന്റെ സ്ഥാനികചിഹ്നമായ ചുവന്ന തൊപ്പി അദ്ദേഹം ധരിച്ചത്.
2001 ഫെബ്രുവരി 21 മുതല്‍ 2011 ഏപ്രില്‍ ഒന്നുവരെയുള്ളഅദ്ദേഹത്തിന്റെ സേവനകാലഘട്ടം സീറോമലബാര്‍സഭയുടെ ചരിത്രത്തില്‍ നിര്‍ണ്ണായകമായിരുന്നുവെന്ന് വിവിധങ്ങളായസംഭവവികാസങ്ങള് തെളിയിച്ചുകഴിഞ്ഞു. പൗരസ്ത്യ കാനോന്‍ നിയമം വിഭാവനം ചെയ്യുന്നതിനനുസരിച്ച് സീറോ മലബാര്‍ സഭയ്ക്കായി പ്രത്യേകനിയമങ്ങള്‍ ക്രോഡീകരിച്ചു നടപ്പില്‍വരുത്തിയത്… സഭയുടെസുവിശേഷവത്ക്കരണ പ്രേഷിതമേഖലകള്സജീവമാക്കിയത്.. ആരാധനാക്രമവിഷയങ്ങളില്‍ ഏവര്ക്കുംസ്വീകാര്യമായ തീരുമാനങ്ങളും ഐകകണ്ഠേന നടപ്പില്‍വരുത്തിയത്…സഭാനേതൃത്വത്തിന്റെ വിവിധതലങ്ങളില്‍ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സംഗീതംആലപിച്ചത്.. സഭയുടെ പൊതുആസ്ഥാനമന്ദിരമായി മൗണ്ട് സെന്റ്തോമസിനെ മാറ്റിയത്…പൗരസ്ത്യസഭകളുടെചരിത്രത്തില് തന്നെ ആദ്യമായിസീറോമലബാര് സഭയുടെപ്രഥമ മേജര്‍ആര്‍ക്കിഎപ്പിസ്ക്കോപ്പല്‍ അസംബ്ലി നടത്തിയത്… ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍ ആരംഭിച്ചത്.. സഭയുടെ പ്രഥമ മിഷന് അസംബ്ലി നടത്തിയത്.. പ്രവാസിവിശ്വാസികളുടെ അജപാലനശുശ്രൂഷകാര്യക്ഷമമാക്കിയത്..ഭാരതസുവിശേഷവത്ക്കരത്തിന്റെപുത്തന്വെല്ലുവിളികളും കാഴ്ചപ്പാടുകളും സമഗ്രമായചര്ച്ചയ്ക്ക് വിധേയമാക്കിയത്..പുതിയ രൂപതകള്‍ രൂപീകരിച്ചത്..സെന്റ് തോമസ് ക്രിസ്ത്യന്‍ മ്യൂസിയം സ്ഥാപിച്ചത്.. മേരിമാതാ മേജര്‍ സെമിനാരിയം കുന്നോത്ത് മേജര്സെമിനാരിയും സ്ഥാപിച്ചത്…
ഇല്ല..കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കിവിതയത്തിലിന്റെ സമഗ്രസസംഭാവനകള് ഒരൊറ്റവാക്യത്തില് അവസാനിക്കുന്നവയല്ല. കാലവും സഭയും എന്നും അങ്ങയോട് കടപ്പെട്ടിരിക്കുന്നു.
സീറോ മലബാര്‍ സഭയുടെ അപ്പസ്തോലിക്അഡ്മിനിസ്ട്രേറ്ററായി നിയമിതനായ വേളയില്‍ അദ്ദേഹം സ്വയം വിശേഷിപ്പിച്ചത് കടന്നുപോകുന്ന ഒരു കിളിയാണ് ഞാനെന്നാണ്. കിളികള്‍ പറന്നുപോകുമ്പോള്‍ ഒരടയാളവും ആകാശത്തില്‍ അവശേഷിപ്പിക്കാറില്ല. പക്ഷേ ഈ കിളി അങ്ങനെയല്ല. ആകാശത്ത് അടയാളങ്ങള്‍ അവശേഷിപ്പിച്ചുകൊണ്ടാണ് അദ്ദേഹം കടന്നുപോയത്. സഭയുള്ളിടത്തോളം കാലം ഈ അടയാളങ്ങള്‍ ഇവിടെ ഉണ്ടായിരിക്കുകയും ചെയ്യും.