കോവിഡിനെ ഭയക്കാതെ ആടുകളെ തേടി സൈക്കിളില്‍ സഞ്ചരിക്കുന്ന ഇടയന്‍

ആടുകളെ തേടി സൈക്കിളില്‍ സഞ്ചരിക്കുന്ന വൈദികനാണ് ഫാ. വിനോദ് കാനാട്ട്. ഗുജറാത്തിലെ രാജ്‌കോട്ട് ഇടവകവികാരി. കോവിഡിനെ പേടിച്ച് പലരും അടച്ചുപൂട്ടി മുറിക്കുള്ളില്‍ കഴിയുമ്പോഴും അച്ചന്‍ യാത്രയിലാണ്. ഇതാണ് ഉചിതമായ സമയമെന്ന തിരിച്ചറിവോടെ..

കാരണം അനേകര്‍ പകര്‍ച്ചവ്യാധിയുടെ മധ്യത്തില്‍ ഏകാകികളും പരിത്യക്തരുമാണ്. ഒറ്റപ്പെട്ടുപോയവരും ദരിദ്രരായവരുമാണ്. അവരെ ക്രിസ്തുവിനടുത്ത സ്‌നേഹത്തോട സ്വന്തമാക്കണം, ആശ്വസിപ്പിക്കണം. ശുശ്രൂഷിക്കണം. സഹായിക്കണം. അതിന് വേണ്ടിയാണ് ഈ യാത്രകള്‍.

വൈറസിനെ പേടിച്ച് ഞാന്‍ അടച്ചൂപൂട്ടി മുറിക്കുള്ളില്‍ കഴിയുകയാണെങ്കില്‍ എന്റെ പൗരോഹിത്യം തന്നെ വെറുതെയാകും.ഉപകാരമില്ലാത്തതാകും. ഇതാണ് അച്ചന്റെ നിലപാട്.

സൈക്കിളച്ചന്‍ എന്നാണ് ഇദ്ദേഹം ഗ്രാമത്തില്‍ പരക്കെ അറിയപ്പെടുന്നത്. 2008 ലാണ് അച്ചന്‍ ആദ്യമായി വികാരിയായി ഇവിടെയെത്തിയത്. 2014 ല്‍ ട്രാന്‍സ്ഫര്‍ ലഭിച്ചു. പക്ഷേ ഇടവകക്കാരുടെ നിര്‍ബന്ധം സഹിക്കാനാവാതെ അധികാരികള്‍ അദ്ദേഹത്തെ തിരികെയെത്തിച്ചു. അങ്ങനെയാണ് ഇപ്പോളും വികാരിയായി തുടരുന്നത്. സിഎംഐ സഭാംഗമാണ് ഫാ. വിനോദ് എന്ന 54 കാരന്‍.

ദേവാലയങ്ങള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ ഗ്രാമീണരുടെ ആത്മീയജീവിതത്തില്‍ വരള്‍ച്ചകളുണ്ടാകാതിരിക്കാന്‍ എല്ലാ സാധ്യതകളും അച്ചന്‍ പ്രയോഗിക്കുന്നുണ്ട്. രോഗികള്‍ക്ക് വിശുദ്ധ കുര്‍ബാന വീടുകളില്‍ എത്തിച്ചുകൊടുക്കുക, കുമ്പസാരിപ്പിക്കുക തുടങ്ങിയവയെല്ലാം ഇതില്‍ പെടുന്നു. ഇടവകക്കാരില്ലാതെയാണ് എല്ലാ ദിവസവും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതെങ്കിലും എല്ലാ ഇടവകക്കാരുടെയും പേരുകള്‍ എഴുതിവച്ചാണ് കുര്‍ബാന ചൊല്ലുന്നത്.

യഥാര്‍ത്ഥ വൈദികനാണ് ഫാ. വിനോദ്. രാജ്‌ക്കോട്ട് ബിഷപ് ജോസ് ചിറ്റൂപറമ്പില്‍ അഭിപ്രായപ്പെടുന്നു.