ഇസ്ലാമബാദ്: മതനിന്ദാക്കുറ്റം ആരോപിച്ച് പാക്കിസ്ഥാനില്‍ ക്രൈസ്തവന് വധശിക്ഷ വിധിച്ചു. മതന്യൂനപക്ഷങ്ങളുടെ നേരെയുള്ള പാക്കിസ്ഥാന്റെ വിവേചനത്തിന്റെയും മതപീഡനങ്ങളുടെയും ഏറ്റവും പുതിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
2013 മുതല്‍ കസ്റ്റഡിയില്‍ കഴിയുന്ന 37 കാരനായ ആസിഫ് പെര്വായിസെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. തന്റെ മേലുദ്യോഗസ്ഥന് മതനിന്ദ പരമായ സന്ദേശം അയച്ചുവെന്നതാണ് ആസിഫ് നേരിടുന്ന കുറ്റം. എന്നാല്‍ മേലുദ്യോഗസ്ഥന് തന്നെ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിച്ചുവെന്നും അതിന് വിസമ്മതം പറഞ്ഞതിലുളള വ്യക്തിവിദ്വേഷമാണ് മതനിന്ദാക്കുറ്റം ആരോപിച്ച് തന്നെ ജയിലില്‍ അടയ്ക്കാന്‍ കാരണമായതെന്നും ആസിഫ് പറയുന്നു.
മതനിന്ദാക്കുറ്റം ആരോപിച്ച് പാക്കിസ്ഥാനിലെ വിവിധ ജയിലുകളില്‍ എണ്‍പതോളം പേര് കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.