മറ്റുള്ളവരോട് ക്ഷമിക്കാതെ ദൈവത്തോട് ക്ഷമ ചോദിക്കാനാവില്ല: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: അയല്‍ക്കാരനോട് ക്ഷമിക്കാതെ നമുക്ക് ദൈവത്തോട് ക്ഷമ ചോദിക്കാന്‍ ആവില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വിശുദ്ധ മത്തായിയുടെ സുവിശേഷം 18 ാം അധ്യായം 21 മുതല്‍ 35 വരെയുള്ള തിരുവചനങ്ങള്‍ ആസ്പദമാക്കി വചനസന്ദേശം നല്കുകയായിരുന്നു പാപ്പ.

ക്ഷമിക്കുകയും സനേഹിക്കുകയും ചെയ്യാതെ അവ രണ്ടിനും വേണ്ടി നമുക്ക് യാചിക്കാനാവില്ല. തെറ്റുചെയ്യുന്നവരോട് ഏഴല്ല എഴുപതുവട്ടം ക്ഷമിക്കണമെന്നാണ് ക്രിസ്തു പറയുന്നത്.ദാസന്റെ കടം ഇളച്ചുകൊടുത്ത യജമാനനെയും നാം വിശുദ്ധഗ്രന്ഥത്തില്‍ കാണുന്നുണ്ട്. തന്നോട് യജമാനന്‍ ക്ഷമിച്ചതുപോലെ തന്റെ കടക്കാരനോട് ക്ഷമിക്കാന്‍ ആ ദാസന് കഴിയുന്നില്ല. ഇവിടെ നാം കാണുന്നത് രണ്ടുതരം മനോഭാവങ്ങളാണ്. കടങ്ങള്‍ ഇളച്ചുകൊടുത്ത രാജാവ് ദൈവത്തിന്റെ പ്രതിനിധിയാണ്.

ദൈവം എപ്പോഴും നമ്മോട് ക്ഷമിക്കുന്നു. ക്ഷമ ദൈവികമായ മനോഭാവമാണ്. എന്നാല്‍ മനുഷ്യപ്രകൃതിയാണ് ക്ഷമയും നീതിയും പരിമിതപ്പെടുത്തുക എന്നത്. അതാണ് ആ ദാസന്‍ ചെയ്തത്. ഏഴല്ല എഴുപതുവട്ടം എന്നതിന് ബൈബിളിലെ അര്‍ത്ഥം എല്ലായ്‌പ്പോഴും ക്ഷമിക്കണം എന്നതാണ്.

മനുഷ്യബന്ധങ്ങളില്‍ ദയാപൂര്‍വ്വമായ സ്‌നേഹം അത്യാവശ്യമാണ്. ദമ്പതികള്‍ തമ്മില്‍, മാതാപിതാക്കളും കുട്ടികളും തമ്മില്‍, നമ്മുടെ സമൂഹത്തിനുള്ളില്‍, സഭയില്‍, രാഷ്ട്രീയത്തില്‍..എല്ലായിടത്തും. അവസാന നിമിഷമോര്‍ത്ത് വിദ്വേഷം ഉപേക്ഷിക്കാനും വിശുദ്ധ ഗ്രന്ഥം ഓര്‍മ്മിപ്പിക്കുന്നു. നമ്മുടെ അവസാനമോര്‍ത്ത് വെറുപ്പുപേക്ഷിക്കുക, പാപ്പ ഓര്‍മ്മിപ്പിച്ചു.