വാഷിംങ്ടണ്‍: മനുഷ്യാവകാശങ്ങള്‍ അടുത്തയിടെയായി ചൈനയില്‍ ഏറ്റവും കൂടുതലായി ധ്വംസിക്കപ്പെടുന്ന സാഹചര്യത്തില്‍ വിശ്വാസികള്‍ക്ക് വത്തിക്കാന്റെ ധാര്‍മ്മികപിന്തുണ അത്യാവശ്യമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപ്പോ. മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്ന സാഹചര്യത്തില്‍ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയുണര്‍ത്താന്‍ പരിശുദ്ധ സിംഹാസനത്തിന് കഴിവുണ്ട്.
കമ്മ്യൂണിസത്തില്‍ നിന്ന് യൂറോപ്പിനെ രക്ഷിക്കാന്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ സഭയ്ക്ക് സാധിച്ചതായും അദ്ദേഹം നിരീക്ഷിച്ചു. ഇന്ന് അതേ അധികാരവും ശക്തിയും ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ വത്തിക്കാന്‍ ഉപയോഗിക്കണം. 2013 ല്‍ പുതിയ പ്രസിഡന്റ് ചൈനയില്‍ അധികാരമേറ്റെടുത്തതുമുതല്‍ അവിടെ മനുഷ്യാവകാശധ്വംസനങ്ങള്‍ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയിരിക്കുകയാണെന്നും മൈക്ക് പോംപ്പോ പറഞ്ഞു.
കത്തോലിക്കാ വൈദികരും അല്മായരും നേരിട്ടുകൊണ്ടിരിക്കുന്ന വിവിധ തരം പീഡനങ്ങളും മുസ്ലീമുകള്‍ നേരിടുന്ന നിര്‍ബന്ധിത വന്ധ്യംകരണവും അദ്ദേഹം വ്യക്തമാക്കി. മുമ്പ് എന്നത്തെക്കാളും അധികമായി ചൈനയിലെ വിശ്വാസികള്‍ക്ക് വത്തിക്കാന്റെ പിന്തുണ ആവശ്യമുണ്ട്. അദ്ദേഹം ഓര്‍മ്മിപ്പിച്ചു.