അനുദിന ജീവിതം വിശുദ്ധീകരിക്കാം, വിശുദ്ധ ജോസ് മരിയ എസ്‌ക്രീവ പറയുന്നത് അനുസരിച്ചാല്‍ മതി

ഓപ്പൂസ് ദേയിയുടെ സ്ഥാപകനായ വിശുദ്ധ ജോസ് മരിയ എസ്‌ക്രീവ മറ്റെല്ലാ വിശുദ്ധരെയും പോലെ അനുദിന ജീവിതത്തില്‍ വിശുദ്ധിയുടെ രഹസ്യം കണ്ടെത്തിയ ആളായിരുന്നു. വിശുദ്ധരാകാനാണല്ലോ ക്രൈസ്തവരുടെ വിളിയും. എന്നാല്‍ ശബ്ദായമാനമായ ഈ ലോകത്തില്‍ വിശുദ്ധിയോടെ ജീവിക്കുകയും പെരുമാറുകയും ചെയ്യുക എന്നത് പലര്‍ക്കും അസാധ്യമായ കാര്യമാണ്. പക്ഷേ വിശുദ്ധ ജോസ് മരിയ പറയുന്ന ചില കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ വിശുദ്ധിയോടെ ജീവിക്കുക എന്നത് താരതമ്യേന എളുപ്പമായ കാര്യമാണെന്ന് മനസിലാവും. വിശുദ്ധന്‍ പറയുന്ന കാര്യങ്ങള്‍ ഇവയാണ്.

ഇപ്പോള്‍ ആയിരിക്കുന്ന സാഹചര്യങ്ങളിലെ യാഥാര്‍ത്ഥ്യത്തെ സ്‌നേഹിക്കുക
പലപ്പോഴും നമ്മള്‍ ഇപ്പോള്‍ ആയിരിക്കുന്ന അവസ്ഥ, അതായത് യാഥാര്‍ത്ഥ്യം സനേഹിക്കത്തക്ക വിധത്തിലുള്ളതായിരിക്കണമെന്നില്ല. യാഥാര്‍ത്ഥ്യം യാഥാര്‍ത്ഥ്യം തന്നെയാണ്. നമുക്ക് അതിനെ മാറ്റാന്‍ കഴിയണമെന്നില്ല. ഈ സാഹചര്യത്തില്‍ ആ യാഥാര്‍ത്ഥ്യത്തെ സ്‌നേഹിക്കുക അംഗീകരിക്കുക. ഇതാണ് വിശുദ്ധന്‍ നിര്‍ദ്ദേശിക്കുന്ന ഒരു മാര്‍ഗ്ഗം.

ഒളിഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ എന്തെങ്കിലും ദൈവികമായത് കണ്ടെത്തുക

നമുക്ക് അജ്ഞാതമായ പലകാര്യങ്ങളും ഈ പ്രപഞ്ചത്തിലുണ്ട്. എല്ലാം നമ്മുക്ക് മനസ്സിലാവുന്ന വിധത്തിലോ നാം ആഗ്രഹിക്കുന്നവിധത്തിലോ ആയിരിക്കില്ല നടക്കുന്നത്. അതുകൊണ്ട് സംഭവിക്കുന്ന കാര്യങ്ങളിലെല്ലാം ദൈവത്തിന്റെ ഇടപെടല്‍ കണ്ടെത്തുക. അതിനെ മനസ്സിലാക്കാന്‍ ശ്രമിക്കുക. ദൈവഹിതത്തിന് കീഴ്‌പ്പെടുക.

ജീവിതത്തിന്റെ ഐക്യം കണ്ടെത്തുക
ജീവിതം എന്ന് പറയുന്നത് ഒറ്റപ്പെട്ട ഒരു സംഗതിയല്ല. ദൈവവുമായും മറ്റുളളവരുമായും നാം ഐക്യപ്പെടേണ്ടിയിരിക്കുന്നു. ദൈവവുമായുള്ള സംയോഗമാണ് ജീവിതത്തിന്റെ അര്‍ത്ഥം നിശ്ചയിക്കുന്നത്. അതുകൊണ്ട്് ദൈവവുമായി ഐക്യത്തിലായിരിക്കുക.

മറ്റുള്ളവരില്‍ ദൈവത്തെ കാണുക
ദൈവത്തിന്റെ ഛായയിലാണ് ഓരോരുത്തരും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ദൈവികമായ ഈ ഛായ എല്ലാവരിലും കണ്ടെത്തുക. എന്നെപോലെ തന്നെ നീയും ദൈവത്തിന്റെ സൃഷ്ടിയാണെന്നും നിനക്കും എന്നെപോലെ ദൈവികഛായയാണെന്നും മനസ്സിലാക്കുക.

എല്ലാം സ്‌നേഹത്തോടെ ചെയ്യുക
സ്‌നേഹത്തോടെ എല്ലാം ചെയ്യുക. ആശങ്കകളില്ലാതെ ചെയ്യുക.