ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ മിഷനറിയായിരുന്ന ഗ്രഹാം സ്‌റ്റെയ്ന്‍സിനെക്കുറിച്ചു ബിജെപി നേതാവ് സത്യപാല്‍സിങ് പാര്‍ലമെന്റില്‍ നടത്തിയ പരാമര്‍ശം ക്രൈസ്തവസമൂഹത്തെ മുഴുവന്‍ അപമാനിക്കുന്നതാണെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. സ്റ്റെയ്ന്‍സിന്റെ സംഘടനയായ ഇവാഞ്ചലിസ്റ്റ് മിഷനറി സൊസൈറ്റി ഗോത്രസമൂഹത്തെ ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയിരുന്നുവെന്നും ഇതിന് പുറമെ സ്റ്റെയ്ന്‍സ് ഗോത്രസമൂഹത്തിലെ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നുമാണ് എംപി പാര്‍ലമെന്റില്‍ അഭിപ്രായപ്പെട്ടത്.
ഈ രണ്ടുകാരണങ്ങള്‍ കൊണ്ടുമാണ് ആളുകള്‍ അദ്ദേഹത്തിന് നേരെ തിരിഞ്ഞതെന്നാണ് എംപി പറഞ്ഞത്. ഇദ്ദേഹത്തിന്റെ ഈ പരാമര്‍ശം ക്രൈസ്തവ സമൂഹത്തെ മുഴുവന്‍ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണെന്ന് ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി റവ. വിജയേഷ് ലാല്‍ പറഞ്ഞു. കുഷ്ഠരോഗികള്‍ക്കും അരികുജീവിതങ്ങള്‍ക്കും വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവച്ച വ്യക്തിയായിരുന്നു ഗ്രഹാം സ്‌റ്റെയ്ന്‍സെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹിന്ദു തീവ്രവാദികള്‍ 1999 ജനുവരി 23 നാണ് ഗ്രഹാം സ്റ്റെയ്ന്‍സിനെയും ഫിലിപ്പ്,തിമോത്തി എന്നീ 9 ഉം 7 ഉം പ്രായമുള്ള മക്കളെയും ജീപ്പിനുള്ളിലാക്കി തീയിട്ടു വകവരുത്തിയത്.