വൈദിക വേഷത്തിലായിരുന്ന എന്നെ എസ് പി തടഞ്ഞു; അന്തരിച്ച പ്രശസ്ത ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തെക്കുറിച്ച് സംഗീതജ്ഞനായ റവ.ഡോ പോള്‍ പൂവ്വത്തിങ്കല്‍

എസ് പി ബാലസുബ്രഹ്മണ്യത്തെ കാണാന്‍ അദ്ദേഹത്തിന്റെ വസതിയിലെത്തിയപ്പോള്‍ സാഷ്ടാംഗം പ്രണമിക്കാന്‍ തയ്യാറായ തന്നെ എസ് പി അതില്‍ നിന്ന് വിലക്കിയെന്ന് റവ. ഡോ. പോള്‍ പൂവ്വത്തിങ്കല്‍. വൈദിക വേഷധാരിയായിരുന്നതിനാലാണ് എസ്പി അന്ന് അപ്രകാരം ചെയ്തത്. പുരോഹിതന്‍ അത് ചെയ്യരുത് എന്നായിരുന്നു അതിനുളള വിശദീകരണമായി എസ് പി നല്കിയതെന്നും അച്ചന്‍ അനുസ്മരിച്ചു. എസ് പിയെക്കുറിച്ചുള്ള അനുസ്മരണക്കുറിപ്പിലാണ് ഫാ. പോള്‍ പൂവ്വത്തിങ്കല്‍ പഴയ അനുഭവം പങ്കുവച്ചത്.

കൊടുങ്ങല്ലൂരിലെ ഒരു പ്രോഗ്രാമിന് എസ് പി വന്നപ്പോള്‍ അദ്ദേഹത്തെ തിരികെ യാത്ര അയ്ക്കാനായി വിമാനത്താവളത്തിലേക്ക് എസ്‌കോര്‍ട്ട് ചെയ്യാന്‍ തയ്യാറായപ്പോള്‍ വിലക്കിയ കാര്യവും അച്ചന്‍ പങ്കുവച്ചു. അച്ചന് ഇവിടെതന്നെ ഒരുപാട് ജോലിയുണ്ട്. ഒരുപാട് ക്ഷീണിതനായ അച്ചന്‍ വരേണ്ട. ഞാന്‍ ഒറ്റയ്ക്ക് പൊയ്‌ക്കൊള്ളാം. വാഹനം റെഡിയാക്കിയാല്‍ മതി. അന്ന് അങ്ങനെ അദ്ദേഹം ഒറ്റയ്ക്കാണ് തിരികെ പോയത്. ഫാ. പോള്‍ പൂവ്വത്തിങ്കല്‍ അനുസ്മരിച്ചു.