യൂട്യൂബര്ക്കെതിരെയുള്ള ഫെമിനിസ്റ്റുകളുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീത്വത്തിന് നേരെ കടന്നാക്രമണം നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടി കൈക്കൊള്ളൂം എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് ഒരു കന്യാസ്ത്രീയുടെ പ്രതികരണമാണ് ഇത്. കന്യാസ്ത്രീകള്‍ക്കെതിരെ അപവാദങ്ങളും അസത്യപ്രചരണങ്ങളും നടക്കുമ്പോള്‍ അതിനെതിരെ പ്രതികരിക്കാന്‍ കഴിയാതെ പോയവര്ക്കെല്ലാമുളള ചോദ്യങ്ങളും മറുപടികളും പ്രതികരണങ്ങളും ഇതിലുണ്ട്. കുറിപ്പിന്റെ പൂര്‍ണ്ണരൂപം ചുവടെ:
“സ്ത്രീത്വത്തിനുനേരെ കടന്നാക്രമണം നടത്തുന്നവർക്കെതിരെ കർക്കശമായ നിയമ നടപടി കൈക്കൊള്ളും. നിലവിലുള്ള നിയമ സാധ്യതകൾ അതിന് പര്യാപ്തമല്ല എങ്കിൽ തക്കതായ നിയമ നിർമ്മാണം ആലോചിക്കും.”- കേരള മുഖ്യമന്ത്രി പിണറായി വിജയൻബഹുമാനപ്പെട്ട മുഖ്യമന്ത്രീ… അങ്ങയുടെ ഈ വാക്കുകൾ കേരളത്തിലെ സ്ത്രീസമൂഹത്തിന് കുറച്ചൊന്നുമല്ല ആശ്വാസം പകർന്നു തന്നത്. വളരെ നല്ല തീരുമാനം… അഭിനന്ദനങ്ങൾ… പക്ഷേ അങ്ങയോട് ചില കാര്യങ്ങൾ ഒന്നു തുറന്നു ചോദിച്ചോട്ടെ…
സ്ത്രീകൾ എന്നു പറഞ്ഞാൽ കേരളത്തിലെ എല്ലാവരെയും ആണോ അങ്ങ് ഉദ്ദേശിച്ചത്? അതോ അവിടെയും ചില വേർതിരിവുകൾ ഉണ്ടോ? കൈ മിടുക്ക് കാട്ടുന്നവർ മാത്രമാണോ അങ്ങയുടെ കാഴ്ചപ്പാടിൽ സ്ത്രീകൾ? കാരണം പറയാം, കഴിഞ്ഞ രണ്ടു വർഷമായിട്ട് വിവിധ വാർത്താ മാധ്യമങ്ങൾ വഴിയും സോഷ്യൽ മീഡിയ വഴിയും ക്രൈസ്തവ സന്യാസിനികളെ കേരളത്തിലെ ചിലർ കേട്ടാലറയ്ക്കുന്ന തരത്തിലുള്ള പദപ്രയോഗങ്ങളും വിശേഷണങ്ങളും നൽകി അവഹേളിച്ചപ്പോഴും, അനുവാദം കൂടാതെ ക്രൈസ്തവ സന്യസ്തരുടെ ഫോട്ടോകളെടുത്ത് വൃത്തികേടുകൾ എഴുതി പിടിപ്പിച്ച് അവർ ആത്മസംതൃപ്തി അടഞ്ഞപ്പോഴും, യൂട്യൂബിൽ കൂടി മറ്റുചിലർ ഞങ്ങളെ നീചമായ രീതിയിൽ നിന്ദിച്ചപ്പോഴും അങ്ങേയ്ക്ക് ഞങ്ങളിലെ സ്ത്രീത്വത്തെ കാണാൻ പറ്റാതെ പോയതിൽ ഞങ്ങൾക്ക് ഏറെ ഖേദം തോന്നുന്നു…
സർ… അങ്ങ് ഞങ്ങളെ തെറ്റിദ്ധരിച്ചുവെങ്കിൽ ഒരു കാര്യം തുറന്നു പറയാം: ക്രൈസ്തവ സന്യാസിനികളെ വെച്ച് പൈങ്കിളിക്കഥ മെനയുന്ന കഥാകൃത്തുക്കളുടെ സിനിമകളിലെയും രചനകളിലെയും നായികമാരിൽ നിന്ന് ഞങ്ങൾ ഒത്തിരി വ്യത്യസ്തരാണ്… യഥാർത്ഥ ക്രൈസ്തവ സന്യാസിനികൾ സ്ത്രീകളാണ്… ഒപ്പം അമ്മമാരാണ്… സഹോദരിമാരാണ്… മക്കളാണ്… തെറ്റിദ്ധരിക്കേണ്ട, ഞങ്ങൾ അമ്മമാർ തന്നെയാണ്… പ്രസവിച്ചിട്ടില്ലെങ്കിലും പാലൂട്ടിയിട്ടില്ലെങ്കിലും ഞങ്ങൾ അമ്മമാർ തന്നെ.. എങ്ങനെയെന്നോ…? പറയാം… സമൂഹവും പ്രിയപ്പെട്ടവരും പടിയടച്ച് പുറന്തള്ളിയവരെ മാതൃ വാത്സല്യവും കരുതലും കൊണ്ട് നിറവും ജാതിയും മതവും ഭാഷയും നോക്കാതെ സ്നേഹത്തിൽ പൊതിയുന്ന ഒരു കൂട്ടം അമ്മമാർ… മക്കളാൽ ഉപേക്ഷിക്കപ്പെട്ടവർക്ക് ഞങ്ങൾ സ്വന്തം മക്കളാണ്… സഹോദരങ്ങൾക്ക് വേണ്ടാത്തവർക്ക് ഞങ്ങൾ സ്വന്തം സഹോദരിമാർ ആണ്… കരുതലിൻ്റെ കാവൽക്കാരാണ്…
ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുന്ന ബഹുമാനപ്പെട്ട ശൈലജ ടീച്ചറോടും ഒരു വാക്ക്: ടീച്ചർ… ഞങ്ങൾ ക്രൈസ്തവ സന്യസ്തരും സ്ത്രീകളാണ്… മനുഷ്യരാണ്… ഞങ്ങളുടെ ഹൃദയങ്ങളും മാംസളമാണ്… നിന്ദനങ്ങൾ ഏൽക്കുമ്പോൾ ഞങ്ങളുടെ ഹൃദയവും വേദനിക്കാറുണ്ട്. മനുഷ്യ വ്യക്തികളുടെ ആരോഗ്യം ശാരീരികം മാത്രമാണെന്ന് ധരിച്ചാൽ തെറ്റാണ് കേട്ടോ… മാനസികമായ ആരോഗ്യത്തെ കൂടി ടീച്ചർ ഒന്നു പരിഗണിച്ചേക്കണം… കഴിഞ്ഞദിവസം സിനിമാ മേഖലയിലുള്ള ചില സ്ത്രീകൾ വേദനിച്ചു കൊണ്ട് പറയുന്ന ചില വാക്കുകൾ എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാവും…!!
അങ്ങനെയെങ്കിൽ കേരളത്തിലെയും ഇന്ത്യയുടെയും ഓരോ കോണിലും ഉള്ള കോൺവെൻ്റുകളിലെ ഒരു ലക്ഷത്തിൽപരം ക്രൈസ്തവ സന്യസ്തരുടെ വേദനയും ആത്മരോഷവും ഒരു ചാനലുകളും സോഷ്യൽ മീഡിയയും ഒപ്പിയെടുത്തിട്ടില്ല എന്നോർക്കണം…കഴിഞ്ഞമാസം ഒരു മാധ്യമപ്രവർത്തകയെ ആരോ മോശമായി ചിത്രീകരിച്ചു എന്ന് പറഞ്ഞ് എന്തായിരുന്നു ബഹളം!! കേരളത്തിലെ മിക്ക ചാനലുകളും സോഷ്യൽ മീഡിയയും എത്ര മണിക്കൂറുകൾ നീണ്ടുനിന്ന ചർച്ചകൾ നടത്തി!!! അതിൽ ഏറ്റവും വിരോധാഭാസം ഈ മാധ്യമപ്രവർത്തകയും ചർച്ച നടത്തിയ ചാനലുകളും തന്നെ ഞങ്ങൾ കൈസ്തവ സന്യാസിനികളെ തലങ്ങും വിലങ്ങും അധിക്ഷേപിച്ചവരിൽ മുൻപന്തിയിലുണ്ടായിരുന്നു എന്നതാണ്…
ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, ഞങ്ങളും സ്ത്രീകളാണ്… പക്ഷേ ഞങ്ങളെ നിന്ദിക്കുന്നവർക്ക് നേരെ ഞങ്ങൾ കൈ ഉയർത്താറില്ല… കരിഓയിൽ ഒഴിക്കാറില്ല… തെറി വിളിക്കാറില്ല… മാന്യമായ ഭാഷയിൽ പ്രതികരിക്കും. അതുപോലെ തന്നെ നിയമപരമായി നീതിക്ക് വേണ്ടി പല വാതിലുകളും മുട്ടും. ദൗർഭാഗ്യവശാൽ ഞങ്ങൾക്ക് ഇന്ന് വരെ നീതി ലഭിച്ചിട്ടില്ല. കേരളത്തിൻ്റെ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഈ കാര്യങ്ങളൊക്കെ അറിഞ്ഞോ എന്നറിയില്ല. ഞങ്ങളെ വളരെ മോശമായി ചിത്രീകരിച്ച ചില വ്യക്തികൾക്കെതിരെ നടപടി എടുക്കണം എന്ന് പറഞ്ഞ് കഴിഞ്ഞവർഷം ക്രൈസ്തവ സന്യാസിനികൾ നൂറിൽപരം പോലീസ് സ്റ്റേഷനുകളിൽ കേസ് ഫയൽ ചെയ്തിരുന്നു.
പക്ഷേ ഒരു വർഷം കഴിഞ്ഞിട്ടും ആ ഫയലുകൾ ഒക്കെ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ ഏതോ മൂലയിൽ പൊടി പിടിച്ച് ഇരിപ്പുണ്ട്.സെപ്റ്റംബർ മാസത്തിലെ ആദ്യദിനങ്ങളിൽ യൂട്യൂബിൽ സാമുവൽ കൂടൽ എന്ന മനുഷ്യൻ “കത്തനാരന്മാരുടെ വെപ്പാട്ടികളെ അടങ്ങൂ, പന തരാം” എന്നു പറഞ്ഞ് ഒരു വീഡിയോ ഇട്ടിരുന്നു. ഇത്രയ്ക്കും നീചമായി ക്രൈസ്തവ സന്യാസിനികളെ നിന്ദിക്കുന്ന ഒരു മനുഷ്യ ജന്മത്തെ ഞങ്ങൾ ഇതുവരെയും കണ്ടിട്ടില്ല. “അയാളെ തേടിപ്പിടിച്ച് രണ്ടെണ്ണം പൊട്ടിക്കട്ടെ” എന്ന് ഞങ്ങളെ സ്നേഹിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ടവർ ഞങ്ങളോട് ചോദിച്ചതാണ്…
പക്ഷേ കൈ പ്രയോഗം വേണ്ട, നിയമപരമായി ഞങ്ങൾ തന്നെ അയാളെ നേരിട്ടോളാം എന്ന് പറഞ്ഞ് ഞങ്ങൾ ക്രൈസ്തവ സന്യാസിനികൾ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള പോലീസ് സ്റ്റേഷനുകൾ കയറിയിറങ്ങി. വെറും പോലീസ് സ്റ്റേഷനുകളിൽ മാത്രമല്ല, വനിതാകമ്മീഷനിലും, മനുഷ്യാവകാശ കമ്മീഷനിലും, സിറ്റി പോലീസ് കമ്മീഷണർ, എസ് പി, ഡി വൈ എസ് പി തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥർക്കും ഞങ്ങളിൽ ചിലർ പരാതി കൊടുത്തിരുന്നു…ഇന്ത്യയിലെയും കേരളത്തിലെയും നീതിന്യായ വ്യവസ്ഥയിൽ ഞങ്ങൾ നിഷ്കളങ്കമായി വിശ്വസിച്ചു പോയത് സത്യത്തിൽ ഞങ്ങൾ ചെയ്ത ഒരു വലിയ തെറ്റാണ്…
സെപ്റ്റംബർ ഏഴിന് കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ക്രൈസ്തവ സന്യസ്തർ കേസ് ഫയൽ ചെയ്ത വിവരം അങ്ങ് അറിഞ്ഞു കാണാതിരിക്കില്ല… കാരണം കേരളചരിത്രത്തിലെ ആദ്യത്തെ സംഭവം ആയിരിക്കാം ഒരു ദിവസം തന്നെ ഒരു വ്യക്തിക്കെതിരെ 160 ഓളം കേസുകൾ ഫയൽ ചെയ്തത്.20 ദിവസം പിന്നിട്ടിട്ടും ഇന്നുവരെ ഒരു പരാതിയിൽ പോലും എഫ്ഐആർ തയ്യാറാക്കാനോ കേസ് അന്വേഷിക്കാനോ അങ്ങയുടെ കീഴിലുള്ള പോലീസ് അധികാരികൾ ഒരു ചെറുവിരൽപോലും അനക്കിയിട്ടില്ല. ഈ യാഥാർത്ഥ്യം ചൂണ്ടിക്കാണിക്കുന്നത് സത്യത്തിൽ കേരള സമൂഹത്തിലെ സ്ത്രീകളോട് വേർതിരിവ് കാട്ടുന്നു എന്ന പച്ചയായ സത്യം അല്ലേ? ഞങ്ങൾ മൗനം പാലിച്ചതുകൊണ്ടും കൈമിടുക്ക് കാട്ടാത്തതുകൊണ്ടും അല്ലേ പലരും ഞങ്ങളുടെ മാനാഭിമാനത്തെ സമൂഹ മധ്യത്തിൽ ഇട്ട് ഇങ്ങനെ പിച്ചിച്ചീന്തുന്നത്?
ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, ക്രൈസ്തവ സന്യാസിനികളായ ഞങ്ങളും അന്തസ്സുള്ള സ്ത്രീകൾ തന്നെയാണ്. ‘ഇന്ത്യൻ പൗരൻ ആയതുകൊണ്ട് എനിക്ക് എന്തും പറയാൻ അവകാശമുണ്ട്’ എന്ന് പറയുന്നവരോട് ആ അവകാശം ഒരാളെ അല്ലെങ്കിൽ ഒരു കൂട്ടം വ്യക്തികളെ അല്ലെങ്കിൽ ഒരു സമൂഹത്തെക്കുറിച്ച് ഇല്ലാത്തത് പറയാനുള്ള സ്വാതന്ത്ര്യം അല്ല എന്ന് ഒന്ന് വ്യക്തമാക്കി കൊടുക്കാൻ അങ്ങേയ്ക്കും അങ്ങയുടെ ഗവൺമെൻ്റിനും പറ്റുമോ? ഒരു സ്ത്രീയെ കുറിച്ച് മാത്രമല്ല, മറിച്ച് നമ്മുടെ സമൂഹത്തിലുള്ള ഒരു വ്യക്തിയെക്കുറിച്ച് പോലും ഇല്ലാ വചനങ്ങൾ ഉണ്ടാക്കാനും പ്രചരിപ്പിക്കാനും ഇടവരരുത്…
അതിനുള്ള നിയമ നിർമ്മാണവും നടപടികളും ഗവൺമെൻ്റ് ചെയ്തില്ലെങ്കിൽ ഇനിയും കേരളത്തിൽ അനേകായിരം സ്ത്രീകൾ തങ്ങളെ നിന്ദിക്കുന്നവർക്ക് നേരെ കൈകൾ ഉയർത്തുന്നതും കരിഓയിൽ പ്രയോഗം നടത്തുന്നതും ഒരു തുടർക്കഥയായി മാറും.
സ്നേഹപൂർവ്വം,സി. സോണിയ തെരേസ് ഡി. എസ്. ജെ