‘പറയാനുള്ളത് പറഞ്ഞല്ലേ പറ്റൂ,’ ഡോ. നെല്‍സണ്‍ ജോസഫ് ഫാ. സ്റ്റാന്‍ സ്വാമിയെക്കുറിച്ച് എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു

സോഷ്യല്‍ മീഡിയായിലെ പതിവ് വാചകകസര്‍ത്തുകളില്‍ നിന്ന് വ്യത്യസ്തമായ വീക്ഷണങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തുക വഴി ശ്രദ്ധേയനായ വ്യക്തിയാണ് ഡോ. നെല്‍സണ്‍ ജോസഫ്. ഒറ്റപ്പെട്ടതും ശക്തവുമായ ശബ്ദമാണ് അദ്ദേഹത്തിന്റെ കുറിപ്പുകളില്‍ കേള്‍ക്കാന്‍ കഴിയുന്നത്. മാവോയിസ്റ്റ് എന്ന് ആരോപിച്ച് ഭരണകൂടം അറസ്റ്റ് ചെയ്ത ഫാ. സ്റ്റാന്‍ സ്വാമിയെക്കുറിച്ചുളള തന്റെ അഭിപ്രായം രേഖപ്പെടുത്തി അദ്ദേഹത്തിന്റെ കുറിപ്പ് ഏറെ ശ്രദ്ധേയമാണ്. കുറിപ്പ് ചുവടെ ചേര്‍ക്കുന്നു:

ഇതെഴുതിയാൽ ഉണ്ടാവാനിടയുള്ള പ്രതികരണങ്ങളെക്കുറിച്ച് നല്ലതുപോലെ അറിയാം.ഏറ്റവും കുറഞ്ഞത് ക്രിസ്ത്യൻ വർഗീയവാദി…ഏറിപ്പോയാൽ രാജ്യദ്രോഹി. എന്ത് കേട്ടാലും ശരി , പറയാനുള്ളത് പറഞ്ഞല്ലേ പറ്റൂ.എൺപതിനു മേൽ പ്രായമുള്ള വാർദ്ധക്യത്തിലേക്കെത്തി നിൽക്കുന്ന ജസ്യൂട്ട് പാതിരിയാണത്രേ ഇപ്പൊ രാജ്യത്തിനു ഭീഷണി.നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ ചാർജ് ഷീറ്റിൽ എഴുതിവച്ചിരിക്കുന്നതായി പത്രറിപ്പോർട്ടുകളിൽ വായിച്ചത് എൺപത്തിമൂന്ന് വയസായ ഫാദർ സ്റ്റാൻ സ്വാമി മോദി സർക്കാരിനെ പുറത്താക്കാനായി രാജ്യവ്യാപകമായ ഒരു മുന്നണി രൂപീകരിക്കാൻ പദ്ധതിയിട്ടിരുന്നു എന്നാണ്.

എഴുതി വയ്ക്കുന്നവർക്ക് നാണമാവില്ലേ എന്നാണ് സത്യത്തിൽ അത് വായിച്ചപ്പോൾ ആലോചിച്ചത്. അത്ര വലിയ ഭൂരിപക്ഷവുമായി ഭരിക്കുന്ന സർക്കാരിനു ഭീഷണി എൺപത്തിമൂന്ന് വയസുകാരൻ…ബി.ബി.സിയുടെ റിപ്പോർട്ടുണ്ട്. ഇന്ത്യയിൽ തീവ്രവാദം ആരോപിക്കപ്പെടുന്ന ഏറ്റവും പ്രായമേറിയ ആളാണ് ഫാദർ സ്റ്റാൻ സ്വാമിയെന്ന്. റിപ്പോർട്ട് തുടരുന്നതിങ്ങനെയാണ്.”

Between June 2018 and now, Prime Minister Narendra Modi’s BJP government has jailed 16 people in connection with the 2018 violence in Bhima Koregaon village in Maharashtra state. They include some of India’s most-respected scholars, lawyers, academicians, cultural activists, and an ageing radical poet, who then contracted Covid-19 “ജൂൺ 2018 നും ഇപ്പൊഴത്തേതിനുമിടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബി.ജെ.പി സർക്കാർ 2018 ലെ ഭീമ കൊറെഗാവ് അക്രമവുമായി ബന്ധപ്പെട്ട് 16 പേരെയാണ് ജയിലിലാക്കിയത്.

അവരിൽ ഇന്ത്യയിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന പണ്ഡിതരുണ്ട്, വക്കീലന്മാരുണ്ട്, അക്കാദമീഷ്യന്മാരുണ്ട്, സാംസ്കാരികപ്രവർത്തകരുണ്ട്, കൊവിഡ് 19 ബാധിച്ച, പ്രായം ചെന്നൊരു കവിയുണ്ട്…എന്താല്ലേ?ഫാദർ സ്റ്റാൻ സ്വാമിയുടെ വാക്കുകൾ തന്നെയാവാം….”

എനിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത് എനിക്ക് മാത്രം സംഭവിക്കുന്ന ഒരു പ്രത്യേകതയുള്ള ഒന്നല്ല. രാജ്യം മുഴുവൻ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയുടെ ഭാഗമാണ്.ബുദ്ധിജീവികൾ, എഴുത്തുകാർ, കവികൾ, ആക്റ്റിവിസ്റ്റുകൾ, വിദ്യാർഥിനേതാക്കൾ, അവരെയെല്ലാം അവർ തങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്തിയെന്നതുകൊണ്ടോ ഇന്ത്യ ഭരിക്കുന്നവർക്ക് നേരെ ചോദ്യങ്ങളുയർത്തിയതുകൊണ്ടോ ജയിലിലടയ്ക്കുകയാണ്.ഈ പ്രോസസിൻ്റെ ഭാഗമായതിൽ എനിക്ക് സന്തോഷമുണ്ട്, കാരണം ഞാൻ നിശബ്ദനായൊരു കാഴ്ചക്കാരനല്ല “

എന്തൊരു വാക്കുകളാണ്..വർഷങ്ങളായി ഝാർഖണ്ഡിലെ ആദിവാസികൾക്കിടയിൽ പ്രവർത്തിച്ചുവരികയായിരുന്നു ഫാദർ സ്റ്റാൻ സ്വാമി..ഈ സമയവും കടന്നുപോവും…പക്ഷേ ഇവരുടെ പേരുകൾ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും..എൺപത്തിമൂന്നാം വയസിൽ കുറ്റവിചാരണ നേരിടേണ്ടിവരുമ്പൊഴും അക്ഷോഭ്യനായി, ശാന്തസ്വരത്തിൽ കാര്യങ്ങൾ വിശദീകരിക്കുന്ന ഫാദറിൻ്റെ വാക്കുകളിലെ വ്യക്തത കണ്ടു…

ബഹുമാനം തോന്നുന്നു..ഒപ്പം നിൽക്കുന്നു