ഹൈന്ദവ വിശ്വാസത്തിന്റെ ലിഖിതവും അലിഖിതവുമായ പ്രമാണങ്ങൾ ഹൃദയത്തിൽ തീക്ഷ്ണമായി ജ്വലിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ ദൈവങ്ങൾക്കൊന്നും എന്റെ പ്രശ്നങ്ങളെ മനസിലാക്കാൻ പോലും സാധിക്കുന്നില്ലല്ലോ എന്ന സങ്കടം നിരീശ്വരവാദ ചിന്താപഥത്തിലേക്ക് നയിച്ചു. അന്ന് ക്രിസ്ത്യാനിയെ കാണുമ്പോൾ ചിരിയായിരുന്നു. ഒരു കാര്യവുമില്ലാതെ അതിരാവിലെ എഴുന്നേറ്റ് ഇല്ലാത്ത ദൈവങ്ങളിലൊന്നിനെ കാണാൻ പോകുന്ന ഭോഷന്മാർ..
ഇങ്ങനെ ഭക്തിയെ പരിഹസിക്കുന്ന യുക്തിയുമായി ജീവിച്ചു പോന്ന ഒരു സമയത്താണ് വയനാട്ടിലെ നടവയലിലുള്ള ഒരു ചായക്കടയിൽ നിന്ന് ആ ഭക്തി ഗാനം കേൾക്കുന്നത്. ” കരയാനെനിക്കൊരു കരളേകു നാഥാ.. കറയെല്ലാം കഴുകിടുവാൻ “ഘനഗാംഭീര്യമുള്ള ആ സ്വരമാണ് എന്നെ ആ വരികളിലേക്കും അതിൽ പറഞ്ഞിരിക്കുന്ന നാഥൻ ആരെന്ന അന്വേഷണത്തിലേക്കും നയിച്ചത്. യഥാർത്ഥത്തിൽ എന്റെ ഉള്ളിലെ ഭക്തി മരിച്ചതല്ല, ഒന്ന് മയങ്ങിയത് മാത്രമാണെന്ന തിരിച്ചറിവിലേക്കാണ് പിന്നീട് നയിക്കപ്പെട്ടത്. ആ ഗായകന്റെ പടം കണ്ട കാസറ്റുകളുടെ ശേഖരണമായി പിന്നെ…
അറിയാവുന്ന ക്രിസ്ത്യാനികളോടെല്ലാം ചോദിച്ചു. ഈ ഗായകനെ നേരിട്ട് കാണാനെന്താ വഴി..?പോട്ടയിൽ പോയാൽ ഇദ്ദേഹം സ്റ്റേജിൽ നിന്ന് പാടുന്നത് കാണാം. പാട്ടും കേൾക്കാം.. പക്ഷേ പരിചയപ്പെടാനൊന്നും പറ്റില്ല.. അദ്ദേഹം വലിയ തിരക്കുള്ള മനുഷ്യനാണ്.എത്ര വലിയ ഇഷ്ടം തോന്നിയെന്ന് പറഞ്ഞാലും ക്രിസ്ത്യാനികളുടെ പ്രാർത്ഥനാകേന്ദ്രത്തിൽ പോകാനൊന്നും മനസനുവദിച്ചില്ല…പക്ഷേ കാലം എന്നെ ഡിവൈനിലെത്തിച്ചു. ദൈവ വചനങ്ങൾ കേൾപ്പിച്ചു. പഠിപ്പിച്ചു.പക്ഷേ കണ്ണിൽ നിന്ന് മാനസാന്തരത്തിന്റെ നീരൊഴുകിയതത്രയും ‘ആന്റണി ഫെർണാണ്ടസ്’ എന്ന സ്നേഹ ഗായകൻ നടത്തിയ ഗാനശുശ്രൂഷാ വേളയിലായിരുന്നു. ക്രിസ്തുവിനോടുള്ള സ്നേഹം ഉദിച്ചതും ഉയർന്നതും ആ പാട്ടുകളിലൂടെയായിരുന്നു. ബൈബിൾ കോളേജിൽ വെച്ച് എഴുതിയ നൂറോളം പാട്ടുകൾ ആത്മീയ ഗുരുവായ മൈക്കിൾ കാരിമറ്റം അച്ചനെ കാണിച്ചപ്പോൾ അച്ചൻ പറഞ്ഞു
.” നമുക്കിത് കാസറ്റിലാക്കാം.” അത് കേട്ടപ്പോൾ ഉള്ളിൽ നിറഞ്ഞത് ഒരേയൊരാഗ്രഹമായിരുന്നു. ഈണം കൊടുക്കാനും പാടാനും ഡിവൈനിലെ എന്റെ ആ പ്രിയ ഗായകനെ കിട്ടിയിരുന്നെങ്കിൽ.. നേരിട്ട് ചോദിക്കാൻ ചെന്നപ്പോൾ ഒരു തമാശയായി മാത്രമാണ് അദ്ദേഹം ആ ആഗ്രഹത്തെ കണ്ടതെന്ന് തോന്നി… അങ്ങനെ ആഗ്രഹത്തിന് വിരുദ്ധമായി വേറെ രണ്ട് പേരുടെ ഈണത്തിൽ ആ കാസറ്റിറങ്ങി… അദ്ദേഹം ഭയങ്കര ജാഡയാണെന്ന തോന്നലോടെ ഇരിക്കവേയാണ് ഒരു ദിവസം ആരോ വന്ന് പറഞ്ഞത്…
“നിന്നെ ആന്റണി ബ്രദർ വിളിക്കുന്നു.” ഉള്ളിൽ ആശ്ചര്യം നിറയുകയായിരുന്നു. ചെന്ന് കണ്ടു. ചുരുങ്ങിയ വാക്കിൽ ആദ്യം ഒരു അഭിനന്ദനം.” കാസറ്റ് കിട്ടി. നീയെഴുതിയ പാട്ടുകൾ കേട്ടു… നമുക്ക് കുറച്ച് പാട്ടുകൾ ചെയ്താലോ..” ആ ചോദ്യം ഒരു സ്വപ്നത്തിലല്ല എന്ന് തിരിച്ചറിയാൻ കുറച്ച് സമയമെടുത്തു.അദ്ദേഹം കീബോർഡുമായിരുന്നു.. ഏതാനും ട്യൂണുകൾ. അതിനൊപ്പിച്ച് ഞാൻ വരികൾ എഴുതി…അദ്ദേഹം അത് അപ്പോൾ തന്നെ പാടി കേൾപ്പിക്കും.. ഇങ്ങനെ കുറച്ച് നാളുകൾ..അതിൽ ചിലത് കാസറ്റുകളിലൂടെ പുറത്തിറങ്ങി.. ചിലത് അദ്ദേഹം വേദികളിൽ പാടി..ഡിവൈനിൽ നിന്ന് പോന്ന് ശാലോമിൽ ശുശ്രൂഷ ആരംഭിച്ചപ്പോഴും ആ സൗഹൃദം തുടർന്നു…
ഈ കൊറോണ കാലത്തെ പ്രതിസന്ധികൾക്കിടയിലും പ്രത്യാശ പങ്കു വെച്ചു.ഒടുവിൽ ..അന്ന് താങ്കളുടെ സംഗീതത്തിൽ ഞാൻ കുറിച്ചു വെച്ച് ബേബി ജോൺ കലയന്താനി പാടിയതുപോലെ ആ യാത്ര”മാലാഖമാരോട് ചേർന്ന് മധുര സങ്കീർത്തനങ്ങൾ പാടാൻ ”
സ്വർഗ്ഗീയ ഗായകാ..
പ്രണാമം
ഷാജി സ്റ്റീഫന്