മിഷന്‍ ഞായറില്‍ ഓര്‍മ്മിക്കേണ്ട സ്ത്രീ

ഇന്ന് ആഗോള കത്തോലിക്കാസഭ മിഷന്‍ ഞായര്‍ ആചരിക്കുകയാണല്ലോ. ഈ ദിവസത്തില്‍ മിഷന്‍ ഞായറിന്റെ പ്രാധാന്യത്തെയും മിഷന്‍ ഞായറില്‍ പങ്കുചേരേണ്ടതിന്റെ ആവശ്യകതയെയും കുറിച്ച് മനസ്സിലാക്കിയിട്ടുണ്ടെങ്കിലും മിഷന്‍ ഞായര്‍ ആചരിക്കുന്ന സൊസൈറ്റി ഓഫ് ദ പ്രൊപ്പഗേഷന്‍ ഓഫ് ദ ഫെയ്ത്തിന്റെ സ്ഥാപനത്തെക്കുറിച്ചോ അതിന്റെ കാരണക്കാരിയായ പൗളിന്‍ മേരി ജാരിക്കോട്ടിനെക്കുറിച്ചോ അറിഞ്ഞിരിക്കണം എന്നില്ല.

എന്നാല്‍ അങ്ങനെയൊരു കഥ കൂടിയുണ്ട്. ഫ്രഞ്ച് അല്മായവനിതയായ പൗളിന്‍ മേരി ജാരിക്കോട്ടാണ് സൊസൈറ്റി ഓഫ് ദ പ്രൊപ്പഗേഷന്‍ ഓഫ് ദ ഫെയ്ത്തിന്റെ സ്ഥാപക. സില്‍ക്ക് ഫാക്ടറി ഉടമയുടെ ഏഴുമക്കളില്‍ ഇളയവളായിരുന്നു പൗളിന്‍. അവള്‍ക്ക് പതിനേഴ് വയസുള്ളപ്പോഴാണ് അമ്മ രോഗബാധിതയായി മരിച്ചത്. ഇത് പൗളിനെ പ്രാര്‍ത്ഥനാജീവിതത്തിലേക്ക് നയിച്ചു. കന്യകാത്വം വ്രതമായി സ്വീകരിക്കുകയും ചെയ്തു. ഒരു പ്രാര്‍ത്ഥനാഗ്രൂപ്പിന് രൂപം കൊടുക്കുകയും ഏതാനും പെണ്‍കുട്ടികളെ അതില്‍ അംഗമായി ചേര്‍ക്കുകയും ചെയ്തു.

സില്‍ക്ക് ഫാക്ടറിയിലെ ജോലിക്കാരികളില്‍ നിന്നും തന്റെ സഹോദരങ്ങളില്‍ നിന്നും ആഴ്ച തോറും ചെറിയ ഒരു സംഖ്യ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ശേഖരിക്കുന്നതില്‍ നിന്നാണ് പില്ക്കാലത്ത് മിഷന്‍ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന പ്രൊപ്പഗേഷന്‍ ഓഫ് ദ ഫെയ്ത്തിന് രൂപം കൊണ്ടത്. ലോകമെങ്ങുമുള്ള മിഷനറിമാരെ പ്രാര്‍ത്ഥന കൊണ്ടും പ്രവര്‍ത്തനം കൊണ്ടും സഹായിക്കുകയായിരുന്നു ലക്ഷ്യം. പിയൂസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പ 1922 ല്‍ ഇതിന് പൊന്തിഫിക്കല്‍ പദവിയും നല്കി.

1862 ജനുവരി ഒമ്പതിനായിരുന്നു മരണം. ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പ ധന്യയായി പ്രഖ്യാപിച്ചു. പൗളിന്റെ മാധ്യസ്ഥതയിലുള്ള അത്ഭുതം സ്ഥിരീകരിക്കപ്പെട്ടതോടെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനത്തിനുള്ള വഴിയും തെളിഞ്ഞിരിക്കുകയാണ്.

ഇതാ ഞാന്‍ അയച്ചാലും എന്നതാണ് ഈ വര്‍ഷത്തെ മിഷന്‍ ഞായറിന്റെ വിഷയം.