യേശുവിനെ മറ്റുള്ളവര്‍ അറിയാത്തത് നാം അവനെ വ്യക്തമായി പ്രഖ്യാപിക്കാത്തതുകൊണ്ടാണ്: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: യേശുവില്‍ പലരും വിശ്വസിക്കാത്തതിനും അവനെ അറിയാത്തതിനും കാരണം നാം അവനെ വ്യക്തമായി പ്രഖ്യാപിക്കാത്തതാണെന്നും അതുകൊണ്ടുതന്നെ കുറ്റം നമ്മുടേതാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. സാന്താ മാര്‍ത്തയില്‍ ദിവ്യബലി അര്‍പ്പിച്ച് സന്ദേശം നല്കുകയായിരുന്നു പാപ്പ.

പണം,ദൈവം എന്നീ തിരഞ്ഞെടുപ്പുകള്‍ വേണ്ടിവരുമ്പോള്‍ പലരും പണമാണ് തിരഞ്ഞെടുക്കുന്നത്. ദൈവത്തെ സേവിക്കാത്തപ്പോള്‍ നാം സേവിക്കുന്ന മറ്റൊരു ദൈവമാണ് പണം. ക്രിസ്തുവിന്റെ കല്ലറയുടെ വാതില്ക്കല്‍ നിന്നിരുന്ന കാവല്‍ക്കാരും നുണപറയാന്‍ അവരെ പ്രേരിപ്പിച്ച പുരോഹിതരും നിയമഞ്ജരും പണത്തിന്റെ മാര്‍ഗ്ഗം സ്വീകരിച്ചവരായിരുന്നു.

നമ്മുടെ വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും കര്‍ത്താവ് ഉണ്ടായിരിക്കട്ടെയെന്ന് പാപ്പ ആശംസിച്ചു. ജനങ്ങളുടെ നന്മ തിരഞ്ഞെടുക്കാന്‍ ദൈവം നമ്മെ സഹായിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ടാണ് പാപ്പ വചനസന്ദേശം അവസാനിപ്പിച്ചത്. കോവിഡ് 19 ന്റെ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് അനുകൂലമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ രാഷ്ട്രീയക്കാരും ഭരണാധികാരികളും ശാസ്ത്രജ്ഞരും പരിശ്രമിക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.