കോവിഡ്; നവംബര്‍ മാസം മുഴുവന്‍ പൂര്‍ണ്ണദണ്ഡവിമോചനം

വത്തിക്കാന്‍സിറ്റി: കോവിഡിന്റെ പ്രത്യേകസാഹചര്യം കണക്കിലെടുത്ത് നവംബര്‍ മാസം മുഴുവന്‍ പൂര്‍ണ്ണദണ്ഡവിമോചനം നല്കുമെന്ന് വത്തിക്കാന്‍ അപ്പസ്‌തോലിക് പെനിറ്റെന്‍ഷ്യറി പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി. ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളുടെ മോചനത്തിന് വേണ്ടി നവംബറില്‍ പൂര്‍ണ്ണദണ്ഡവിമോചനം നല്കുന്ന പതിവ് സഭയിലുണ്ട്.

ശുദ്ധീകരണസ്ഥലത്തില്‍ കഴിയുന്ന ആത്മാക്കളെ പെട്ടെന്ന് സ്വര്‍ഗ്ഗപ്രാപ്തരാക്കാന്‍ ഇതുവഴി സാധിക്കും.ശുദ്ധീകരണസ്ഥലത്ത് നിന്ന് ആത്മാക്കളെ മോചിപ്പിക്കാന്‍ നവംബറില്‍ പറയുന്ന പൂര്‍ണ്ണദണ്ഡവിമോചന രീതികള്‍ താഴെ പറയുന്നവയാണ്.

സെമിത്തേരിയിലുള്ള പ്രാര്‍ത്ഥന, വിശുദ്ധ കുമ്പസാരം നടത്തുകയും വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും ചെയ്യുക, മാര്‍പാപ്പയ്ക്കുവേണ്ടി പ്രാര്‍്ത്ഥിക്കുക എന്നിവയാണ് അവ. എന്നാല്‍ കോവിഡിന്റെ സാഹചര്യത്തില്‍ പുതിയ ഡിക്രി പറയുന്നത് വീടിന് വെളിയില്‍ ഇറങ്ങാന്‍ കഴിയാത്തവര്‍ക്ക് മരിച്ചുപോയ ആത്മാക്കള്‍ക്കായി വീട്ടിലിരുന്ന് മനസ്സുകൊണ്ട് പ്രാര്‍ത്ഥിച്ചാലും മതിയാകും. വിശുദ്ധ ജെര്‍ത്രൂദിന്റെ പ്രാര്‍ത്ഥന ചൊല്ലുന്നതും ഫലപ്രദമാണ്. കുമ്പസാരത്തിനും വിശുദ്ധകുര്‍ബാനയ്ക്കും പോകാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ കഴിയുന്നവര്‍ അവസരമുണ്ടാകുമ്പോള്‍ എത്രയും പെട്ടെന്ന് തന്നെ അവനിറവേറ്റുമെന്ന് വാഗ്ദാനം നേര്‍ന്ന് ഈശോയുടെയും മാതാവിന്റെയും രൂപത്തിന് മുമ്പില്‍ മരിച്ചുപോയവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന, ജപമാല, കരുണയുടെ ജപമാല, മറ്റ് പ്രാര്‍ത്ഥനകള്‍ എന്നിവയെല്ലാം ചൊല്ലേണ്ടതാണ്. പരിശുദ്ധപിതാവിന് വേണ്ടി 1 സ്വര്‍ഗ്ഗ 1 നന്മ നിറഞ്ഞ മറിയമേ 1 ത്രീത്വസ്തുതി എന്നിവയും ചൊല്ലേണ്ടതാണ്.

നവംബര്‍ ഒന്നുമുതല്‍ എട്ടുവരെയാണ് പൂര്‍ണ്ണദണ്ഡവിമോചനം സഭ നല്കിയിരുന്നതെങ്കിലും കോവിഡിന്റെ സാഹചര്യത്തിലാണ് നവംബര്‍ മാസം മുഴുവനും ഇപ്രകാരത്തിലുളള ദണ്ഡവിമോചനം നല്കിയിരിക്കുന്നത്.