പാക്കിസ്ഥാനില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ എത്രയും പെട്ടെന്ന് ഹാജരാക്കാനും ഗവണ്‍മെന്റ് ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റാനും കോടതി ഉത്തരവ്

സിന്ധ്: പാക്കി്സ്ഥാനില്‍ നിന്ന് തട്ടിക്കൊണ്ടുപോയി നിര്‍ബന്ധപൂര്‍വ്വം മതം മാറ്റി വിവാഹം ചെയ്ത ക്രൈസ്തവ പെണ്‍കുട്ടിയെ എത്രയും പെട്ടെന്ന് കോടതിക്ക് മുമ്പ് ഹാജരാക്കാനും ഗവണ്‍മെന്റ് ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റാനും കോടതി ഉത്തരവിട്ടു. സിന്ധ് ഹൈക്കോടതിയാണ് ഈ ഉത്തരവ് ഇറക്കിയിരിക്കുന്നത്. നവംബര്‍ അഞ്ചിന് മുമ്പ് പെണ്‍കുട്ടിയെ ഹാജരാക്കാനാണ് ഓര്‍ഡര്‍. അര്‍സൂ രാജ എന്ന ക്രൈസ്തവ പെണ്‍കുട്ടിയെയാണ് വീടിന് സമീപത്തു നിന്ന് തട്ടിക്കൊണ്ടുപോയി 44 കാരനായ മുസ്ലീം മതം മാറ്റി വിവാഹം ചെയ്തത്.

ഒക്ടോബര്‍ 13 നാണ് ഈ സംഭവം നടന്നത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം ചെയ്തത് എന്നുമാണ് പ്രതിഭാഗത്തിന്റെ നിലപാട്. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് സിന്ധ് കോടതിയുടെ ഉത്തരവ്. പാക്കിസ്ഥാനിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടന്നുകൊണ്ടിരിക്കുന്ന പീഡനങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും എതിരെ രാജ്യവ്യാപകമായ പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുകയാണ്.

തട്ടിക്കൊണ്ടുപോയി മതം മാറ്റി വിവാഹം ചെയ്യലിന് വിധേയരാകേണ്ടിവരുന്നു എന്നത് ന്യൂനപക്ഷസമുദായം നേരിടുന്ന വലിയ ഭീഷണിയാണ്. പതിനായിരത്തോളം ഹൈന്ദവ- ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ഇപ്രകാരം തട്ടിക്കൊണ്ടുപോകലിന് വിധേയരാകുന്നു എന്നതാണ് കണക്ക്. വര്‍ഷം തോറും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്.