ഇസബെല്‍ ക്രിസ്റ്റീന മ്രാഡ് കോംപോസ്: ശുദ്ധതയുടെ കൂട്ടുകാരിയും ബ്രസീലിന്റെ മരിയ ഗൊരേത്തിയും

പുതിയ കാലത്തെ യുവജനങ്ങള്‍ക്ക് ഉദാത്ത മാതൃകയായി വരുംകാലങ്ങളില്‍ ഉയര്‍ത്തിപ്രതിഷ്ഠിക്കാവുന്ന ഒരു ജീവിതമാണ് ക്രിസ്റ്റീന മ്രാഡ് കാംപോസ് എന്ന പുണ്യജീവിതത്തിന്റേത്. വിശുദ്ധിക്കെതിരായി പാപം ചെയ്യാന്‍ അവസരമുണ്ടായിട്ടും അതിന് വിരുദ്ധമായി മരണം സ്വീകരിക്കാന്‍ തയ്യാറായവള്‍. ഇസബെല്ലിന്റെ ജീവിതകഥ ഇങ്ങനെ ആരംഭിക്കുന്നു. 1962 ജൂലൈ 29 നായിരുന്നു ഇസബെല്ലിന്റെ ജനനം.

ഉത്തമകത്തോലിക്കാ വിശ്വാസികളായിരുന്നു മാതാപിതാക്കള്‍. സഭയുടെ എല്ലാ വിധ പ്രവര്‍ത്തനങ്ങളിലും ഭാഗഭാക്കായിരുന്നു അവള്‍. സെന്റ് വിന്‍സെന്റ് ഡി പോള്‍ സംഘടന അതിലൊന്നായിരുന്നു. കുട്ടികളുടെ ഡോക്ടറാകണമെന്നായിരുന്നു അവളുടെ ആഗ്രഹം. കന്യാസ്ത്രീകള്‍ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളിലായിരുന്നു അധ്യയനം മുഴുവന്‍. എല്ലാവരുമായി നല്ല ബന്ധം പുലര്‍ത്തിപ്പോന്നിരുന്ന അവള്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒന്നുപോലെ പ്രിയപ്പെട്ടവളായിരുന്നു. ഇരുപതാം വയസില്‍ മെഡിക്കല്‍ കോളജില്‍ അഡ്മിഷന്‍ കിട്ടുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ക്കായി അവളും സഹോദരനും കൂടി ജൂയിസ് ദെ ഫോറ എന്ന നഗരത്തിലേക്ക് താമസം മാറി. വാടകയ്ക്ക് ഒരു അപ്പാര്‍ട്ട്‌മെന്റ് ഇരുവരും ചേര്‍ന്നുവാങ്ങി. ദേവാലയത്തിനോട് ചേര്‍ന്നുള്ള വീടായിരുന്നതിനാലാണ് ഇസബെല്‍ അത് വാങ്ങിയതുതന്നെ. ദിവ്യകാരുണ്യാരാധനയ്ക്കും വിശുദ്ധ കുര്‍ബാനയ്ക്കും എല്ലാം അതേറെ സൗകര്യമാണെന്ന് അവള്‍ക്കറിയാമായിരുന്നു. അപ്പാര്‍ട്ട്‌മെന്റിലേക്ക് ആവശ്യമായത് പലതും വാങ്ങിയ കൂട്ടത്തില്‍ വാര്‍ഡ്‌റോബ് ക്ലോസറ്റുമുണ്ടായിരുന്നു. അത് ഘടിപ്പിക്കാനായി അവള്‍ക്ക് ഒരു പ്ലംബറെ ആവശ്യമായിരുന്നു.

1982 ഓഗസ്റ്റ് 30 അവള്‍ കൂലിക്ക് വിളിച്ച ആ ചെറുപ്പക്കാരന്‍ ജോലിക്കായെത്തി. പക്ഷേ അയാളെ കണ്ടമാത്രയില്‍ തന്നെ അവള്‍ക്ക് അസ്വസ്ഥതയാണ് അനുഭവപ്പെട്ടത്. അതിന് പുറമെ അയാള്‍ അവളോട് പ്രണയാഭ്യര്‍ത്ഥന നടത്തുക കൂടി ചെയ്തപ്പോള്‍ അവളുടെ അസ്വസ്ഥത ഇരട്ടിയായി. ജോലി വേഗം പൂര്‍ത്തിയാക്കി പോകാനായിരുന്നു ഇസബെല്ലിന്റെ മാന്യതയോടെയുള്ള മറുപടി. പക്ഷേ ഫിറ്റ് ചെയ്യുന്നതിന്റെ ഏതോ ഒരു ഘടകം നഷ്ടമായിട്ടുണ്ടെന്നും അതുണ്ടെങ്കില്‍ മാത്രമേ ജോലി പൂര്‍ത്തിയാകൂ എന്നു പറഞ്ഞ് അയാള്‍ പുറത്തേക്ക് പോയി. രണ്ടുദിവസങ്ങള്‍ക്കുള്ളില്‍ ജോലി പൂര്‍ത്തിയാക്കാം എന്ന് പറഞ്ഞ് ഇറങ്ങിപ്പോയ അയാള്‍ സെപ്തംബര്‍ ഒന്നിന്് വീണ്ടുമെത്തി.

പക്ഷേ ജോലി ചെയ്യാനായിരുന്നില്ല അയാളുടെ അന്നത്തെ ലക്ഷ്യം. മറിച്ച് അവളെ തന്റെ ഇംഗിതത്തിന് കീഴ്‌പ്പെടുത്താനായിരുന്നു. തന്നെ ആക്രമിക്കാന്‍ വന്ന അയാളെ അവള്‍ തള്ളിമാറ്റിക്കൊണ്ട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇച്ഛാഭംഗം നേരിട്ട അയാള്‍ അവളെ നിലത്തേക്ക് തള്ളിയിടുകയും കസേരയെടുത്ത് അവളെ അടിക്കുകയും ചെയ്തു. എന്നാല്‍ ആവതുപോലെ പ്രതിരോധിക്കാന്‍ അവള്‍ ശ്രമിച്ചു. പക്ഷേ അയാള്‍ ബെഡ്ഷീറ്റെടുത്ത് അവളുടെ കൈകള്‍ കെട്ടുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തു. എങ്കിലും അവളെ മാനഭംഗപ്പെടുത്താന്‍ അയാള്‍ക്കായില്ല. കോപാക്രാന്തനായ അയാള്‍ അവളെകുത്തിക്കൊന്നു. പതിനഞ്ച് കുത്തായിരുന്നു ശരീരത്തിനേറ്റത്. ശുദ്ധതയ്‌ക്കെതിരെ തിന്മ ചെയ്യാന്‍ വിസമ്മതിച്ച ഇസബെല്ലയെ മരിയ ഗൊരേത്തി എന്നാണ് അവളുടെ കഥയറിഞ്ഞവര്‍ വിശേഷിപ്പിച്ചത്.

2001 ജനുവരി 26 ന് അവളെ ദൈവദാസിയായി പ്രഖ്യാപിച്ചു. 2009 സെപ്തംബറില്‍ ധന്യയായി പ്രഖ്യാപിച്ചു. 2020 ഒക്ടോബറില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അവളുടെ വീരോചിത പുണ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് ഡിക്രിയില്‍ ഒപ്പുവയ്ക്കുകയുണ്ടായി. ഇനി ഇസബെല്‍ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെടാന്‍ തീയതി മാത്രം അറിഞ്ഞാല്‍ മതി.