ഫ്രാന്‍സിലെ ഭീകരാക്രമണങ്ങള്‍ക്ക് ശേഷം കത്തോലിക്കാ ദേവാലയങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരായി മുസ്ലീം യുവജനങ്ങള്‍

പാരീസ്: ലോകത്തെ നടുക്കിക്കളഞ്ഞ കത്തോലിക്കാ ദേവാലയങ്ങളുടെ നേര്‍ക്കുള്ള ഭീകരാക്രമണങ്ങള്‍ക്ക് ശേഷം ദേവാലയങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ പ്രതിജ്ഞാബദ്ധരായി ഒരു സംഘം യുവജനങ്ങള്‍ മുന്നോട്ടുവന്നിരിക്കുന്നു. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും കൂട്ടാളികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ചെറുപ്പക്കാരാണ് ഇവര്‍. തങ്ങളുടെ ടൗണിലെ കത്തീഡ്രല്‍ ദേവാലയത്തിന് വെളിയില്‍ സകല വിശുദ്ധരുടെയും തിരുനാള്‍ ദിനത്തില്‍ പ്രതീകാത്മകമായി ഇവര്‍ നിലയുറപ്പിച്ചു. കത്തോലിക്കാ വിശ്വാസികളോടുള്ള ഐകദാര്‍ഢ്യം പ്രകടിപ്പിക്കാനുള്ള മാര്‍ഗ്ഗമെന്ന നിലയിലായിരുന്നു അത്.

മുസ്ലീം ചെറുപ്പക്കാരുടെ ഈ പ്രതിബദ്ധത കലാപകലുഷിതമായ ഈ ലോകത്ത് ഏറെ പ്രതീക്ഷ നല്കുന്നുണ്ടെന്ന് ലൊഡേവ് ദേവാലയത്തിന് വെളിയില്‍ നിലയുറപ്പിച്ച ഈ ചെറുപ്പക്കാരെക്കുറിച്ച് ഇടവകവൈദികരും ഇടവകക്കാരും അഭിപ്രായപ്പെട്ടു. അക്രമത്തിനെതിരെ ഈ യുവാക്കള്‍ ഏറെ പ്രതീക്ഷ നല്കുന്നു. ഫാ. ലൂയിസ് പറഞ്ഞു.