ദിവ്യകാരുണ്യത്തിന് വേണ്ടി സ്വജീവന്‍ നഷ്ടപ്പെടുത്തിയ കൗമാരക്കാരന്‍ വാഴ്ത്തപ്പെട്ടവനായി

ബാഴ്‌സലോണ: സഗ്രാഡ ഫാമലിയ ബസിലിക്കയില്‍ വച്ച് ശനിയാഴ്ച ജോവാന്‍ റോയിഗ് ഡിഗ്ലെയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചപ്പോള്‍ അത് ദിവ്യകാരുണ്യത്തിന് വേണ്ടി സ്വജീവന്‍ നഷ്ടപ്പെടുത്തിയ ഒരു കൗമാരക്കാരന്റെ അസാധാരണമായ ജീവിതവിശുദ്ധിയുടെ തിളക്കമേറിയ നിമിഷമായി മാറുകയായിരുന്നു. സ്‌പെയ്‌നിലെ ആഭ്യന്തരയുദ്ധകാലത്താണ് ശത്രുക്കളുടെ വെടിയുണ്ടകളേറ്റ് ജോവാന്‍ ധീരരക്തസാക്ഷിത്വം വരിച്ചത്. ദിവ്യകാരുണ്യത്തെ അക്രമികള്‍ക്ക് വിട്ടുകൊടുക്കാതിരിക്കാനുള്ള പോരാട്ടമായിരുന്നു ആ ധീരരക്തസാക്ഷിത്വത്തിന് കാരണമായത്.

ആദിമ ക്രൈസ്തവരുടെ ധീരരക്തസാക്ഷിത്വം ജോവാനെ ഏറെ പ്രചോദിപ്പിച്ചിരുന്നു. ഒടുവില്‍ അദ്ദേഹത്തിനും അതേ വഴിയിലൂടെ സഞ്ചരിക്കേണ്ടിവന്നുവെന്നതും യാഥാര്‍ത്ഥ്യം. 1917 മെയ് 12 ന് ബാഴ്‌സലോണയിലായിരുന്നു ജനനം. ഫെഡറേഷന്‍ ഓഫ് യംങ് ക്രിസ്ത്യന്‍സ് ഓഫ് കാറ്റലോണിയ എന്ന സംഘടനയില്‍ അംഗമായിരുന്നു. ദിവസത്തിലെ രണ്ടുമണിക്കൂര്‍ പതിവായി ആത്മീയമായ ഉന്നതിക്കും ശ്രേയസിനും വേണ്ടി നീക്കിവച്ചിരുന്നു. വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യസ്വീകരണം, ധ്യാനം എന്നിവയ്ക്കുവേണ്ടിയായിരുന്നു അത്. ദിവ്യകാരുണ്യനാഥനെ എല്ലാദിവസവും സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ 40 വൈദികരുള്‍പ്പടെ 300 യുവജനങ്ങള്‍ കൊല്ലപ്പെട്ടിരുന്നു.

ദേവാലയങ്ങള്‍ അഗ്നിക്കിരയാക്കുകയോ ആക്രമിക്കപ്പെടുകയോ ചെയ്തിരുന്നു. ദിവ്യകാരുണ്യം സ്വീകരിക്കാന്‍ ആഗ്രഹിക്കുകയും എന്നാല്‍ അവസരം നിഷേധിക്കപ്പെടുകയും ചെയ്തിരുന്നവര്‍ക്ക് വീടുകളില്‍ കൊണ്ടുചെന്ന് ദിവ്യകാരുണ്യം നല്കാന്‍ വൈദികന്‍ ജൂവാനെയാണ് നിയോഗിച്ചിരുന്നത്. അത്തരമൊരുയാത്രയ്ക്കിടയിലാണ് ജൂവാന്‍ ശത്രുക്കളുടെ വെടിയേറ്റ് മരിച്ചത്. അഞ്ചു വെടിയുണ്ടകളാണ് ആ ജീവനെടുത്തത്. ഞാന്‍ നിങ്ങളോട് ക്ഷമിക്കുന്നു. ദൈവവും നിങ്ങളോട് ക്ഷമിക്കട്ടെയെന്നായിരുന്നു ജൂവാന്റെ അവസാനവാക്കുകള്‍.

വിശ്വാസത്തിനും ദൈവത്തിനുംവേണ്ടി പോരാടിയ ഒരു പത്തൊമ്പതുവയസുകാരന്റെ അപൂര്‍വ്വശോഭയുള്ള ഒരു ജീവിതത്തിന്‌റെ ഇഹലോകത്തിലെ അന്ത്യംകുറിക്കലായിരുന്നു അത്. പക്ഷേ അവിടെ നിന്ന് മറ്റൊരു ജീവിതം ആരംഭിക്കുകയായിരുന്നു ആ ജീവിതത്തിന്റെ പരസ്യപ്പെടുത്തലാണ് ഇക്കഴിഞ്ഞ ശനിയാഴ്ച ജൂവാനെ വാഴ്ത്തപ്പെട്ടവനായി ഉയര്‍ത്തിയത്. ആധുനികക്രൈസ്തവ ലോകത്തിലെ യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും വലിയൊരു മാതൃകയാണ് ജൂവാനെന്ന് കര്‍ദിനാള്‍ ഓമെല്ലയും ക്രിസ്തീയ ദൈവവിളിയെ അതിന്റെ പൂര്‍ണ്ണതയില്‍ ജീവിച്ച വ്യക്തിയാണ് ജൂവാനെന്ന് ഫ്രാന്‍സിസ ്മാര്‍പാപ്പയും അഭിപ്രായപ്പെടുന്നു.