വത്തിക്കാന്‍ സിറ്റി: അത്ഭുതകാശുരൂപത്തിന്റെ മാതാവിന്റെ രൂപം ഫ്രാന്‍സിസ് മാര്‍പാപ്പ വെഞ്ചരിച്ചു. ഇന്നലെ പൊതുദര്‍ശന പരിപാടിയുടെ അവസാനമാണ് പാപ്പ മാതാവിന്റെ രൂപം വെഞ്ചരിച്ചത്. വിന്‍സെന്‍ഷ്യന്‍ കോണ്ഗ്രിഗേഷന് ഓഫ് ദ മിഷന്റെ നേതൃത്വത്തിലുള്ള ഇറ്റലി മുഴുവനുമുള്ള തീര്‍ത്ഥാടനത്തിന്റെ മുന്നോടിയായിട്ടാണ് രൂപം വെഞ്ചരിച്ചത്.
എല്ലാ ഭൂഖണ്ഡങ്ങളിലും സംഘര്‍ഷങ്ങളും ഭീതികളും നിലനില്‍ക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ അത്ഭുതകാശുരൂപത്തിന്റെ മാതാവിന്റെ രൂപം ദൈവത്തിന്റെ ദയാപൂര്‍ണ്ണമായ സ്നേഹം പ്രഘോഷിക്കുമെന്ന് വിന്‍സെന്‍ഷ്യന്‍ സുപ്പീരിയര്‍ ജനറല്‍ ഫാ. ടോമസ് അഭിപ്രായപ്പെട്ടു.
അത്ഭുതകാശുരൂപത്തിന്റെ മാതാവിന്റെ രൂപം വിശുദ്ധ കാതറിന് ലാബോറിന് മാതാവ് നല്കിയ അമലോത്ഭവദര്ശനത്തെ ആസ്പദമാക്കി രൂപമെടുത്തതതാണ്. ഡിസംബര്‍ ഒന്നുമുതല്ക്കാണ് തീര്‍ത്ഥാടനം ആരംഭിക്കുന്നത്. ഇറ്റലി മുഴുവനുമുള്ള തീര്‍ത്ഥാടനം അടുത്ത വര്‍ഷം നവംബര്‍ 22 ന് സര്‍ദിനിയായില്‍ സമാപിക്കും.