വിശ്വാസത്തില്‍ നിലനില്ക്കണമെന്ന് ആഗ്രഹമുണ്ടോ, ഈ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചാല്‍ മതി

വിശ്വാസജീവിതം ഏറെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഒരു അവസരമാണ് ഇത്. കൊറോണ എന്ന മഹാമാരി പലരുടെയും ജീവിതത്തില്‍ അനിശ്ചിതത്വവും ശൂന്യതയും വിതച്ചിരിക്കുന്നു. വിശ്വാസത്തെ സജീവമായി നിലനിര്‍ത്തിപ്പോന്നിരുന്ന കൂദാശകളുടെ അഭാവം പലരെയും നിരാശയ്ക്ക് അടിപ്പെടുത്തിയിട്ടുമുണ്ട്.ഈ അവസരങ്ങളില്‍ വ്യക്തിപരമായി വിശ്വാസത്തില്‍ കരുത്തു നേടാനായി നമുക്കെന്താണ് ചെയ്യാന്‍ കഴിയുന്നത്? നാലു തരം മാര്‍ഗ്ഗങ്ങളിലൂടെ നമുക്ക് ഇത് സാധ്യമാകും എന്നാണ് ആത്മീയഗുരുക്കന്മാര്‍ നിര്‍ദ്ദേശിക്കുന്നത്.
1 പ്രഭാതപ്രാര്‍ത്ഥന
പ്രഭാതത്തില്‍ ഉറക്കമുണര്‍ന്നെണീറ്റ ഉടനെ തന്നെ പ്രാര്‍ത്ഥിക്കുക. അന്നേ ദിവസത്തെ ദൈവത്തിന് സമര്‍പ്പിക്കുക. ചെയ്യാന്‍ പോകുന്ന എല്ലാ കാര്യങ്ങളിലും ദൈവികസാന്നിധ്യവും ഇടപെടലും അപേക്ഷിക്കുക.

2 പതിനഞ്ച് മിനിറ്റ് നേരത്തെ പ്രാര്‍ത്ഥന
വ്യക്തിപരമായി ദിവസവും 15 മിനിറ്റ് നേരം നാം പ്രാര്‍ത്ഥിക്കണം. ദൈവവുമായുള്ള സ്വകാര്യസംഭാഷണം. ഇത് ദൈവത്തോട് നമ്മെ കൂടുതല്‍ അടുപ്പിക്കും. രണ്ടു സുഹൃത്തുക്കള്‍ തമ്മിലുളള ഹൃദയംതുറന്ന സംസാരം പോലെ തന്നെയായിരിക്കണം അത്.

3 ആത്മീയപുസ്തകങ്ങളുടെ വായന
വിശുദ്ധ ഗ്രന്ഥം ഉള്‍പ്പടെയുള്ള ആത്മീയപുസ്തകങ്ങള്‍ ദിവസവും വായിക്കുക. വിശുദ്ധരുടെ ജീവചരിത്രങ്ങളും അവര്‍ എഴുതിയ പുസ്തകങ്ങളും എല്ലാം ഇതില്‍ ഉള്‍പ്പെടുത്തണം.

4 രാത്രിയിലുള്ള മനസ്സാക്ഷിപരിശോധന
രാത്രിയില്‍ കിടക്കാന്‍ പോകുന്നതിന് മുമ്പ് അന്നേ ദിവസത്തെ പ്രവര്‍ത്തനങ്ങളെയെല്ലാം വിലയിരുത്തുക. ചെയ്തുപോയ പിഴവുകള്‍ക്ക് മാപ്പ് ചോദിക്കുക. തെറ്റുകളും കുറ്റങ്ങളും വിലയിരുത്തുക. തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ദൈവത്തോട് കൃപ ചോദിക്കുക.