ഐഹികമായ രാജ്യത്തിന് വേണ്ടി പോര്‍വിളികളും ദിഗ്വിജയങ്ങളും നടത്തിയ രാരാജാക്കന്മാരെയേ ലോകം കണ്ടിട്ടണ്ടായിരുന്നുള്ളൂ ക്രിസ്തുവിനു മുമ്പും ശേഷവും അങ്ങനെ തന്നെയായിരുന്നു.. ശരീരത്തെ മുറിവേല്പിക്കുകയും ജീവനെ അപഹരിക്കുകയും ചെയ്യുന്നതിലൂടെയാണ് യുദ്ധവിജയം എന്നായിരുന്നു അന്നും ഇന്നും എല്ലാ രാജാക്കന്മാരും കരുതുന്നതും. അക്രമങ്ങളും അട്ടഹാസങ്ങളും തേരോട്ടങ്ങളും ആയുധങ്ങളും കൈമുതലാക്കി മറ്റുള്ളതെല്ലാം കൈവശമാക്കാനുള്ള തീവ്രശ്രമങ്ങളായിരുന്നു ഓരോ രാജാക്കന്മാരും നടത്തിയിരുന്നത്.
എന്നാല്‍ ക്രിസ്തുവിലെത്തുമ്പോള് അവയെല്ലാം തലകീഴായ് മറിയുന്നു. തന്റെ രാജ്യം ഐഹികമല്ലെന്ന് ധീരമായ നയപ്രഖ്യാപനം നടത്തി ഈ ലോകത്തിന് മീതെ തല ഉയര്‍ത്തി നിന്ന ഒരേയൊരു രാജാവ്. അത് ക്രിസ്തുവായിരുന്നു. ക്രിസ്തു മാത്രമായിരുന്നു. തന്റെ രാജ്യം നടപ്പില്‍വരുത്താന്‍ അവനൊരിക്കലും ചോരപ്പുഴയൊഴുക്കിയില്ല, ഒരാളെയും മുറിവേല്പിച്ചില്ല, ഉപജാപപ്രവര്‍ത്തനങ്ങള്‍ നടത്തിയില്ല. തേരോട്ടങ്ങള്‍ നടത്തിയില്ല. അക്രമണോത്സുകമായ യുദ്ധങ്ങള്‍ക്ക് ആഹ്വാനം മുഴക്കിയുമില്ല.
പകരം സ്വന്തം രക്തം ചിന്തി, സ്നേഹം കൊണ്ടും ക്ഷമ കൊണ്ടും ലോകത്തെ കീഴടക്കാമെന്ന് കാണിച്ചുതന്നു. ഈ ലോകത്തെ കീഴടക്കാന്‍ അതിനെക്കാള്‍ ശക്തമായ ആയുധം മറ്റൊന്നില്ലെന്നു തെളിയിച്ചുതന്നു. അവന്റെ രാജ്യം വരണം എന്ന് പ്രാര്‍ത്ഥിക്കുന്നത് സമാധാനവും നീതിയും സന്തോഷവും പുലരുന്ന ഒരു രാജ്യം ഉണ്ടാവണം എന്ന ആഗ്രഹം കൊണ്ടുകൂടിയാവണം. ഐഹികമായതിനുമപ്പുറം നില്ക്കുന്ന ഒരു രാജ്യം.
ക്രിസ്തു എങ്ങനെയാണ് അണ്ഡകടാഹത്തിലെയും ലോകാരംഭം മുതല്‍ അവസാനം വരെയുള്ള എല്ലാ രാജാക്കന്മാര്ക്കും മാതൃകയും പ്രചോദനവുമാകുന്നതെന്ന് മനസ്സിലാക്കാന്‍ ആ ജീവിതത്തെ ഇത്തിരിയെങ്കിലും ധ്യാനത്തോടെ സമീപിച്ചാല്‍ മതി. എന്തായാലും ഇങ്ങനെയൊരു രാജാവിനെ ഇനി ലോകം കാണില്ല, ചരിത്രം രേഖപ്പെടുത്തില്ല. അധികാരം ദൈവത്തില്‍ നിന്നാണെന്ന് മനസ്സിലാക്കി പുതിയ വെളിച്ചത്തോടെ അധികാരം പ്രയോഗിക്കാന്‍ ഈ ക്രിസ്തുരാജത്വതിരുനാള്‍ എല്ലാവര്ക്കും പ്രചോദനമാകട്ടെ
റെഡ്സ് മീഡിയായുടെ എല്ലാ പ്രിയപ്പെട്ടവര്‍ക്കും ക്രിസ്തുരാജത്വതിരുനാള്‍ മംഗളങ്ങള്‍.
വിനായക്