ലണ്ടന്‍: കോവിഡ് കാലത്ത് തോക്കുചൂണ്ടിക്കാട്ടി തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതം മാറ്റുകയും പിന്നീട് മുസ്ലീമിന്റെ ഭാര്യയായിത്തീരുകയും ചെയ്ത ക്രൈസ്തവ പെണ്‍കുട്ടിക്ക് അഭയം നല്‍കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണോട് യുകെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘടന ആവശ്യപ്പെട്ടു.
മരിയ ഷഹബാസ് എന്ന ക്രൈസ്തവ പെണ്‍കുട്ടിക്കു വേണ്ടിയാണ് കാത്തലിക് ചാരിറ്റി എയ്ഡ് റ്റു ചര്‍ച്ച് ഇന്‍ നീഡ് ഓണ്‍ലൈനിലൂടെ പ്രധാനമന്ത്രിയോട് അപേക്ഷ നടത്തിയത്. മുഹമ്മദ് നാകാഷ് എന്ന മുസ്ലീമാണ് മരിയയെ ഏപ്രിലില്‍ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തത്. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നപ്പോള്‍ തട്ടിക്കൊണ്ടുപോയ ആള്‍ക്കൊപ്പം ജീവിക്കാനാണ് മരിയായോട് ലാഹോര്‍ ഹൈക്കോടതി ഉത്തരവിട്ടത്. ഇതിന് തൊട്ടുപിന്നാലെ ഓഗസ്റ്റില്‍ മരിയ ഭര്‍ത്താവ് എന്ന് അവകാശപ്പെടുന്ന മുഹമ്മദിന്റെ വീട്ടില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു.
ഇപ്പോള്‍ മരിയായുടെ ജീവന് ഭീഷണി നേരിടുകയാണെന്നും അവളെ കൊന്നുകളയുമെന്ന് മതമൗലികവാദികള്‍ ഭീഷണി മുഴക്കുന്നുണ്ടെന്നും ചാരിറ്റി അറിയിച്ചു. ഇത്തരമൊരു സാഹചര്യത്തിലാണ് മരിയായ്ക്ക് അഭയം നല്‍കണമെന്ന് ബ്രിട്ടനോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.