അര്‍ജന്റീന: അതിജീവനത്തിന്റെ ഉദാത്ത മാതൃകയാണ് ഫുട്ബോള്‍ ഇതിഹാസമായിരുന്ന മറഡോണയെന്നും അദ്ദേഹം ഒരിക്കലും തന്റെ വേരുകള്‍ മറന്നിരുന്നില്ലെന്നും അര്‍ജന്റീനയിലെ ബിഷപ് എഡ്വാര്‍ഡോ ഗാര്‍സിയോ. അറുപതാം വയസില്‍ ആകസ്മികമായി ജീവിതക്കളിക്കളം വിട്ടൊഴിഞ്ഞ മറഡോണയുടെ ആത്മാവിന് നിത്യശാന്തി നേര്‍ന്നുകൊണ്ടുള്ള അനുശോചന സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വളരെ ദുഷ്ക്കരമായ ജീവിതസാഹചര്യങ്ങളില്‍ വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക് നല്ലൊരു ഭാവിയെക്കുറിച്ച് സ്വപ്നം കാണാന്‍ മറഡോണയുടെ ജീവിതം പ്രേരണയാകുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ വേരുകള്‍ മറക്കാതെ പ്രധാനപ്പെട്ട ഇടങ്ങളില്‍ എത്തിച്ചേര്‍ന്ന വ്യക്തിയായിരുന്നു മറഡോണ. അദ്ദേഹത്തിന്റെ ആത്മശാന്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. ദൈവം അദ്ദേഹം സ്നേഹത്തോടും കരുണയോടും കൂടി നോക്കുകയും ചെയ്യട്ടെ. അനുശോചനസന്ദേശത്തില്‍ പറയുന്നു. ഹൃദയസ്തംഭനം മൂലമാണ് മറഡോണ മരണമടഞ്ഞത്. ദശാബ്ദങ്ങളോളം അദ്ദേഹം മയക്കുമരുന്നിനും മദ്യത്തിനും അടിമയായിരുന്നു.
രണ്ടുവര്‍ഷമായി ലഹരിമുക്ത ജീവിതമായിരുന്നു നയിച്ചിരുന്നത്. വിവിധ സാഹചര്യങ്ങളില്‍ മറഡോണയുമായി കണ്ടുമുട്ടിയ നിമിഷങ്ങളെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയും അനുസ്മരിച്ചതായി വത്തിക്കാന്‍ പത്രക്കുറിപ്പ് വ്യക്തമാക്കി.