കോവിഡിന്റെ നടുവിലും ക്രൈസ്തവ മതപീഡനം വര്‍ദ്ധിക്കുന്നു

വാഷിംങ്ടണ്‍: കൊറോണയ്ക്ക് മുമ്പില്‍ ലോകം അന്തിച്ചുനില്ക്കുമ്പോളും പലയിടങ്ങളിലും ക്രൈസ്തവര്‍ക്ക് നേരെയുള്ള മതപീഡനങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി വാര്‍ത്ത. എയ്ഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. അന്യായപൂര്‍വ്വം 309 ക്രൈസ്തവരെങ്കിലും ഓരോ മാസവും ജയിലില്‍ അടയ്ക്കപ്പെടുന്നു. ആയിരത്തോളം പേര്‍ തട്ടിക്കൊണ്ടുപോകലിന് ഇരയാക്കപ്പെടുന്നു. റിപ്പോര്‍ട്ട് പറയുന്നു. അമ്പത് രാജ്യങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടാണ് ഇത്. മതതീവ്രവാദികളും ഇതര മതവിശ്വാസികളും ക്രൈസ്തവന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുകൊണ്ട് ലോകം മുഴുവനും പീഡനങ്ങള്‍ അഴിച്ചുവിടുന്നു.

ഇതില്‍ ഏറ്റവും അധികം ഇരകളാക്കപ്പെടുന്നത് ക്രൈസ്തവരാണ്. നൈജീരിയായില്‍ ലോക്ക് ഡൗണ്‍ കാലത്ത് ഫുലാനികള്‍ ക്രൈസ്തവരെ പീഡിപ്പിച്ചതും ചൈനയിലെ ഫുജിയാന്‍ പ്രോവിന്‍സില്‍ അധികാരികള്‍ അധോതല സഭയില്‍ റെയ്ഡ് നടത്തിയതും പ്രാര്‍ത്ഥനാസമ്മേളനങ്ങളില്‍ പങ്കെടുത്തവരെ വലിച്ചിഴച്ചതും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാനില്‍ ഡസണ്‍ കണക്കിന് ക്രൈസ്തവരെയാണ് ജൂലൈയില്‍ അറസ്റ്റ് ചെയ്തത്.

മൂന്നിലൊന്ന് കേസുകളിലും കുറ്റം ചുമത്താറില്ല. പലപ്പോഴും വിശ്വാസസംബന്ധമായ കാര്യങ്ങളുടെ പേരിലാണ് അറസ്റ്റ്. നൈജീരിയായില്‍ നിന്ന് 220 ലേറെ ക്രൈസ്തവകര്‍ ഓരോ വര്‍ഷവും തടവിലാക്കപ്പെടുന്നു. വൈദികരും സന്യസ്തരും ഇതിന് ഇരകളാകുന്നു. പാക്കിസ്ഥാനിലും ഈജിപ്തിലും ക്രൈസ്തവപെണ്‍കുട്ടികള്‍ തട്ടിക്കൊണ്ടുപോകപ്പെടുന്നു.ന ിര്‍ബന്ധിത വിവാഹത്തിനും മതപരിവര്‍ത്തനത്തിനും അവര്‍ ഇരകളാകുന്നുണ്ട്. ക്രൈസ്തവരുടെ പ്രാര്‍ത്ഥനാസമ്മേളനങ്ങളെ സദാ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഭരണാധികാരികളുമുണ്ട്. റിപ്പോര്‍ട്ട് പറയുന്നു.