മംഗളവാര്‍ത്തക്കാലം
ആറാം ദിവസം
അസ്വസ്ഥം
ആറാം മാസം ഗബ്രിയേല്‍ ദൂതന് ഗലീലിയില്‍ നസ്രത്ത് എന്ന പട്ടണത്തില്‍ ദാവീദിന്റെ വംശത്തില്പെട്ട ജോസഫ് എന്നു പേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക് ദൈവത്താല്‍ അയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു….. അപ്പോള്‍ ദൂതന് അവളുടെ മുമ്പില്‍ നിന്ന് മറഞ്ഞു.( ലൂക്ക 1: 26-38)
ഒരുപാട് കാര്യങ്ങളെയോര്‍ത്ത് അസ്വസ്ഥപ്പെടുന്നവരാണ് നമ്മള്. വി്ദ്യാര്ത്ഥിക്കാലത്ത് പരീക്ഷയുടെ വിജയമോര്‍ത്ത്, ഉദ്യോഗാര്‍ത്ഥിയായി അലയുന്ന കാലത്ത് തൊഴിലിനെയോര്ത്ത്, വിവാഹജീവിതത്തിനൊരുങ്ങുമ്പോള് ഇണയെയോര്ത്ത്, പിന്നീട് കുടുംബമുണ്ടായിക്കഴിയുമ്പോള്‍ മക്കളെയോര്‍ത്ത്… മനുഷ്യന് അസ്വസ്ഥപ്പെടാന്‍ എന്തുമാത്രം കാരണങ്ങളാണ് ഈ ലോകത്തില്‍.. മേല്പ്പറഞ്ഞതൊക്കെ വലിയ വലിയ കാര്യങ്ങളാണെങ്കില്‍ തീരെ ചെറിയ കാര്യങ്ങളുടെ പേരിലും അസ്വസ്ഥതപ്പെടുന്നതില് നാം പിന്നിലൊന്നുമല്ല. ഒരുവണ്ടി കാത്തുനില്‍ക്കുമ്പോഴോ ഫോണ്‍ രണ്ടുതവണ വിളിച്ചിട്ട് മറുപടി കിട്ടാതെ വരുമ്പോള്‍ പോലുമോ നാം എന്തുമാത്രമാണ് അസ്വസ്ഥപ്പെടുന്നത്! ഇതൊക്കെ സാധാരണ കാര്യങ്ങളാണ്. എന്നാല്‍ വചനം കേട്ട് നമ്മില്‍ എത്ര പേര് അസ്വസ്ഥരാകുന്നുണ്ട്? ദൈവകൃപ നിറഞ്ഞവളേ സ്വസ്തി കര്‍ത്താവ് നിന്നോടുകൂടെ ഈ വചനം കേള്‍ക്കുമ്പോള്‍ അസ്വസ്ഥയാകുന്ന മറിയത്തെയാണ് നാം ഈ തിരുവചനഭാഗത്ത് കാണുന്നത്. തിരുവചനം കേള്‍ക്കുമ്പോള്‍ നമ്മില്‍ പലരും അസ്വസ്ഥരാകുന്നതേയില്ല എന്നതാണ് സത്യം. കാരണം നമ്മില്‍ ഭൂരിപക്ഷത്തെയും വചനം സ്പര്‍ശിക്കുന്നതേയില്ല. നമുക്ക് മീതെ കടന്നുപോകുന്ന, നമ്മെ തൊടാതെപോകുന്ന വചനങ്ങള്‍. സത്യത്തില്‍ ഇത് വലിയൊരു ആത്മീയദുരന്തമാണ്. എത്രയെത്ര വചനം കേള്‍ക്കുമ്പോഴും നാം അസ്വസ്ഥരാകാത്തത് നമ്മുടെ ഹൃദയകാഠിന്യം മൂലമാണ്. വചനം ഒരിക്കലും നമുക്ക് സ്വസ്ഥത തരുന്നില്ല. വചനം അസ്വസ്ഥപ്പെടുത്തിയതുമുതല്ക്കാണ് പലരുടെയും ജീവിതങ്ങള്‍ തലകീഴായി മറിഞ്ഞത്. യജമാനനെ സേവിക്കുന്നതാണോ ദാസനെ സേവിക്കുന്നതാണോ നല്ലതെന്ന ചോദ്യം അസ്സീസിയിലെ പ്രഭുകുമാരനെ പിന്നീട് ദൈവത്തിന്റെ നിസ്വനാക്കി. ലോകം മുഴുവന്‍ നേടിയാലും നിന്റെ ആത്മാവ് നഷ്ടമായാല്‍ എന്തുപ്രയോജനം എന്ന വചനം ഫ്രാന്‍സിസ് സേവ്യറിനെ സഭ കണ്ടതിലും വച്ചേറ്റവുംവലിയ മിഷനറിയാക്കി. ഇങ്ങനെയൊക്കെയാണ് വചനം അസ്വസ്ഥമാകുമ്പോള്‍ വ്യക്തികളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍. വചനം അസ്വസ്ഥപ്പെടുത്തട്ടെ. നമ്മുടെജീവിതങ്ങള്മ ാറിമറിയട്ടെ.
വിഎന്‍