വിവാഹാലോചന നിരസിച്ചു. പാക്കിസ്ഥാനില്‍ ക്രൈസ്തവ യുവതിയെ മുസ്ലീം യുവാവ് വെടിവച്ചുകൊന്നു

റാവല്‍പ്പിണ്ടി:നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും വിവാഹത്തിനും വിസമ്മതം പറഞ്ഞതിന്റെ പേരില്‍ മുസ്ലീം യുവാവ് ക്രൈസ്തവ യുവതിയെ വെടിവച്ചുകൊന്നു. സോണിയാ ബീബി എന്ന 24 കാരിയാണ് നവംബര്‍ 30 ന് വെടിയേറ്റ് മരിച്ചത്. റാവല്‍പ്പിണ്ടിയിലെ ഫാസിയ സ്‌റ്റോപ്പില്‍ വച്ചാണ് വെടിയേറ്റത്. ഇസ്ലാമബാദിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുന്ന വഴിക്ക് മരണം സംഭവിച്ചു. ഫൈസാന്‍, ഷെഷാദ് എന്നീ യുവാക്കളാണ് കൊലപാതകത്തിന് പിന്നില്‍..

കഴിഞ്ഞ അഞ്ചുമാസമായി സോണിയായെ വിവാഹം ചെയ്യണമെന്ന ആഗ്രഹവുമായി ഷെഷാദ് പുറകെ നടക്കുകയായിരുന്നു. വിവാഹാലോചനയുമായി തന്റെ അമ്മയെ അയാള്‍ സോണിയായുടെ വീട്ടിലേക്ക് പറഞ്ഞയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ മുസ്ലീം- ക്രൈസ്തവ വിഭാഗങ്ങള്‍ തമ്മിലുള്ള വിവാഹം ആയതിന്റെ പേരില്‍ ആലോചന തള്ളിക്കളയുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് വെളിപെടുത്തി, ആറു മക്കളുടെ കുടുംബത്തിലെ മൂത്ത സന്താനമാണ് സോണിയ.

മതം മാറി വിവാഹം കഴിക്കാന്‍ സോണിയ തയ്യാറായിരുന്നെങ്കില്‍ അവള്‍ക്കൊരിക്കലും ജീവന്‍ നഷ്ടമാകില്ലായിരുന്നു. മൂവ്‌മെന്റ് ഫോര്‍ ടോളറന്‍സിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ റാവദരി ടെഹ്‌റീക് കുറിച്ചു. പാക്കിസ്ഥാനില്‍ മതന്യൂനപക്ഷങ്ങളുടെ നേര്‍ക്ക് നിരവധിയായ അക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനവും വിവാഹവും അതില്‍ പ്രധാനപ്പെട്ടതാണ്.