മംഗളവാര്‍ത്താക്കാലം
ഏഴാംദിവസം
ഞാന്‍ പിതാവിലും പിതാവ് എന്നിലും ആണെന്ന് ഞാന്‍ പറയുന്നത് വിശ്വസിക്കുവിന്‍. അല്ലെങ്കില്‍ പ്രവൃത്തികള്‍ മൂലം വിശ്വസിക്കുവിന്‍…. എന്റെ നാമത്തില്‍ നിങ്ങള്‍ എന്നോട് എന്തെങ്കിലും ചോദിച്ചാല്‍ ഞാനത് ചെയ്തുതരും. ( യോഹ 14: 11-14)
വാക്കുകളില്‍ പലപ്പോഴും വിശ്വസിച്ചുപോയിട്ടുണ്ട്, പലരെയും പലതവണ.പക്ഷേ ജീവിതത്തിലെ ചില നിര്‍ണ്ണായക നിമിഷങ്ങളില്‍ അവയൊക്കെയും പാളിപ്പോയിട്ടുണ്ട്. കബളിപ്പിക്കപ്പെട്ടു എന്ന തോന്നല്‍ ജീവിതത്തില്‍ പല തവണ അങ്ങനെ അനുഭവിച്ചിട്ടുണ്ട്. അതേല്പിച്ച ആഘാതം കനത്തതായിരുന്നു
പ്രവൃത്തിയിലേക്ക് എത്താതെ പോയ വാക്കുകള്‍. പ്രവൃത്തികളാണ് വിശ്വാസം ഉറപ്പിക്കുന്നത്. വാക്കുകള്‍ കൊണ്ട് നിങ്ങള്‍ക്ക് ആരെയും കബളിപ്പിക്കാം. ആരെയും കൊതിപ്പിക്കാം. ആരുടെയും വിശ്വാസം കവരാം.എന്നാല്‍ അവയൊക്കെ പ്രവൃത്തിയിലെത്തുക കൂടി ചെയ്യണം.എങ്കില്‍ മാത്രമേ വാക്കുകളും പ്രവൃത്തികളും ഒരുമിച്ചുചേരുകയുള്ളൂ. നിങ്ങളുടെ വാക്കുകളെ മറ്റുള്ളവര്‍ മുഖവിലയ്ക്കെടുക്കുകയുള്ളൂ.
അതുതന്നെയാണ് ഈ തിരുവചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. പ്രവൃത്തികള്‍ മൂലം വിശ്വസിക്കുവിന്‍ എന്ന്. ആകാശത്തിലെ നക്ഷത്രങ്ങളെ കൈവെള്ളയില്‍ വാങ്ങിച്ചുതരാമെന്ന് പറയാന്‍ എളുപ്പമാണ്. അതിനെ കൈവെള്ളയില്‍ എത്തിച്ചുകൊടുക്കുമ്പോഴാണ് സ്നേഹം പൂര്‍ണ്ണമാകുന്നത്. വാക്കുകള്‍ കൊണ്ട് സ്നേഹം പ്രകടിപ്പിക്കുന്നതിനെക്കാള്‍ പ്രവൃത്തികള്‍ കൊണ്ട് സ്നേഹം പൂരിപ്പിക്കുക. സ്നേഹമുണ്ടെന്ന വിശ്വാസമാണ് പല പ്രവൃത്തികളെയും നമ്മെ പ്രേരിപ്പിക്കുന്നത്. നിറവേറ്റാന്‍ സാധ്യതയില്ലാത്ത വാക്കുകളില്‍ നിന്ന് ദൈവമേ നീഞങ്ങളെ അകറ്റിനിര്‍ത്തണമേ.പ്രവൃത്തിപഥത്തിലെത്തിക്കാന്‍ കഴിയുന്ന വാക്കുകള്‍ കൊണ്ട് ഞങ്ങളുടെ സ്നേഹം പരിപൂര്ണ്ണമാക്കണമേ.