മംഗളവാര്‍ത്താക്കാലം
പത്താം ദിവസം
അഭിവാദനം
ആ ദിവസങ്ങളില്‍ മറിയം യൂദയായിലെ മലമ്പ്രദേശത്തുളള ഒരു പട്ടണത്തിലേക്ക് തിടുക്കത്തില്‍ യാത്രപുറപ്പെട്ടു….കര്‍ത്താവ് അരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി.( ലൂക്ക 1;39-45)
ചിലരുടെ വിളി കേള്‍ക്കുമ്പോള്‍ മനസ്സിലൊരു സന്തോഷം വരാറില്ലേ? അവരുടെ സ്വരം കേള്‍ക്കുമ്പോള്‍…? അല്ലെങ്കില്‍ അവരെ കാണുമ്പോള്‍…? ജീവിതത്തിലെ നിരാശാഭരിതമായ സാഹചര്യങ്ങളില്‍ കഴിയുമ്പോള്‍ പ്രത്യേകിച്ചും? പ്രിയപ്പെട്ട ഒരാളുടെ സ്വരമോ ഫോണ്‍വിളിയോ കുശലാന്വേഷണമോ എത്തുമ്പോള്‍ മനസ്സിലെന്തൊരു ആശ്വാസമാണ്.! അതുമല്ലെങ്കില്‍ ചില സന്തോഷങ്ങളുടെ നിമിഷങ്ങളില്‍ പ്രിയപ്പെട്ട ഒരാള്‍ കൂടെയുണ്ടായിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ചുപോകാറില്ലേ.. അവരില്ലാത്തതുകൊണ്ട് സന്തോഷം പൂര്‍ണ്ണമാകാത്തതുപോലെ..ജീവിതത്തില്‍ മേല്‍പ്പറഞ്ഞ രണ്ടുതരം അനുഭവങ്ങളിലൂടെയും കടന്നുപോകാത്തവരായി ആരുമുണ്ടെന്ന് തോന്നുന്നില്ല. പ്രിയപ്പെട്ടവരുടെ സാന്നിധ്യങ്ങള്‍ നമ്മെ എല്ലാരീതിയിലും ഉണര്‍ത്താറുണ്ട്. പക്ഷേ അതിപരിചയം കൊണ്ട് സംഭവിക്കുന്ന ദുരിതങ്ങളിലൊന്ന് നാം നമ്മുടെ പ്രിയവാക്കുകളോ സംബോധനകളോ സ്‌നേഹമോ പരിഗണനയോ ഒന്നും തൊട്ട് അടുത്തുനില്ക്കുന്നവര്‍ക്ക് നല്കുന്നില്ല എന്നതാണ്. നല്ലവാക്കുകള്‍ വല്ലപ്പോഴും കണ്ടുമുട്ടുന്നവര്‍ക്ക് മാത്രം നല്കാനായി നാം നീക്കിവച്ചിരിക്കുന്നു. ഒരു പിശുക്കനെ പോലെ. പക്ഷേ യഥാര്‍ത്ഥത്തില്‍ നല്ല വാക്കുകള്‍ കൊണ്ട് അഭിവാദ്യം ചെയ്യേണ്ടതും സ്‌നേഹം പ്രസരിപ്പിക്കേണ്ടതും അടുത്തുനില്‍ക്കുന്നവര്‍ തമ്മിലാകണം. അത് ഒരു കമ്മ്യൂണിററിയിലായാലും ശരി കുടുംബത്തിലായാലും ശരി. നമ്മുടെ വാക്കുകളും സാന്നിധ്യവും മറ്റുള്ളവരിലെ നല്ലതു കൂടുതല്‍ പുറത്തുകൊണ്ടുവരാന്‍ സഹായകരമാകട്ടെ. അപ്പോള്‍ അന്ന് മറിയം വന്നപ്പോള്‍ എലിസബത്തിന് സംഭവിച്ചതുപോലെ ഒരു കുതിച്ചുച്ചാട്ടം നമ്മുടെ ജീവിതത്തിലുമുണ്ടാവും. പലതരത്തിലും രീതിയിലും.
വിഎന്‍