വലിയ കാര്യം

മംഗളവാര്‍ത്താക്കാലം

പതിനൊന്നാം ദിവസം

വലിയ കാര്യം

മറിയം പറഞ്ഞു, എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു…… പിന്നെ വീട്ടിലേക്ക് മടങ്ങി.( ലൂക്ക 1; 46-56)

ദൈവം ആരുടെ ജീവിതത്തിലാണ് വലിയ കാര്യങ്ങള്‍ ചെയ്യാത്തതായുള്ളത്? ചെയ്ത കാര്യങ്ങള്‍ വലുതോ ചെറുതോ എന്ന് നാം വിലയിരുത്തുന്നത് നമ്മുടെ കാഴ്ചപ്പാട് അനുസരിച്ചാണ്. തീരെ നിസ്സാരമെന്ന് തോന്നുന്നകാര്യങ്ങളിലുമുണ്ട് ദൈവത്തിന്റെ വലിയ കരങ്ങളുടെ ഇടപെടല്‍. പക്ഷേ നാം മിറാക്കിള്‍ എന്ന് വ്യവഹരിക്കുന്ന വിധത്തിലുളള വന്‍ കാര്യങ്ങളില്‍ മാത്രമേ ദൈവം വലിയ കാര്യങ്ങള്‍ ചെയ്തുതന്നിരിക്കുന്നതായി വിചാരിക്കുന്നുള്ളൂ എന്നതാണ് ഖേദകരം. കാന്‍സര്‍ ഭേദപ്പെട്ടു, ജോലികിട്ടി, മക്കള്‍ ജനിച്ചു, വിവാഹം നടന്നു, വീട് പണി പൂര്‍ത്തിയായി..തീര്‍ച്ചയായും അത് വലിയ കാര്യങ്ങള്‍ തന്നെയാണ്. അപ്പോള്‍ നാം പ്രാര്‍ത്ഥിക്കുന്നതും ആഗ്രഹിക്കുന്നതുമായ കാര്യങ്ങള്‍ നിവര്‍ത്തിച്ചുകിട്ടുമ്പോള്‍ മാത്രമാണോ ദൈവം വന്‍കാര്യങ്ങള്‍ ചെയ്തതായി നമുക്ക് തോന്നുന്നുള്ളോ.

എങ്കില്‍ നമ്മുടെ ആത്മീയതയ്ക്ക് എന്തോ പിശക് സംഭവിച്ചിട്ടുണ്ടെന്നാണ് തോന്നുന്നത്. മേല്‍പ്പറഞ്ഞ എല്ലാ കാര്യങ്ങളും നല്ലതും മനുഷ്യന് വേണ്ടതു തന്നെയാകുമ്പോഴും അതില്‍പെടാത്ത എത്രയോ കാര്യങ്ങളിലൂടെയും ദൈവം എന്റെയും നിന്റെയും ജീവിതത്തില്‍ വലിയ കാര്യങ്ങള്‍ ചെയ്തുതന്നിട്ടില്ലേ. ഇതെഴുതാന്‍ കഴിവു ലഭിച്ച എനിക്കും വായിക്കാന്‍ കഴിവുലഭിച്ച നിനക്കും ദൈവം വലിയ കാര്യം തന്നെയല്ലേ ചെയ്തുതന്നിരിക്കുന്നത്. മഴയുടെ സൗന്ദര്യം ആസ്വദിക്കാനും ഒരുപാട്ട് കേള്‍ക്കാനും അരികില്‍ ചേര്‍ന്നിരിക്കാന്‍ ഒരാള്‍ ഉള്ളതും എല്ലാം വലിയ കാര്യങ്ങള്‍ തന്നെയാണ്. ജീവിതത്തിലെ തീരെ ചെറിയ കാര്യങ്ങളില്‍ പോലും ദൈവത്തിന്റെ വലിയ ഇടപെടല്‍ കാണുക, കണ്ടെത്തുക.

മറിയം ചെയ്തത് അതായിരുന്നു. ലഭിച്ച കാര്യങ്ങളെ പ്രതി അവള്‍ ദൈവത്തെ വാഴ്ത്താനും തയ്യാറായി. എന്നാല്‍ നാമോ..എത്ര നന്മകളെപ്രതി നാം ദൈവത്തെ വാഴ്ത്തിയിട്ടുണ്ട്.. എത്ര നന്മകള്‍ ദൈവത്തിന്റെ വലിയ കാര്യമായി നാം വിചാരിച്ചിട്ടുണ്ട്..
വിഎന്‍