ഗാഡ്വെലൂപ്പെ മാതാവ് ദൈവത്തിന്റെ സമൃദ്ധിയും അനുഗ്രഹവും നമ്മെ ഓര്‍മ്മിപ്പിക്കുന്നു: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ദൈവികദാനം, സമൃദ്ധി, അനുഗ്രഹം എന്നിവയാണ് കന്യാമാതാവ് നമ്മെ പഠിപ്പിക്കുന്നതെന്നും ഗ്വാഡെലൂപ്പെയിലെ മാതാവിന്റെ രൂപത്തിലേക്ക് നോക്കുമ്പോള്‍ നാം തിരിച്ചറിയുന്നതും ഈ മൂന്ന് യാഥാര്‍ത്ഥ്യങ്ങളാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ഗാഡ്വെലൂപ്പെ മാതാവിന്റെ തിരുനാള്‍ ദിനമായ ഇന്ന് വിശുദ്ധ ബലി മധ്യേ സന്ദേശം നല്കുകയായിരുന്നു പാപ്പ.

കൃപകളാല്‍ അനുഗ്രഹിക്കപ്പെട്ടവളാണ് മറിയം. ഈ ദാനമാണ് ദൈവം നമുക്കായി നല്കിയിരിക്കുന്നത്. സ്പാനീഷ് ഭാഷയില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയില്‍ നാമമാത്രമായ വിശ്വാസികളേ പങ്കെടുക്കാനുണ്ടായിരുന്നുള്ളൂ.

1531 ല്‍ മെക്‌സിക്കോ സിറ്റിയിലെ ടെപ്പിയാക് കുന്നിന്‍മുകളില്‍ വിശുദ്ധജുവാന്‍ ഡിയാഗോയ്ക്ക് തദ്ദേശവാസിയായ ഒരു ഗര്‍ഭിണിയുടെ രൂപത്തിലാണ് കന്യാമാതാവ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പ്രാദേശികഭാഷയായ നഹുട്ടലിലാണ് മാതാവ് ജൂവാനോട് സംസാരിച്ചത്. ഗ്വാഡെലൂപ്പെ മാതാവിന്റെ തിരുനാള്‍ പ്രമാണിച്ച് ഇന്ന് മാര്‍പാപ്പ പ്രത്യേക ദണ്ഡവിമോചനം പ്രഖ്യാപിച്ചിരുന്നു.