മംഗളവാര്‍ത്താക്കാലം
പന്ത്രണ്ടാം ദിവസം
വിളക്ക്
വിളക്കുകൊളുത്തി ആരും നിലവറയിലോ പറയുടെ കീഴിലോ വയ്ക്കാറില്ല…. വിളക്ക് അതിന്റെ രശ്മികള്‍ കൊണ്ട് നിനക്ക് വെളിച്ചം തരുന്നതുപോലെ ശരീരം മുഴുവന്‍ പ്രകാശമാനമായിരിക്കും.( ലൂക്ക: 11; 33-36)
ശരീരത്തിന് എന്തുമാത്രം സാധ്യതകളാണ്! ഏറിയാല്‍ അറുപതോ എഴുപതോ വര്‍ഷം മാത്രം ജീവനുള്ള ഉടല് കൊണ്ട് നാം ഇക്കാലയളവില്‍ എന്തെല്ലാമാണ് ചെയ്തുകൂട്ടുന്നത്.! പിന്തിരിഞ്ഞുനോക്കുമ്പോള് ചിലപ്പോള്‍ ആത്മനിന്ദ തോന്നിിയിട്ടുണ്ട് സത്യം. ബലഹീനമായി പോയ നിമിഷങ്ങളെയോര്‍ത്ത്.. ഉടലിലെ വിളക്ക് ഊതിയണച്ചതോര്ത്ത്…
എന്നാല്‍ അടുത്ത നിമിഷം ആ ബലഹീനമായ നിമിഷങ്ങളില്‍ നിന്ന് പകര്‍ന്നുകിട്ടിയ അനുഭൂതി അത്തരമൊരു സന്ദര്ഭത്തിലേക്ക് തിരികെ നടക്കാനും പുന:സൃഷ്ടിക്കാനും തോന്നിയിട്ടുണ്ട് എന്നതും സത്യം. മനുഷ്യന് എന്നും പോരാടിക്കൊണ്ടിരിക്കുന്നത് ഉടലിനോടാണ്. അതിന്റെ ആസക്തികളോട്.. ശരീരത്തെ കഴുതയെന്ന് വിളിച്ച ആള് തന്നെ പിന്നീടൊരിക്കല്‍ പ്രലോഭനങ്ങളുടെ ദാഹങ്ങളെ ശമിപ്പിക്കാന്‍ മുള്ക്കാടുകളെ സമീപിച്ചതും ചരിത്രം. എത്രമാത്രം ആസക്തികളില്‍ നിന്ന് അകന്നുനില്ക്കാന് ശ്രമിക്കുന്നുവോ അപ്പോഴൊക്കെയാണ് അതേ ആഗ്രഹങ്ങള്‍ കൈനീട്ടി വന്നു വിളിക്കുന്നതും. പിന്നെ അതിനെപിന്തുടരാനാവാതെ വയ്യെന്ന് തോന്നും. ലോകം ആഗോളഗ്രാമമായി മാറിക്കഴിഞ്ഞ ഈ കാലത്ത് നമുക്കെന്തുമാത്രം സാധ്യതകളാണ്. ഏതൊക്കെ രീതിയിലുള്ള ഉടല്ദാഹങ്ങള്ക്കും തീ പിടിപ്പിക്കാന്‍ കഴിയുന്ന വിധത്തില്‍ കണ്ണ് ശരീരത്തിന്റെ വിളക്കാണ് എന്നെല്ലാമുള്ള തിരുവചനങ്ങളുടെ ജീവന് അപ്പോഴാണ് വ്യക്തമാകുന്നത്.
ഈ വാഴ് വില്‍ ജീവിച്ചുപോയവരും ജീവിച്ചുകൊണ്ടിരിക്കുന്നവരും ജനിക്കാനിരിക്കുന്നവരുമെല്ലാം ഉടലിന്റെ തീക്കാറ്റേറ്റ് വാടിയവരോ വാടിക്കൊണ്ടിരിക്കുന്നവരോ വാടാന്‍ സാധ്യതയുള്ളവരോ ഒക്കെയാണ്. കാരണം പാപത്തോടെയാണ് മനുഷ്യന്ജനിച്ചത്. ആസക്തികളില്‍ നിന്നാണ് എല്ലാ ജനനങ്ങളും. അത് അവനില്‍ തന്നെയുണ്ട്. പല വിധത്തിലുംരൂപത്തിലും അവനില്‍ നിന്ന് അത് പുറത്തേക്ക് വരാതിരിക്കാനാവില്ല. ആ ആസക്തി ഒരുവന് വളരുന്നത് അനുസരിച്ച് വളര്‍ന്നുകൊണ്ടേയിരിക്കും ചിലപ്പോള്‍ അവന് അതിനെ അതിജീവിക്കും. മറ്റ് ചിലപ്പോള്‍ എരിഞ്ഞുതീരും.
ഉടലിന്റെ ദാഹങ്ങളില്‍ നിന്ന് മറിയം മോചിക്കപ്പെട്ടത് അവള് ദൈവത്തിന്റെ പ്രത്യേക സൃഷ്ടിയായതുകൊണ്ടായിരുന്നു. കാരണം ദൈവത്തിന് പിറക്കാനുള്ളവളില് തിന്മയുടെ വാസന കലരുതെന്ന് ദൈവത്തിന് തീരുമാനമുണ്ടായിരുന്നു. ആ തീരുമാനത്തോട് മറിയം നൂറുശതമാനം നീതി പുലര്‍ത്തുകയും ചെയ്തു. ഇടറിപ്പോകാന്‍ സാധ്യതയുള്ളവര്‍ക്കെല്ലാം മറിയം മാതൃകയാകുന്നത് അങ്ങനെയാണ്.
അതുകൊണ്ട് ഉടലിനെ നേര്‍വഴിക്ക് നയിക്കാന്‍ കഴിയാതെ പോകുന്നവര്‍ക്കെല്ലാം മറിയമാകുന്ന വിളക്കിന്റെ സഹായത്തോടെ മുന്നോട്ടുപോകാന്‍ കഴിയും. ആ വിളക്കിനെ അതുകൊണ്ടാണ് ആരും നിലവറയിലോ പറയുടെ കീഴിലോ വയ്ക്കാത്തതും. മറിയമേ നിന്റെ പ്രകാശത്തില്‍ നടക്കാന്‍ ഞങ്ങളെ സഹായിക്കണേ
വിഎന്‍