മംഗളവാര്‍ത്താക്കാലം
പതിനാലാം ദിവസം
വില
വലിയ ജനക്കൂട്ടങ്ങള്‍ അവന്റെ അടുത്തുവന്നു. അവന്‍ തിരിഞ്ഞ് അവരോട് പറഞ്ഞു, …മണ്ണിനോ വളത്തിനോ അത് ഉപകരിക്കുകയില്ല. ആളുകള്‍ അത് പുറത്തെറിഞ്ഞുകളയുന്നു. കേള്‍ക്കാന്‍ ചെവിയുള്ളവന്‍ . കേള്‍ക്കട്ടെ(ലൂക്ക 14 25-33)
എല്ലാറ്റിനും വില കൊടുക്കണം. മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുന്ന സാധനങ്ങള്‍ക്ക് മാത്രമല്ല ജീവിതത്തില്‍ എല്ലാറ്റിനും വില കൊടുക്കണം. ഇന്ന് വന്‍ ബിസിനസ് സാമ്രാജ്യമായി മാറിയിരിക്കുന്ന ഓരോ സ്ഥാപനങ്ങളുടെയും വളര്‍ച്ചയ്ക്ക് പിന്നില്‍ അതിന് രൂപകല്പന നല്കിയ വ്യക്തികള്‍ സഹിച്ച കഷ്ടപ്പാടുകളുണ്ട്. സുഖം ത്യജിക്കലുകളുണ്ട്.വിയര്‍പ്പൊഴുക്കലുകളുണ്ട്.
ഒരു വിദ്യാര്‍ത്ഥി ഉന്നത വിജയം നേടിയത് അവന്‍ എളുപ്പത്തില്‍ നേടിയെടുത്തതാണോ. അല്ല ഒരുപാട് രാവുകള്‍ പകലുകളാക്കിയും ഒരുപാട് പകലുകള്‍ വിയര്‍ത്തൊലിച്ചും നേടിയെടുത്തതാണ് ആ വിജയം. വിജയങ്ങള്‍ക്കും നേട്ടങ്ങള്‍ക്കുമെല്ലാം വില കൊടുക്കേണ്ടതുണ്ട്. ആ വില ക്രിസ്തീയമായ കാഴ്ചപ്പാടില്‍ കുരിശുകളാണ്. കുരിശില്ലാതെ കിരീടമില്ലെന്ന ചൊല്ലുകള്‍ നോക്കൂ. ക്രിസ്തീയതയുടെ അടിസ്ഥാനം സഹനങ്ങളാണ്. ഉപേക്ഷിക്കലുകളാണ്. ശിഷ്യത്വം ആവശ്യപ്പെടുന്നത് ത്യജിക്കലുകളാണ് എന്തുമാത്രം ത്യജിക്കലുകളുണ്ടായിട്ടുണ്ടോ അത്രത്തോളം ശിഷ്യത്വം പൂര്‍ണ്ണമാകുകയാണ്.
ദൈവം മാത്രം മതിയെന്ന് പറയുന്ന ഒരുപാടു പേരുണ്ട് നമുക്ക് ചുറ്റിനും, അല്ലെങ്കില്‍ നാം തന്നെ അവരില്‍ പെടുന്നു. എന്നാല്‍ ദൈവം മാത്രം മതിയെന്ന് സ്വജീവിതത്തില്‍ പ്രവൃത്തികൊണ്ടും വാക്കുകൊണ്ടും കാണിച്ചുകൊടുക്കാന്‍ നമുക്ക് കഴിയാറുണ്ടോ. ഇല്ല എന്നതാണ് നെഞ്ചില്‍ കൈവച്ചു പറയാന്‍ കഴിയുന്ന ഒരു സാക്ഷ്യം. എന്നാല്‍ അങ്ങനെ ചിലരും ഈ വാഴ് വിലൂടെ കടന്നുപോയിട്ടുണ്ട്.
എന്നും അത്ഭുതത്തോടെ ഓര്‍ക്കുന്ന ഒരുപേരാണ് സാധുകൊച്ചുകുഞ്ഞുപദേശി. ആ ജീവിതകഥ എന്നും വിസ്മയിപ്പിച്ചിട്ടുമുണ്ട്. ദൈവമെന്‍ ഏക സമ്പത്ത് എന്ന് ഉറക്കെ പാടിയ വ്യക്തി. മംഗളവാര്‍ത്താക്കാലത്തിലൂടെ കടന്നുപോകുമ്പോള്‍ ഓരോരുത്തരും സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. ഞാന്‍ ആയിരിക്കുന്ന അവസ്ഥയുടെ പൂര്‍ണ്ണതയക്കുവേണ്ടി ഞാന്‍ എത്രത്തോളം വില കൊടുത്തിട്ടുണ്ട്.കുടുംബനാഥനും വീട്ടമ്മയും എന്ന നിലയില്‍..സന്യാസിയെന്ന നിലയില്‍..കന്യാസ്ത്രീയെന്ന നിലയില്‍..ഉദ്യോഗസ്ഥരെന്ന നിലയില്‍..ജനപ്രതിനിധിയെന്ന നിലയില്‍ സേവനകര്‍ത്താവ് എന്ന നിലയില്‍.. ഞാന്‍ എന്തുമാത്രം വില കൊടുത്തുവെന്നതാണ്, രക്തം ചിന്തിയെന്നതാണ്, വിയര്‍പ്പൊഴുക്കി എന്നതാണ് ഞാന്‍ ആയിരിക്കുന്ന അവസ്ഥയുടെ പൂര്‍ണ്ണത.
മറിയം തന്നെ അതില്‍ നമ്മുടെ മാതൃക. മറിയത്തിന് തന്റെ ശിഷ്യത്വത്തിന് എന്തുമാത്രം വില കൊടുക്കേണ്ടിവന്നു എന്നതാവട്ടെ ഈ ദിവസങ്ങളിലെ നമ്മുടെ മറ്റൊരു ചിന്ത.
വിഎന്‍