വത്തിക്കാന്‍ സിറ്റി: ക്രിസ്തീയ സന്തോഷം എളുപ്പമല്ലെന്നും എന്നാല്‍ ക്രിസ്തു കൂടെയുള്ളപ്പോള്‍ അത് സാധ്യമാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ജീവിതത്തിന്റെ കേന്ദ്രഭാഗത്ത് ക്രിസ്തുവിനെ പ്രതിഷ്ഠിച്ചുകഴിയുമ്പോള് സന്തോഷകരമായ വിശ്വാസജീവിതം നമുക്ക് സാധ്യമാകും.
പാര്‍ക്കിലൂടെ നടക്കുന്നതുപോലെയല്ല സന്തോഷകരമായ വിശ്വാസയാത്ര. എല്ലായ്പ്പോഴും സന്തോഷത്തോടെയിരിക്കുകയാണ് അത്. സ്നാപകയോഹന്നാനെ ഉദ്ധരിച്ചുകൊണ്ട് പാപ്പ തുടര്‍ന്നു, നന്നേ ചെറുപ്രായത്തിലേ എല്ലാം ത്യജിച്ചവനായിരുന്നു സ്നാപകന്. ദൈവത്തെ സ്നാപകന് പ്രഥമമായി പ്രതിഷ്ഠിച്ചു. ദൈവവചനം പൂര്‍ണ്ണഹൃദയത്തോടും സര്‍വ്വശക്തിയോടും കൂടി ശ്രവിച്ചു. ക്രിസ്തീയ സന്തോഷം ലഭിക്കണമെങ്കില്‍ ഒരുവന് സ്വയം എന്ന അവസ്ഥ കുറയ്ക്കുകയും എല്ലാറ്റിന്റെയും കേന്ദ്രമായി ക്രിസ്തുവിനെപ്രതിഷ്ഠിക്കുകയും ചെയ്യുക. ഇതൊരിക്കലും ജീവിതത്തില്‍ നിന്നുള്ള അന്യവല്‍ക്കരണമല്ല.
കാരണം ക്രിസ്തു പ്രകാശമാണ്. ജീവിതത്തിന് സര്വ്വഅര്ത്ഥവും നല്കുന്നു. പരിശുദ്ധ കന്യാമറിയം സന്തോഷകരമായ വിശ്വാസത്തിന്റെ ഉദാഹരണമാണ്. അതുകൊണ്ടാണ് നാം മറിയത്തെ സന്തോഷത്തിന്റെ കാരണമെന്ന് വിശേഷിപ്പിക്കുന്നതും. പാപ്പ പറഞ്ഞു.