ബെര്‍ഹാംപൂര്‍: മലയാളിയായി ജനിക്കുകയും ജീവിക്കുകയും ചെയ്തിട്ടും ഒഡീഷയുടെ കത്തോലിക്കാവിശ്വാസികള്‍ക്കിടയില്‍ ധ്യാനഗുരുവും എഴുത്തുകാരനുമായി ജീവിച്ച ഫാ, സൈമണ്‍ എലുവത്തിങ്കല്‍ അന്തരിച്ചു. 54 വയസായിരുന്നു. ഒഡീഷയിലെ പ്രമുഖനായ ധ്യാനഗുരുവായ ഇദ്ദേഹം ഒഡീഷ ഭാഷയില്‍ വിശ്വാസസംബന്ധമായ നിരവധി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.
ഗുരാഗോണ്‍ സീറോ മലങ്കര രൂപതയില്‍ എട്ടുമുതല്‍ 18 വരെ തീയതികളില്‍ കാറ്റക്കിസ്റ്റുകള്ക്കായി ക്ലാസുകള്‍ എടുത്തിരുന്ന അദ്ദേഹം നവംബര്‍ 22 നാണ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഡല്‍ഹി ഹോളിഫാമിലി ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. സഭയ്ക്ക് വലിയ നഷ്ടമാണ് ഫാ. സൈമണ്‍ന്റെ മരണമെന്ന് കട്ടക്ക്-ഭുവനേശ്വര്‍ അതിരൂപതയിലെ ഫാ. പ്രദീപ് ബെഹ്റ അനുശോചിച്ചു. കണ്ണുകളില്‍ നിന്ന് ഫാ. സൈമണ്‍ മറഞ്ഞാലും മനസ്സില്‍ നിന്ന് ഒരിക്കലും മായുകയില്ലെന്ന് ബെര്‍ഹാംപൂര്‍ ബിഷപ് ശരത് ചന്ദ്ര നായക് പറഞ്ഞു.
തൃശൂര്‍ കുരിയച്ചിറെ സെന്റ് പീറ്റേഴ്സ് ചര്‍ച്ചിലായിരുന്നു സംസ്കാരം. ബിഷപ് ശരത് ചന്ദ്ര നായക് സംസ്കാരചടങ്ങില്‍ പങ്കെടുക്കാനായി കേരളത്തിലെത്തിയിരുന്നു.