വത്തിക്കാന്‍ സിറ്റി: കാരുണ്യത്തിന്റെ മഹാ ഇടയനായ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഇന്ന് പിറന്നാള്‍. ദരിദ്രരോട് കൂടുതലായ പക്ഷം ചേരലും അഭയാര്‍ത്ഥികളോടും കുടിയേറ്റക്കാരോടും മനസ്സലിവുമുള്ള സ്വയം കുടിയേറ്റത്തിന്റെ പുത്രനെന്ന് വിശേഷിപ്പിക്കുന്ന ജോര്‍ജ് മരിയോ ബെര്ഗോള് ഇന്ന് 84 ാം പിറന്നാളാണ് ആഘോഷിക്കുന്നത്.
1936 ഡിസംബര്‍ 17 ന് അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സിലാണ് ജോര്‍ജ് ജനിച്ചത്. റെയില്‍വേയില്‍ അക്കൗണ്ടന്റായ മാരിയോയും വീട്ടമ്മയായ റിജീനയുമായിരുന്നു മാതാപിതാക്കള്‍. ഇറ്റലിയില്‍ നിന്ന് കുടിയേറിയവരായിരുന്നു മാതാപിതാക്കള്‍. 1958 ല്‍ ഈശോസഭയില്‍ ചേര്‍ന്നു. 1998 ല്‍ ബ്യൂണസ് അയേഴ്സിന്റെ ആര്‍ച്ച് ബിഷപ്പായി. 2013 മാര്‍ച്ച് 13 ന് ആഗോള കത്തോലിക്കാസഭയുടെ 266 ാമത്തെ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു.
ബെനഡിക്ട് പതിനാറാമന്റെ അപ്രതീക്ഷിതമായ രാജി പോലെ തന്നെ അസാധാരണതകളുണ്ടായിരുന്നു ജോര്‍ജ് മാരിയോ ബെര്ഗോളയുടെ തിരഞ്ഞെടുപ്പിനും. അന്നുവരെ ഒരു മാര്‍പാപ്പയും സ്വീകരിക്കാതിരുന്ന ഫ്രാന്‍സിസ് എന്ന പേരു സ്വീകരിച്ചുകൊണ്ട് കര്‍ദിനാള്‍ ബെര്‍ഗോളിയോ കടന്നുകയറിയത് ജനഹൃദയങ്ങളിലേക്കായിരുന്നു. അസ്സീസിയിലെ ഫ്രാന്സിന്റേതുപോലെ ജനകീയ മുഖമായിരുന്നു വത്തിക്കാനിലെ ഈ ഫ്രാന്സിസിന്റേതും. കരുണയെക്കുറിച്ചാണ് ഈപാപ്പ പറയുന്നത് മുഴുവന്‍.
കരുണയ്ക്കായി ഒരു വര്‍ഷം നീക്കിവയ്ക്കാന്‍ തീരുമാനിച്ചതിന് പിന്നിലുണ്ടായിരുന്നതും പാപ്പായുടെ ഉള്ളിലെ കരുണയുടെ വറ്റാത്ത ഉറവ തന്നെയായിരുന്നു.