നൈജീരിയ; അക്രമിസംഘം തട്ടിക്കൊണ്ടുപോയ വൈദികന്‍ മോചിതനായി

അബൂജ: നൈജീരിയായില്‍ നിന്ന് ഡിസംബര്‍ 15 നാല്‍വര്‍ സംഘം തട്ടിക്കൊണ്ടുപോയ കത്തോലിക്കാ വൈദികന്‍ ഫാ. വാലന്റൈന്‍ മോചിതനായി. ഇദ്ദേഹം അംഗമായ സഭയുടെ പത്രക്കുറിപ്പാണ് മോചനവാര്‍ത്ത പുറത്തുവിട്ടത്. തട്ടിക്കൊണ്ടുപോയവരുടെ മാനസാന്തരത്തിന് വഴിയൊരുക്കിയവരുടെ പ്രാര്‍ത്ഥനകള്‍ക്കും സര്‍വോപരി ദൈവത്തിനും നന്ദി പറയുന്നതായി കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ സണ്‍സ് ഓഫ് മേരി മദര്‍ ഓഫ് മേഴ്‌സി സെക്രട്ടറി ജനറല്‍ ഫാ. ഗുഡ്‌ലക്ക് അറിയിച്ചു.

ഡിസംബര്‍ 15 ന് രാവിലെ എട്ടുമണിക്കാണ് കുറ്റിക്കാട്ടില്‍ മറഞ്ഞിരുന്ന അക്രമികള്‍ വൈദികനെ ബലമായി തങ്ങളുടെ വാഹനത്തില്‍ കയറ്റി കൊണ്ടുപോയത്. ഡിസംബര്‍ 17 ന് നിശ്ചയിച്ചിരുന്ന പിതാവിന്റെ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാനായി പോയതായിരുന്നു ഫാ. വാലന്റൈന്‍. ബോക്കോ ഹാരം, ഐഎസ് തീവ്രവാദികളാണ് തട്ടിക്കൊണ്ടുപോകലിനും അക്രമത്തിനും കാരണക്കാരായിരിക്കുന്നത്.

എല്ലാ പൗരന്മാര്‍ക്കും ഇവര്‍ ഭീഷണിയാണെന്ന് അബൂജ ആര്‍ച്ച് ബിഷപ് ഇഗ്നേഷ്യസ് ഫേസ്ബുക്കില്‍ കുറിച്ചു.