വത്തിക്കാന്‍ സിറ്റി: ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ക്രിസ്തുമസ് ചരിത്രത്തിലെ നിര്‍ണ്ണായകമായ ഒരേടാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ദൈവം ലോകത്ത് തെളിച്ചകെടാത്ത വിളക്കാണ് അത്. രണ്ടുതരത്തിലുള്ള വിചിന്തനത്തിനായിട്ടാണ് ക്രിസ്തുമസ് നമ്മെ ക്ഷണിക്കുന്നതെന്ന് പാപ്പ വിശദീകരിച്ചു.
ചരിത്രത്തില്‍ അരങ്ങേറിയ ആത്മീയാനുഭവത്തിന്റെ പശ്ചാത്തലവും മറുവശത്ത് യഥാര്‍ത്ഥ സത്യത്തെ പകര്‍ന്നുനല്കുവാന്‍ നമ്മുടെ ഇടയിലേക്ക് കടന്നുവന്ന നമ്മെയും അവനൊടൊപ്പമുള്ള സൗഹൃദത്തിലും ജീവിതത്തിലും പങ്കാളികളാക്കുന്ന ദൈവത്തിന് നമ്മോടുള്ള അകമഴിഞ്ഞ നന്മയുടെ പശ്ചാത്തലവുമാണ് അത്. ക്രിസ്തുമസിന്റെ ലാളിത്യത്തിലൂടെയും മാനവികതയിലൂടെയുമാണ് ഇതിനുള്ള കൃപ നമുക്ക് ലഭിക്കുന്നത്. ബെദ്‌ലഹേമിലെ പുല്‍ക്കൂട്ടില്‍ മറഞ്ഞിരിക്കുന്ന എളിയവനും നിസ്സഹായനുമായ ഉണ്ണി നമ്മുക്കുവേണ്ടി മനുഷ്യനായി അവതരിച്ച ദൈവം തന്നെയാണെന്ന തിരിച്ചറിവ് നഷ്ടബോധത്തെ മറികടക്കാനും തോല്‍വികളിലും പരാജയങ്ങളിലും പകച്ചുനില്ക്കാതെ മുന്നോട്ടുപോകുവാനും സഹായിക്കും.
എല്ലാ മനുഷ്യരിലും ക്രിസ്തുവുണ്ടെന്നും പാപമല്ലാതെ വേറെയൊന്നും അവന്‍ ഉപേക്ഷിച്ചിട്ടില്ലെന്നും പാപ്പ പറഞ്ഞു.