ഇന്ന് ദൈവകരുണയുടെ തിരുനാള്‍

ഇന്ന് ദൈവകരുണയുടെ ഞായര്‍. ഈസ്റ്റര്‍ കഴിഞ്ഞുവരുന്ന ആദ്യ ഞായറാഴ്ചയാണ് കരുണയുടെ തിരുനാള്‍ ആചരിക്കുന്നത്. 2000 ഏപ്രില്‍ 30 ന് ഈസ്റ്റര്‍ കഴിഞ്ഞ ആദ്യ ഞായറാഴ്ചയാണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ലോകം മുഴുവന്‍ കരുണയുടെ ഞായറാഴ്ച ആചരിക്കണമെന്ന ആഗ്രഹം അറിയിക്കുകയും തുടര്‍ന്ന് മെയ് അഞ്ചിന് ഈസ്റ്ററിലെ രണ്ടാം ഞായര്‍ ദൈവകാരുണ്യത്തിന്റെ ഞായറായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. വിശുദ്ധ ഫൗസ്റ്റീനയുമായി ബന്ധപ്പെട്ടാണ് സഭയില്‍ ദൈവകരുണയുടെ ഭക്തി പ്രചരിച്ചത്. കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ സിസ്റ്റേഴ്‌സ് ഓഫ് ഔര്‍ ലേഡി ഓഫ് മേഴ്‌സിയിലെ അംഗമായിരുന്ന സിസ്റ്റര്‍ ഫൗസ്റ്റീനയ്ക്ക് വെള്ള മേലങ്കി അണിഞ്ഞു യേശു പ്രത്യക്ഷപ്പെട്ടത് 1931 ഫെബ്രുവരി 22 നായിരുന്നു. വെള്ളയും ചുവപ്പും നിറങ്ങളിലുളള രണ്ടു പ്രകാശ രശ്മികള്‍ ഈശോയുടെ തിരുഹൃദയത്തില്‍ നിന്നും പ്രസരിച്ചിരുന്നു. കുരിശുമരണത്തില്‍ കുത്തിത്തുറക്കപ്പെട്ട ഹൃദയത്തില്‍ നിന്നും ഒഴുകിയ ജലവും രക്തവുമാണ് ആ പ്രകാശരശ്മികള്‍ പ്രതിനിധാനം ചെയ്തത്. ഈ ചിത്രം വരയ്ക്കണമെന്നും അതില്‍ ഈശോയേ ഞാന്‍ അങ്ങയില്‍ ശരണപ്പെടുന്നു എന്ന് എഴുതിവയ്ക്കണമെന്നും ഈശോ ആവശ്യപ്പെട്ടിരുന്നു. ഇങ്ങനെയാണ് സഭയില്‍ കരുണയുടെ ഈശോയുടെ രൂപത്തിനും പ്രാര്‍്ത്ഥനയ്ക്കും ആരംഭം കുറിച്ചത്.
2000 ഏപ്രില്‍ 30 നാണ് ജോണ്‍ പോള്‍ രണ്ടാമന്‍, ഫൗസ്റ്റീനായെ വിശുദ്ധപദവിയിലേക്കുയര്‍ത്തിയത്. അതുപോലെ ദൈവകാരുണ്യത്തിന്റെ ഞായറായ 2011 മെയ് ഒന്നാം തീയതിയാണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചതും. ദൈവകാരുണ്യഭക്തി പ്രചരിപ്പിക്കുന്നവര്‍ക്ക് ഈശോ നല്കിയിരിക്കുന്ന വാഗ്ദാനങ്ങളെക്കുറിച്ചുകൂടി പറയട്ടെ ഒരു അമ്മ തന്റെ കുഞ്ഞിനെ അപകടങ്ങളില്‍ നിന്ന് എങ്ങനെ സംരക്ഷിക്കുമോ അതുപോലെ ദൈവകാരുണ്യഭക്തി പ്രചരിപ്പിക്കുന്നവരെ ഞാന്‍ സംരക്ഷിക്കും. മരണസമയത്ത് ഞാന്‍ അവരുടെ വിധിയാളനായിരിക്കുകയില്ല മറിച്ച് രക്ഷകനായിരിക്കും എന്നതാണ് അത്. അതുപോലെ കരുണയുടെ ഈശോയുടെരൂപം പ്രതിഷ്ഠിച്ച് വണങ്ങുന്ന വ്യക്തിയുടെ ആത്മാവ് ഒരിക്കലും നശിച്ചുപോകുകയില്ലെന്നും ഈശോ വാഗ്ദാനം ചെയ്തിട്ടുണ്ട്. ജീവിതത്തിലും പ്രത്യേകിച്ച് മരണസമയത്തുമുള്ള ശത്രുക്കളില്‍ നിന്ന് രക്ഷിക്കുകയും ചെയ്യും എന്നാണ് യേശുവിന്റെ വാഗ്ദാനം. ഈ ചിത്രം സ്ഥാപിച്ചു വണങ്ങുന്ന കുടുംബങ്ങളെയും നഗരങ്ങളെയും ഞാന്‍ കാത്തുകൊള്ളും എന്നും ഈശോ വാഗ്ദാനം ചെയ്തിട്ടുണ്ട്.