കൊച്ചി: ചാവറയച്ചന്റെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ ഉന്നമനത്തിനായി സമര്‍പ്പിക്കപ്പെട്ടവയായിരുന്നുവെന്ന് ചലച്ചിത്രതാരം മോഹന്‍ലാല്‍. ചാവറ ജയന്തി ദിനത്തിലാണ് മോഹന്‍ലാല്‍ ഇപ്രകാരം പറഞ്ഞത്.
താന്‍ ജീവിച്ച കാലഘട്ടത്തിന്റെ അപ്പുറത്തേക്ക് ചിന്തിക്കുകയും വരുംകാല സമൂഹത്തിന്റെ നന്മയ്ക്കായി പ്രവര്‍ത്തി്ക്കുകയും ചെയ്ത കര്‍മ്മയോഗിയായിരുന്നു ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍. പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ജാതീയമായ ഉച്ചനീചത്വങ്ങളും നിറഞ്ഞതായിരുന്നു. താഴ്ന്ന ജാതിക്കാര്‍ക്ക് വിദ്യാഭ്യാസമോ സമത്വമോ ഇല്ലായിരുന്നു. പിന്നീട് വന്ന നൂറ്റാണ്ടിലെ സാമൂഹിക പരിഷ്‌ക്കര്‍ത്താക്കള്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്കുന്ന പരിവര്‍ത്തനങ്ങള്‍ ഏറെയും തുടങ്ങിവച്ചത് ചാവറയച്ചനാണെന്ന് ചരിത്രം തിരിച്ചറിയുന്നു. സ്‌കൂളുകളില്‍ ഉച്ചക്കഞ്ഞി നടപ്പിലാക്കുകയും പെണ്‍കുട്ടികള്‍ക്കായി ബോര്‍ഡിംങ് സ്‌കൂള്‍ ആദ്യമായി സ്ഥാപിക്കുകയും ചെയ്തു അനാഥര്‍ക്കും വൃദ്ധര്‍ക്കും രോഗികള്‍ക്കുമായി ആദ്യത്തെ അഗതിമന്ദിരം തന്റെ ജന്മനാടായ കൈനകരിയില്‍ അദ്ദേഹം സ്ഥാപിച്ചു. മോഹന്‍ലാല്‍ പറയുന്നു.