മറ്റൊരാളുടെ പരിഗണന ഏറ്റെടുക്കാന്‍ ഈ വര്‍ഷം നാം പ്രതിജ്ഞാബദ്ധരായിരിക്കണം: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: മറ്റൊരാളുടെ സഹനങ്ങള്‍ക്കെതിരെ അജ്ഞത പുലര്‍ത്താനുള്ള പ്രലോഭനത്തെ അവഗണിക്കണമെന്നും അവരെ പരിഗണിക്കാന്‍ നാം പ്രതിജ്ഞാബദ്ധരായിരിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്നലെ യാമപ്രാര്‍ത്ഥനയ്ക്കിടയില്‍ സന്ദേശം നല്കുകയായിരുന്നു പാപ്പ.

2021 എന്താണ് നമുക്കായി കരുതിവച്ചിരിക്കുകയെന്ന കാര്യം നമുക്കറിയില്ല. എന്നാല്‍ നാം ഓരോരുത്തരും പൊതുനന്മ ലക്ഷ്യമാക്കി ഒരുമിച്ചുപ്രവര്‍ത്തിക്കണം. ദൈവസഹായത്താല്‍ കാര്യങ്ങളൊക്കെ ഒരുവിധം നേരെയായി വരുന്നുണ്ട്. ദുര്‍ബലരെ ജീവിതത്തിന്റെ കേന്ദ്രഭാഗമാക്കി അവരുടെ നന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാന്‍ നമുക്ക് കഴിയണം. ക്രിസ്തു നമുക്ക് വേണ്ടി പിതാവായ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നുണ്ട്. അവന്‍ ഒരിക്കലും വെറുതെ സംസാരിക്കുകയില്ല നമുക്കുവേണ്ടി സഹിച്ചതിന്റെ അടയാളങ്ങള്‍ അവനിലുണ്ട്. സുവിശേഷം പറയുന്നത് അവിടുന്ന് നമുക്കിടയിലുണ്ട് എന്നാണ്. വെറുതെ സന്ദര്‍ശിച്ചിട്ട് മടങ്ങിപ്പോകുകയല്ല അവന്‍ നമുക്കിടയിലുണ്ട്. നമ്മുടെ സന്തോഷവും സഹനവും ആഗ്രഹങ്ങളും ഭയങ്ങളും പ്രതീക്ഷയും സങ്കടങ്ങളും എല്ലാം അവനുമായി പങ്കുവയ്ക്കാന്‍ അവന്‍ ആഗ്രഹിക്കുന്നുണ്ട്.

തിരുപ്പിറവിയുടെ ദൃശ്യത്തിന് മുമ്പില്‍ എല്ലാവരും നിശ്ശബ്ദരായിരിക്കാനും പാപ്പ പ്രോത്സാഹിപ്പിച്ചു. ഭയം കൂടാതെ നാം അവനെ നമുക്കിടയിലേക്ക് വിളിക്കുക, നമ്മുടെ വീട്ടിലേക്ക്.. അവന്‍ വരുമ്പോള്‍ നമ്മുടെ ജീവിതം മാറിമറിയും. പാപ്പ പറഞ്ഞു.