കോവിഡ്; സിസ്‌റ്റൈന്‍ ചാപ്പലിലെ വാര്‍ഷിക മാമ്മോദീസാ ചടങ്ങ് പാപ്പ റദ്ദാക്കി

വത്തിക്കാന്‍സിറ്റി: പതിവുപോലെ ഞായറാഴ്ച സിസ്‌റ്റൈന്‍ ചാപ്പലില്‍ നടക്കാറുള്ള വാര്‍ഷിക മാമ്മോദീസ ഇത്തവണ കോവിഡിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കി. ഇന്നാണ് ഇതുസംബന്ധിച്ച് പരിശുദ്ധ സിംഹാസനത്തില്‍ നിന്നുള്ള ഔദ്യോഗിക അറിയിപ്പ് ലഭിച്ചത്. ഈശോയുടെ മാമ്മോദീസാ തിരുനാളില്‍ പതിവുപോലെ സിസ്‌റ്റൈന്‍ ചാപ്പലില്‍ നടത്തിവരാറുള്ള മാമ്മോദീസാ ചടങ്ങ് കോവിഡ് പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് റദ്ദാക്കിയിരിക്കുന്നതെന്ന് പത്രക്കുറിപ്പില്‍ പറയുന്നു.

യൂറോപ്പില്‍ വച്ചേറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ഇറ്റലിയിലാണ്. 75,000 മരണങ്ങളാണ് ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രണ്ടാം വട്ട കോവിഡിന്റെ മുമ്പില്‍ കര്‍ശനമായ മുന്‍കരുതലുകളാണ് ഇറ്റലി സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ഈശോയുടെ ജ്ഞാനസ്‌നാന ദിവസം സിസ്‌റ്റൈന്‍ ചാപ്പലില്‍ മാമ്മോദീസാ ചടങ്ങ് നടത്തുന്ന പതിവിന് തുടക്കം കുറിച്ചത്.

കഴിഞ്ഞവര്‍ഷം 32 കുട്ടികളുടെ മാമ്മോദീസായാണ് ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയത്.