കോവിഡ് മുക്തയായ മലയാളി കന്യാസ്ത്രീ പ്ലാസ്മ ദാനം ചെയ്തു

മുംബൈ: ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്ററും നഴ്‌സും ഒക്കെയായിരുന്നിട്ടും സിസ്റ്റര്‍ സ്‌നേഹ ജോസഫിന്റെ ഏറ്റവും വലിയ ഭയം കോവിഡ് ബാധിതയായി ശ്വാസം കി്ട്ടാതെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കപ്പെടുമോ എന്നതായിരുന്നു. അവിടെ കയറിയാല്‍ പിന്നെ ജീവിതത്തിലേക്ക് ഒരു മടങ്ങിവരവില്ലെന്നും വിചാരിച്ചിരുന്നു. എങ്ങനെയായിരിക്കും മരിക്കുക എന്നും വെറുതെ സങ്കല്പിച്ചുനോക്കി. സിസ്റ്റര്‍ സ്‌നേഹ പറയുന്നു.

ഒടുവില്‍ സിസ്റ്ററും രോഗബാധിതയായി. പക്ഷേ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കപ്പെട്ടില്ല. പതിനെട്ടു ദിവസത്തെ ചികിത്സയ്ക്ക് ശേഷം രോഗവിമുക്തയായി. അപ്പോഴാണ് കോവിഡ് രോഗികളുടെ ജീവന്‍ രക്ഷിക്കാനായി കോണ്‍വാല്‍സെന്റ് പ്ലാസ്മ ദാനം ചെയ്യാന്‍ സിസ്റ്റര്‍ തയ്യാറായിരിക്കുന്നത്. ഒരു ആന്തരികസ്വരമാണ് എന്നെ ഇതിന് പ്രേരിപ്പിച്ചത്. സിസ്റ്റര്‍ പറയുന്നു. മഹാരാഷ്ട്ര ഗവണ്‍മെന്റ് സിസ്റ്ററെ നവംബര്‍ ഒന്നിന് കോവിഡ് 19 പോരാളിയായി ആദരിച്ചിരുന്നു. ഞാന്‍ നിങ്ങളെയോര്‍ത്ത് അഭിമാനം കൊള്ളുന്നു.

നിങ്ങളുടെ നിസ്വാര്‍ത്ഥമായ സേവനത്തിന് നന്ദി. ആദരം നല്കി ഗവര്‍ണര്‍ ഭഗത് സിംങ് കോഷ്യാരി പറഞ്ഞു. അന്ധേരിയിലെ ഹോളി സ്പിരിറ്റ് ഹോസ്പിറ്റലിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായിട്ടാണ് 57 കാരിയായ സിസ്റ്റര്‍ ഇപ്പോള്‍ സേവനം ചെയ്യുന്നത്. കോവിഡിനെ ഞാന്‍ ഭയന്നിരുന്നുവെന്നത് സത്യമാണ്. പക്ഷേ ദൈവത്തിന് എനിക്ക് ആരോഗം തന്നതിനെക്കുറിച്ച് പ്രത്യേക പദ്ധതിയുണ്ടായിരുന്നു സിസ്റ്റര്‍ അങ്ങനെയാണ് ഇപ്പോള്‍ വിശ്വസിക്കുന്നത്. ഇതിന് മുമ്പ്‌നിരവധി തവണ സിസ്റ്റര്‍ രക്തദാനം നടത്തിയിട്ടുണ്ട്.

ഒരു കന്യാസ്ത്രീയായിരുന്നില്ലെങ്കില്‍ ഞാനൊരിക്കലും പ്ലാസ്മ ദാനം ചെയ്യുമായിരുന്നില്ല, എന്റെ ദൈവവിളിയാണ് ഇതിന് എന്നെ പ്രേരിപ്പിച്ചത്. എന്നാല്‍ എന്‌റെ ഈദാനത്തിന് എന്തിനാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. സിസ്റ്റര്‍ പുഞ്ചിരിയോടെ പറയുന്നു.