വൈദികരുടെ ജീവിതവിശുദ്ധിയും അച്ചടക്കവും പാലിക്കപ്പെടുന്നതിന് മെത്രാന്മാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

കാക്കനാട്: വൈദികരുടെ ജീവിതവിശുദ്ധിയും അച്ചടക്കവും പാലിക്കപ്പെടുന്നതിന് മെത്രാന്മാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ സഭയുടെ 29 ാമത് സിനഡിന്റെ ഒന്നാം സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദികരും സമര്‍പ്പിതരും സെമിനാരിക്കാരും ക്രിസ്തുകേന്ദ്രീകൃതമായ ജീവിതമാണ് നയിക്കേണ്ടത്. സഭയിലുള്ള എല്ലാ ഉത്തരവാദിത്ത്വ നിര്‍വണങ്ങളിലും ഈ ആത്മീയസമീപനം നഷ്ടപ്പെടരുത്. രാജ്യത്തെ രാഷ്ട്രീയ സാമ്പത്തിക സാഹചര്യങ്ങള്‍ ആശങ്കയുളവാക്കുന്നതാണ്.

ജനങ്ങളുടെ സഹനങ്ങളില്‍ ആശ്വാസം നല്കുന്നതിനായിരിക്കണം സഭയുടെ പ്രാഥമിക മുന്‍ഗണന. അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഇന്നലെ ആരംഭിച്ച സിനഡ് ജനുവരി 16 ന് സമാപിക്കും. മുന്‍കൂട്ടി നിശ്ചയിച്ച വിഷയങ്ങളാണ് സമ്മേളനം ചര്‍ച്ച ചെയ്യുന്നത്. ഭാരതത്തിനകത്തും പുറത്തും സേവനം ചെയ്യുന്നതും വിരമിച്ചവരുമായ 63 മെത്രാപ്പോലീത്തമാരും മെത്രാന്മാരുമാണ് സിനഡില്‍ പങ്കെടുക്കുന്നത്.