കാക്കനാട്: സീറോ മലബാര്‍ സഭയുടെ കുര്‍ബാനയുടെ പരിഷ്ക്കരിച്ച ക്രമം മാര്‍പാപ്പയുടെ അംഗീകാരത്തോടെ വൈകാതെ പ്രസിദ്ധീകരിക്കും. സീറോമലബാര്‍ സിനഡ് അറിയിച്ചതാണ് ഇക്കാര്യം. കഴിഞ്ഞ ആറുദിവസമായി ഓണ്‍ലൈനിലൂടെ നടന്ന സിനഡില്‍ രൂപതകളുടെ ചുമതലയുളളവരും വിരമിച്ചവരുമായ 59 മെത്രാന്മാര് പങ്കെടുത്തു.
സിനഡ് കൈക്കൊണ്ട മറ്റ് തീരുമാനങ്ങള്‍:
സീറോ മലബാര്‍ കുര്‍ബാനയിലെ വചന വായനക്കായി രണ്ടാമതൊരു വായനാ കലണ്ടറിന് കൂടിപരീക്ഷണാര്ത്ഥം സിനഡ് അംഗീകാരം നല്കി. സഭയില്‍ ആഘോഷിക്കപ്പെടുന്ന തിരുനാളുകളുടെ പ്രാധാന്യമനുസരിച്ചുള്ള പട്ടികയും സിനഡ് അംഗീകരിച്ചു. മൃതശരീരങ്ങള്‍ ദഹിപ്പിക്കുന്നതിന് സഭാനിയമപ്രകാരം അനുവാദമുള്ളതിനാല്‍ പ്രസ്തുത സാഹചര്യങ്ങളില്‍ അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങളുടെ ക്രമത്തിനും സിനഡ് അംഗീകാരം നല്കി. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് മേജര്‍ ആര്‍ച്ച് ബിഷപ്പിനെതിരെ നല്കപ്പെട്ടിരുന്ന പരാതികള്‍ നിലനില്ക്കുന്നവയല്ല എന്ന പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ സിനഡ് സംതൃപ്തി രേഖപ്പെടുത്തി.