നൈജീരിയായില്‍ നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട കത്തോലിക്കാ വൈദികന്‍ മരിച്ച നിലയില്‍

നൈജീരിയ: ജനുവരി 15 ന് അക്രമികള്‍ തട്ടിക്കൊണ്ടുപോയ നൈജീരിയായിലെ കത്തോലിക്കാ വൈദികന്‍ ഫാ. ജോണ്‍ ഗബാക്കാനെ മരിച്ച നിലയില്‍ കണ്ടെത്തി. മാക്കുര്‍ഡിയില്‍ അമ്മയെ കാണാന്‍ പോയി തിരികെ വരുമ്പോഴാണ് സഹോദരനൊടൊപ്പം വൈദികനെ അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. ശനിയാഴ്ചയാണ് വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇപ്പോഴും അദ്ദേഹത്തിന്റെ സഹോദരനെക്കുറിച്ച് വിവരൊന്നും ലഭ്യമായിട്ടില്ല. ഡിസംബര്‍ 27 ന് ഓവേറിയിലെ സഹായ മെത്രാന്‍ ബിഷപ് മോസസിനെ അക്രമികള്‍ തട്ടിക്കൊണ്ടുപോയെങ്കിലും പിന്നീട് അഞ്ചു ദിവസങ്ങള്‍ക്ക് ശേഷം വിട്ടയച്ചിരുന്നു.

ഡിസംബര്‍ 15 ന് ഫാ. വാലന്റൈനെ അക്രമികള്‍ തട്ടിക്കൊണ്ടുപോയെങ്കിലും തൊട്ടടുത്തദിവസം അദ്ദേഹത്തെയും വിട്ടയച്ചിരുന്നു. നവംബറില്‍ ഫാ. മാത്യു ഡാജോയെ അക്രമികള്‍ അബൂജയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി പത്തുദിവസങ്ങള്‍ക്ക് ശേഷം വിട്ടയച്ചിരുന്നു. ഇപ്പോള്‍ നൈജീരിയായിലെ ആളുകള്‍ കൂടുതലും ഭയത്തിലാണ് കഴിഞ്ഞുകൂടുന്നത്. പ്രത്യേകിച്ച് വൈദികരും ക്രൈസ്തവരും, നിരവധി വൈദികരെ ഇതിനകം തട്ടിക്കൊണ്ടുപോയിട്ടുണ്ട്. എന്നാല്‍ പിന്നീട് വിട്ടയ്ക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ ഫാ. ജോണ്‍ ഗബാക്കന്റെ മരണത്തോടെ വൈദികരുടെ സുരക്ഷയെക്കുറിച്ച് കൂടുതല്‍ ആശങ്കകള്‍ ഉയര്‍ന്നിരിക്കുകയാണ്.