വത്തിക്കാന്‍ സിറ്റി: ഒരു സമൂഹത്തില്‍ വിഭജനം സൃഷ്ടിക്കുന്നത് പ്രധാനമായും മൂന്നു കാരണങ്ങള്‍ കൊണ്ടാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇടവകസമൂഹത്തിലോ രൂപതാ സമൂഹത്തിലോ വൈദികരുടെയിടയിലോ സ്ത്രീകളുടെയോ പുരുഷന്മാരുടെയോ കമ്മ്യൂണിറ്റിയിലോ എല്ലാം വിഭജനത്തിന് പല കാരണങ്ങളുണ്ടെങ്കിലും പ്രധാനമായും മൂന്നു കാരണങ്ങളാണെന്നും പാപ്പ നിരീക്ഷിച്ചു. ഒന്നാമത്തെ കാരണം പണമാണ്, പണം സമൂഹത്തിലും സഭയിലും വിഭജനങ്ങള്‍ സൃഷ്ടിക്കുന്നു. പണാധികാരം, രാഷ്ട്രീയാധികാരം ഇതെല്ലാം വിഭജനങ്ങള്‍ സൃ,ഷ്ടിക്കുന്നു. സ്വന്തം താല്പര്യങ്ങള്‍ കുടുംബങ്ങളില്‍ വിഭജനം സൃഷ്ടിക്കുന്നു. മറ്റൊന്ന് പൊങ്ങച്ചമാണ്, നാം ഓരോരുത്തരുടെയും വിചാരം അവനെക്കാള്‍ ഞാന്‍ ഭേദമാണ് എന്നതാണ്, ഫരിസേയന്റെ പ്രാര്‍ത്ഥന തന്നെ ഉദാഹരണം. ഞാനെന്തോ ആണെന്ന് ഞാന്‍ ചിന്തിക്കുന്നു. പ്രവൃത്തിയില്‍,വേഷത്തില്‍ എല്ലാം പൊങ്ങച്ചം കടന്നുവരുമ്പോള്‍ അവിടെ വിഭജനമുണ്ടാകുന്നു. മൂന്നാമത്തേത് മറ്റുള്ളവരെക്കുറിച്ച് ദുഷിച്ചു സംസാരിക്കുന്നതാണ്. ഇതിനെക്കുറിച്ച് ഞാന്‍ ഇതാദ്യമായല്ല സംസാരിക്കുന്നത്. പക്ഷേ യാഥാര്‍ത്ഥ്യം അതാണ്. നല്ല വ്യക്തിയാണ് അയാള്‍.പക്ഷേ..ഇങ്ങനെയാണ് നാം മറ്റുള്ളവരെക്കുറിച്ച് സംസാരിക്കുന്നത്. പരിശുദ്ധാത്മാവ് നമ്മിലേക്ക് കടന്നുവരുമ്പോള്‍ മാത്രമേ ലോകത്തിന്റേതായ ഇത്തരം കാര്യങ്ങളില്‍ നിന്ന് നമുക്ക് രക്ഷപ്പെടാനാവൂ എന്നും പാപ്പ പറഞ്ഞു.