ഭീകരാക്രമണം; ശ്രീലങ്കന്‍ ഗവണ്‍മെന്റിനെതിരെ വൈദികന്‍

കൊളംബോ: കഴിഞ്ഞ വര്‍ഷം ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ദേവാലയങ്ങളിലും ഹോട്ടലുകളിലുമായി നടന്ന ഭീകരാക്രമണത്തില്‍ ഗവണ്‍മെന്റിനെ വിമര്‍ശിച്ചുകൊണ്ട് വൈദികന്‍. കൃത്യമായ അന്വേഷണം നടത്തുന്നതില്‍ ഗവണ്‍മെന്റ് പരാജയപ്പെട്ടിരിക്കുന്നതായിട്ടാണ് ഫാ. നിശാന്‍ന്ത കൂറൈ ആരോപിച്ചിരിക്കുന്നത്.2019 ഏപ്രില്‍ 21 നായിരുന്നു ലോക മനസാക്ഷിയെ നടുക്കിയ ഭീകരാക്രമണം നടന്നത് 259 പേര്‍ കൊല്ലപ്പെടുകയും അഞ്ഞൂറിലധികം ആളുകള്‍ക്ക് പരിക്കുകള്‍ ഏല്ക്കുകയും ചെയ്തിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് 135 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്, എന്നാല്‍ അന്വേഷണം പര്യാപ്തമായ രീതിയില്‍ അല്ല എന്നാണ് ഫാ. കൂറൈ പറയുന്നത്. അന്വേഷണത്തെ ഗവണ്‍മെന്റ് ഗൗരവത്തിലെടുക്കുന്നില്ല. തന്മൂലം ഭാവിയില്‍ ഇനിയും ആക്രമണങ്ങള്‍ ഉണ്ടായേക്കാനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളയുന്നില്ല. കഴിഞ്ഞ വര്‍ഷത്തെ ഭരണാധികാരികളുടെ അതേ ശൈലിയില്‍ അതേ രീതിയില്‍ തന്നെയാണ് പുതിയ ഗവണ്‍മെന്റിന്റെയും സഞ്ചാരം. മുസ്ലീം രാഷ്ട്രീയപ്രവര്‍ത്തകരെ പിണക്കാന്‍ അവരാരും തയ്യാറാകുന്നില്ല. ചതിക്കപ്പെട്ടതുപോലെയുള്ള അനുഭവമാണ് തങ്ങള്‍ക്കുള്ളതെന്നും അച്ചന്‍ വ്യക്തമാക്കി. സ്വതന്ത്ര കമ്മീഷനെ നിയമിച്ച് അന്വേഷണം നടത്തണമെന്ന് ഇതിനകം പലതവണ ശ്രീലങ്കയിലെ മെത്രാന്‍ സമിതി ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.