കോവിഡ് വ്യാപകമാകുന്നു, പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് മെക്‌സിക്കോയിലെ ഡൊമിനിക്കന്‍ കന്യാസ്ത്രീകള്‍

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോ സിറ്റിയിലെ സെന്റ് കാതറിന്‍ ഓഫ് സിയന്ന മൊണാസ്ട്രിയിലെ ഡൊമിനിക്കന്‍ കന്യാസ്ത്രീകള്‍ ലോകമെങ്ങുമുള്ള കത്തോലിക്കരോട് പ്രാര്‍ത്ഥനാസഹായം അഭ്യര്‍ത്ഥിക്കുന്നു. 24 അംഗങ്ങളുള്ള കോണ്‍വെന്റില്‍ 10 പേരും കോവിഡ് ബാധിതരായി മാറിയ സാഹചര്യത്തിലാണ് കന്യാസ്ത്രീകള്‍ പ്രാര്‍ത്ഥനാസഹായം ചോദിച്ചിരിക്കുന്നത്.

87 വയസുള്ള സിസ്റ്റര്‍ തെരേസ കൊറോണാഡോ കഴിഞ്ഞ ആഴ്ചയിലാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. രണ്ടു കന്യാസ്ത്രീകള്‍ ഗുരുതരാവസ്ഥയില്‍ ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. മറ്റുള്ളവരുടെ അവസ്ഥ മാറ്റമില്ലാതെ തുടരുകയാണ്. കേക്ക്, ബ്രഡ് എന്നിവയുടെ നിര്‍മ്മാണവും വിതരണവും നടത്തി ഉപജീവനം കണ്ടെത്തുന്നവരാണ് ഇവര്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ സാമൂഹികാകലവും മറ്റും പാലിക്കേണ്ടതുകൊണ്ട് ഇവരുടെ സാമ്പത്തികസ്ഥിതിയും പരുങ്ങലിലായിരിക്കുകയാണ്.

മെക്‌സിക്കോയില്‍ 1.8 മില്യന്‍ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 153,000 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 166 വൈദികരും 11 കന്യാസ്ത്രീകളും പെടും.